കൂടു നഷ്ടപ്പെട്ടവര്‍ക്കായ് കൂടു കൂട്ടാനൊരു ചില്ല

  • ജിഫിന്‍ ജോര്‍ജ്

‘I never teach my pupils, I only attempt to provide the conditions in which they can learn.’  ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

week end 0

കുട്ടികളിരിക്കുന്ന ക്ലാസിനു മുകളില്‍ മേല്‍ക്കൂര വേണ്ടെന്നും ആകാശം അതിരാക്കാനും പറഞ്ഞതു ടാഗോറായിരുന്നു. നിലനില്‍ക്കുന്ന വ്യവസ്ഥിതിക്കപ്പുറം അതിരുകള്‍ക്കപ്പുറം ചിന്തിക്കാനായിരുന്നു അത്. അതിരുകള്‍ നിശ്ചയിക്കുന്നതായ ഇന്നിന്റെ വ്യവസ്ഥയെ ഭേദിച്ചു പുതിയ കാലത്തെ സൃഷ്ടിക്കാനും കാലത്തെ അപ്്‌ഡേറ്റഡാക്കാനുമുള്ള പ്രക്രിയയാണല്ലോ വിദ്യാഭ്യാസം. എന്നാലിവിടെ ജനിക്കുമ്പോള്‍ തന്നെ പഠനത്തിനു പോകാനാവാതെ സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടു പോകുന്ന മനുഷ്യ ജീവിതങ്ങളുണ്ട്. ശരിയായ പരിതസ്ഥിതിയില്‍ അറിവും സ്‌നേഹവും ലഭിക്കാത്തവര്‍. ലൈംഗീകത്തൊഴിലാളികളുടെ മുതല്‍ കൊലപാതകികളുടെ മക്കള്‍ വരെ ആ ഗണത്തില്‍ വരാം. വീടും ഇടങ്ങളും നഷ്ടമായി. കുടുംബത്തില്‍ നിന്നും നാട്ടില്‍ നിന്നും വേര്‍പെട്ടു പോകുന്നവര്‍ .ഇവരുടെ കുട്ടികളുടെ ജീവിതാവസ്ഥയെപ്പറ്റി സമൂഹം ഒരിക്കലും ചിന്തിക്കാറില്ല. ഒരു മാധ്യമങ്ങളിലും ചര്‍ച്ചയാകുന്നുമില്ല.

ഇത്തരത്തില്‍ കൂടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി കൂട്ടുകൂടാനൊരു ഇടമൊരുക്കുകയാണ് സാമൂഹ്യപ്രവര്‍ത്തകനായ അനില്‍ അര്‍ജ്ജുന്‍ ഡയറക്ടറായ ചില്ല എന്ന സംഘടന. തിരുവനന്തപുരം കേന്ദ്രമാക്കി 2000 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം ലൈംഗീക തൊഴിലാളികള്‍, എച്ച് ഐ വി ബാധിതര്‍ തുടങ്ങിയവരുടെ കുട്ടികളെ സംരക്ഷിക്കുകയും അവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്നു. ഇപ്പോള്‍ ഈ സ്ഥാപനത്തില്‍ പതിനേഴോളം കുട്ടികള്‍ താമസിച്ചു പഠിക്കുന്നുണ്ട്. ഒന്നാം ക്ലാസ് മുതല്‍ പഠിച്ചു ബിടെക്ക് വരെയെത്തി വലുതായ കുട്ടികള്‍ വരെ ചില്ലയിലുണ്ട്. ഒരു സമ്പന്നവര്‍ഗ്ഗത്തിന്റെയും സ്‌കൂളുകളില്‍ പഠിക്കാതെ നമ്മുടെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ തന്നെയാണ് ഈ കുട്ടികള്‍ പഠിക്കുന്നതും അറിവു നേടുന്നതും. ഒരിക്കലും മാറ്റിനിര്‍ത്തപ്പെടാതെ പൊതു സമൂഹത്തോടു ചേര്‍ന്നവര്‍ കളിച്ചു വളരുന്നു. ഇവരുടെ രക്ഷിതാക്കള്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും പുറന്തള്ളപ്പെട്ടവര്‍ ആയിരിക്കും. ഇവരുടെ കുട്ടികളെ തെറ്റു ചെയ്തവരായി കാണാതെ അവരോടു സ്‌നേഹത്തില്‍ പെരുമാറുകയും ധാര്‍മ്മികതയോടെ വളര്‍ത്തുകയാണ് ചില്ല ചെയ്യുന്നത്. ജീവിതാവസാനം വരെ പഠിക്കാനും വളരാനും സഹായിക്കുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നു.

