കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരുടെ നിരക്ക് കുറച്ചേക്കും


ന്യൂഡല്‍ഹി: കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ താരിഫ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. രാജ്യത്ത് ആവശ്യത്തിലധികം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് പുതിയ തീരുമാനം നടപ്പാക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നത്.

നിലവില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍നിന്ന് കൂടുതല്‍ തുകയാണ് ഈടാക്കിവരുന്നത്. സംസ്ഥാനങ്ങളില്‍ വൈദ്യുതി ലഭ്യത കുറവുള്ളതിനാലായിരുന്നു ഊര്‍ജ ഉപയോഗത്തിനനുസരിച്ച് കൂടുതല്‍ തുക ഈടാക്കിയിരുന്നത്. എന്നാല്‍ വൈദ്യുതി ഉത്പാദനം വര്‍ധിച്ചതിനാല്‍ ഈ രീതി തുടരേണ്ടെന്നാണ് ഇത് സംബന്ധിച്ച് പഠനം നടത്താന്‍ നിയമിച്ച സമിതിയുടെ നിലാപാട്.

ജനുവരി അവസാനത്തോടെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന് സമര്‍പ്പിക്കും. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി ചെയര്‍മാന്‍, സെന്‍ട്രല്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ സെക്രട്ടറി, ഫിക്കി പ്രസിഡന്റ്, ബിഹാര്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ എനര്‍ജി വിഭാഗം സെക്രട്ടറിമാര്‍, മധ്യപ്രദേശ്, ഗുജറാത്ത്, യുപി എന്നിവിടങ്ങളിലെ പ്രിസിപ്പല്‍ എനര്‍ജി സെക്രട്ടറിമാര്‍ എന്നിവരടങ്ങിയതാണ് സമിതി.

You must be logged in to post a comment Login