തികഞ്ഞ ലക്ഷ്യബോധത്തോടെ സംസാരിക്കുന്ന ഡയറക്ടറായ അനിലിന്റെ വാക്കുകളില്‍ ദീര്‍ഘവീക്ഷണത്തിന്റെ സ്പര്‍ശം കൂടിയുണ്ട്.  താനാരെന്നുള്ള സാമൂഹ്യബോധം രൂപപ്പെട്ടു വരുന്നതായ പ്രായത്തിനു മുമ്പ് കുട്ടികള്‍ക്ക് തങ്ങളുടെ രക്ഷിതാക്കളുടെ സോഷ്യല്‍സ്റ്റാറ്റസിനെപ്പറ്റി യാതൊരു വിധത്തിലുള്ള ബോധമോ ചിന്തയോ ഉണ്ടാകുന്നില്ല. ആദ്യഘട്ടത്തില്‍ കുട്ടിയുടെ മനസില്‍ സര്‍വ്വ ചരാചരങ്ങളെയും മനുഷ്യനെയും സ്‌നേഹിക്കുന്ന ശിശുമനസ്സായിരിക്കും. വളര്‍ന്നു പുത്തന്‍ അറിവുകള്‍ സ്വായത്തമാക്കുകയും അറിവിടങ്ങളായ വിദ്യാലയങ്ങളിലേക്ക് പോകുകയും ചെയ്യാന്‍ തുടങ്ങുമ്പോഴാണു സ്വന്തം സാമൂഹ്യ നിലവാരത്തെ കുറിച്ചുള്ള ബോധം അവരില്‍ ഉണ്ടാകുക. സമൂഹം അവരെ എപ്രകാരം നോക്കിക്കാണുന്നു എന്നതിനെക്കുറിച്ചും. വേശ്യയുടെ മകനെന്നു (വെപ്പാട്ടിപ്പുള്ളയെന്നു തമിഴില്‍ തികച്ചും സ്വഭാവികമായി പറയുന്നതു കേട്ടിട്ടുണ്ട്). മുദ്രകുത്തുന്നു. എച്ച്.ഐ.വി. ബാധിതരായവരുടെ കുട്ടികള്‍ക്കു സമൂഹം നല്‍കുന്നതു ഭ്രഷ്ടായിരിക്കും. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് കുറ്റവാളിയാകേണ്ടി വരുന്ന കുട്ടികളുടെ സ്ഥിതിയും ഭിന്നമല്ല. വ്യവസ്ഥിതിയുടെ തടവറകള്‍ക്കപ്പുറം പുറത്തേക്ക് പോകാനായി അവര്‍ക്ക് ഇടങ്ങള്‍ നഷ്ടപ്പെടുന്നു. പിന്നീടവര്‍ വലിച്ചെറിയപ്പെടുന്നത് സമൂഹത്തിന്റെ പുറമ്പോക്കുകളിലേക്കാണ്. ആഗോളീകരണവും കോര്‍പ്പറേറ്റ്‌വത്കരണവും ഉണ്ടാക്കിയെടുത്ത മെട്രോ നഗരങ്ങള്‍ക്കും കൂറ്റന്‍ കെട്ടിടങ്ങള്‍ക്കും ഒപ്പം പാര്‍വശ്വവത്ക്കരിക്കപ്പെട്ട വലിയൊരു സമൂഹം ധാരാവിയിലും ചുവന്ന തെരുവിലും സോണ ഗച്ചിയിലും മുതല്‍ മട്ടാഞ്ചേരിയിലും ചെങ്കല്‍ചൂളയിലും വരെ ജനിക്കുന്നുണ്ട് എന്ന സത്യം മറക്കാതിരിക്കുക.

ആ ചെളിക്കുണ്ടില്‍ ജനിച്ചു വീഴുന്നൊരു കുട്ടിയ്ക്കായി ചില്ല അഭയമൊരുക്കുന്നു. പഠിപ്പിക്കാനായി വിദ്യാലയത്തിലേക്കു ബാഗും സ്‌ളേറ്റും പെന്‍സിലും നല്‍കി വിടുന്നു, ജീവിതത്തിന്റെ കയ്യക്ഷരം നല്ലതാക്കുവാന്‍. ഒരു വിദ്യാലയത്തിന്റെ വാതില്‍ തുറക്കുമ്പോള്‍ ആയിരം തടവറകള്‍ തകര്‍ക്കപ്പെടുന്നുവെന്ന് വിക്ടര്‍ ഹ്യൂഗോ ഓര്‍മ്മിപ്പിക്കുന്നതും അതിനാലാണ്. ദുഷിച്ച വ്യവസ്ഥിതിയില്‍ ബന്ധിതമായ ചങ്ങലകളെ തകര്‍ക്കുകയും പുതിയ ലോകത്തിലേക്ക് അതിനെ പരിണമിപ്പിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസം ചില്ലയിലെ ഓരോ കുട്ടികളെയും െൈകപിടിച്ചുയര്‍ത്തുന്നത് മുഖ്യധാരയിലേക്കാണ്. മറ്റുള്ളവര്‍ക്കു മുന്നില്‍ അന്തസ്സോടെ നടക്കാനും ജീവിക്കാനും. ചില്ലയിലെ കുട്ടികള്‍ കഴുത്തറപ്പന്‍ ഫീസ് കൊടുത്തു സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിക്കുന്നില്ല. സ്വാമിയുടേയും പാതിരിയുടെയും മുസ്ലിയാരുടെയും മുതലാളിമാരുടെയും വിവേചനാപ്രീയമായ ഇടങ്ങളില്‍ പോകേണ്ടതില്ലല്ലോ. ”പക്ഷെ ഇവിടെ ഉയര്‍ന്ന ശമ്പളം വാങ്ങുമ്പോഴും ഗവണ്‍മെന്റ് സ്‌കൂളുകളിലെ അധ്യാപകര്‍ അര്‍പ്പണബോധത്തോടെ ജോലി ചെയ്യുന്നില്ല.
കുട്ടികള്‍ക്ക് ഏഴാംക്ലാസ് പിന്നിട്ടും എഴുതാനും വായിക്കാനും അറിയില്ല. ആര്‍ജ്ജിച്ച കാര്യങ്ങളെ അപഗ്രഥിക്കാനും വിശകലനം ചെയ്യാനും ഉത്തരത്തില്‍ എത്താനും കഴിയുന്നില്ല. ഇതിനൊക്കെ പ്രാപ്തമാണെന്നു പറയുന്നെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ അത് കാണുന്നില്ല. അധ്യാപകര്‍ സ്വന്തം ഉത്തരവാദിത്വം ബോധപൂര്‍വ്വം മറന്ന് വെറും ശമ്പളം വാങ്ങിക്കുന്ന ഉളുപ്പില്ലാത്ത ആളുകളായി തീരുന്നതാണ് വലിയ പ്രശ്‌നം.” മുന്നിലെ കാപട്യത്തെ കണ്‍തുറന്നു കണ്ടുള്ള അനിലിന്റെ നിരീക്ഷണം കുറച്ചെങ്കിലും അധ്യാപകര്‍ ശ്രദ്ധിച്ചാല്‍ നന്നായിരുന്നു.

വിദ്യാഭ്യാസ രംഗത്തെ ലിബറല്‍ വഴികളിലൂടെ നീങ്ങുന്ന ചില്ലയുടെ പുതിയ പദ്ധതിയായ ജീവിതശേഷി വിദ്യാഭ്യാസകേന്ദ്രവും (Centre For Life Skill Education ) ഏറെ സവിശേഷതകള്‍ നിറഞ്ഞതാണ്. തികച്ചും പുതുമയാര്‍ന്നൊരു അവധിക്കാല ക്യാമ്പോടെ ആണത് ആരംഭിച്ചത്. ചില്ലയിലെയും പുറത്തു നിന്നുള്ള കുട്ടികളെയും ഉള്‍പ്പെടുത്തി വ്യക്തിത്വ വികാസം മുതല്‍ സിനിമയും നാടകവും കളികളും വരെ പഠിപ്പിക്കുന്ന ക്യാമ്പിലേക്ക് അവധിക്കാലത്ത് ആവേശത്തോടെയാണ് കുട്ടികളെത്തിയത്. ക്ലാസ്സിലും കളികള്‍ക്കിടയിലും ആണ്‍- പെണ്‍ വ്യത്യാസമില്ലാതെയാണവര്‍ പങ്കുകൊണ്ടത്. നാടകം അവതരിപ്പിച്ചും സ്വന്തമായി ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചും അവര്‍ സൃഷ്ടിപരതയുടെ ലോകത്തു വിഹരിച്ചു. സംഘം ചേര്‍ന്നുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ തന്റെയുള്ളിലെ മനുഷ്യനെന്ന സമൂഹജീവിയെ ഉണര്‍ത്തി. ട്രാന്‍സ്‌ജെന്‍ഡറുകളുടെ സാന്നിധ്യവും ക്യാമ്പില്‍ ഉണ്ടായിരുന്നു. സ്ത്രീയും പുരുഷനും മൂന്നാംലിംഗവുമെല്ലാം ചേരുന്ന ലോകത്ത് സമത്വമാണ് രൂപപ്പെടേണ്ടത്. നമ്മുടെ കുട്ടികളും ‘ആണുങ്ങളായി’ വളര്‍ത്താന്‍ ആരംഭിക്കുന്നതു മുതല്‍ അത് നഷ്ടമാക്കുന്നു.

ചില്ലയിലൂടെ അറിവിന്റേയും ജീവിതത്തിന്റേയും വെളിച്ചത്തിലേക്ക് നടന്നു കയറിയവര്‍ ഒരുപാടുണ്ട്. പലപ്പോഴും രക്ഷിതാക്കള്‍ തന്നെ വീടുകളിലേക്ക് വിളിച്ചുകൊണ്ടു പോകുകയും അവരോടൊപ്പം പുതിയ ജീവിതം ആരംഭിക്കുകയും ചെയ്യുന്നതിന് ചില്ല പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചില്ലയില്‍ നിന്നു പുറത്തിറങ്ങി മുഖ്യധാരാ സമൂഹത്തില്‍ ജീവിക്കുന്ന ഒരുപാടു ജീവിതങ്ങള്‍ ഇന്നുണ്ട്. അവര്‍ ആരെയും പീഡിപ്പിക്കാനോ ഉപദ്രവിക്കാനോ പോകാറില്ല. സ്വന്തമായി പണിയെടുത്തു കിട്ടുന്ന കാശുകൊണ്ട് വളരെ നല്ലനിലയില്‍ സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കുന്നു. ജനനം കൊണ്ട് പാര്‍ശ്വവത്ക്കരിക്കപ്പെടേണ്ടി വരുന്ന ഒരു സമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഏജന്റായി ചില്ലയും അതിന്റെ പ്രവര്‍ത്തനങ്ങളും പരിണമിക്കുന്നു. ഉണ്ണി ആറിന്റെ തിരക്കഥയില്‍ രഞ്ജിത്തൊരുക്കിയ പുതിയ ചിത്രമായ ലീലയില്‍ നായകനായ കുട്ടിയപ്പന്‍ ( ബിജു മേനോന്‍) വേശ്യകളെ ആദരിക്കുമ്പോള്‍ അതിലവസാനം വന്ന വേശ്യ ചോദിക്കുന്നുണ്ട് ‘ നിനക്കീ പണിയില്‍ നിന്ന് ഒരു പെണ്ണിനെയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടോടാ’ എന്ന ചിര പ്രസക്തമായ ചോദ്യം.

പിന്തള്ളപ്പെട്ടവനെ ദുരുപയോഗിക്കാനും വഴി പിഴപ്പിക്കാനും മാത്രമാണ് അധികാരത്തിന്റെയും കപടമായ വ്യവസ്ഥിതിയുടെയും കരങ്ങള്‍ ശ്രമിക്കുക. എല്ലാ കമ്മിന്റ്‌മെന്റുകളെയും സ്ഥാപനവത്ക്കരിക്കാനും. മനഷ്യന്റെ സമ്പൂര്‍ണ്ണ വളര്‍ച്ചയാണ് വിദ്യാഭ്യസമെന്നു പറഞ്ഞ ഗാന്ധിജിയുടെ ചിത്രമുള്ള നോട്ടുകളിലൂടെയാണ് ഇന്ന്. വിദ്യാഭ്യാസ രംഗം ഭരിക്കപ്പെടുന്നതും നിയന്ത്രിക്കപ്പെടുന്നതുമെന്ന് അനില്‍ തമാശയോടെ ഓര്‍മ്മിപ്പിച്ചു.
സകലതും അന്ധകാരാവ്രതമായ ലോകത്ത് പ്രകാശം പരത്താന്‍ ഒരു മെഴുകുതിരി വെട്ടത്തിനു കഴിയും. ചില്ല ആ മെഴുകുതിരിവെട്ടമായി മാറുന്നു. അന്യമായിപ്പോകാനൊരുമ്പെടുന്ന ജീവിതങ്ങളെ അനന്യമാക്കുന്ന, ചേക്കേറാന്‍ കൂടൊരുക്കുന്നൊരു ചില്ല.

 

 

You must be logged in to post a comment Login