കൂടെ നിന്ന് സെല്‍ഫിയെടുക്കാന്‍ 4615.43 രൂപ

ഒരു സൂപ്പര്‍ മോഡലിന്റെ കൂടെ ഫോട്ടോ എടുത്ത് ഫെയ്‌സ്ബുക്കിലിട്ടാലോ? പഴയ കാമുകി കണ്ണും തള്ളി നോക്കി നില്‍ക്കുന്നതു കാണാം. ഇത്തരത്തിലൊരു സര്‍വീസുമായി എത്തിയിരിക്കുകയാണ് ജാപ്പനീസ് കമ്പനിയായ ഫാമിലി റൊമാന്‍സ്. കൂടെ നിന്ന് പോസ് ചെയ്തു ഫോട്ടോ എടുക്കാന്‍ നമുക്കിഷ്ടമുള്ള ആളെ ഇവരുടെ വെബ്‌സൈറ്റിലെ ലിസ്റ്റില്‍ നിന്നും സെലക്റ്റ് ചെയ്യാം. ‘റിയല്‍ അപ്പീല്‍’ എന്നാണു ഈ സര്‍വീസിന്റെ പേര്.

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ ഉദ്ദേശിച്ചാണ് ഇത് അവതരിപ്പിക്കുന്നത്. നമുക്കിഷ്ടമുള്ള രൂപ ഗുണങ്ങളും സവിശേഷതകളും ഒത്തിണങ്ങിയ ഒരാളെ ഇവരുടെ വെബ്‌സൈറ്റില്‍ നിന്നും തിരഞ്ഞെടുക്കാം. ആണും പെണ്ണും വ്യത്യസ്ത പ്രായങ്ങളില്‍ പെട്ടവരുമെല്ലാം ഈ ലിസ്റ്റിലുണ്ട്. ബുക്ക് ചെയ്തു ഫോട്ടോ എടുപ്പിച്ചതാണെന്ന് ഫോട്ടോ കാണുന്ന ഒരാള്‍ക്കും മനസിലാവില്ല.

മിനിമം രണ്ടു മണിക്കൂര്‍ മുതല്‍ സമയത്തേയ്ക്ക് ആളുകളെ ഇത്തരത്തില്‍ ബുക്ക് ചെയ്യാം. ഓരോ ഫെയ്ക്ക് സുഹൃത്തിനും ഏകദേശം £ 57 അതായത് 4615.43 രൂപ ചെലവു വരും. ഇതുമാത്രമല്ല, ഇങ്ങനെ വരുന്ന ആളുകളുടെ യാത്ര, ഭക്ഷണം തുടങ്ങിയ ചെലവുകളും ബുക്ക് ചെയ്യുന്ന ആള്‍ വഹിക്കണം.

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന നല്ലൊരു വിഭാഗം ആളുകളും ഭീകരമായ ഒറ്റപ്പെടല്‍ അനുഭവിക്കുന്നതായി പിറ്റ്‌സ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയുടെ ഒരു പഠനം ഈയിടെ കണ്ടെത്തിയിരുന്നു. രണ്ടു മണിക്കൂറില്‍ കൂടുതല്‍ സോഷ്യല്‍ മീഡിയയ്ക്ക് മുന്നില്‍ ഇരിക്കുന്നവര്‍ക്ക് സാമൂഹികമായ ഒറ്റപ്പെടല്‍ അനുഭവപ്പെടാനുള്ള സാധ്യത രണ്ടിരട്ടി കൂടുതലാണ്. ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവ് ആവുന്നതാണോ അതോ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവ് ആയവര്‍ക്ക് കൂടുതല്‍ ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നതാണോ എന്നുകൂടി പഠനവിധേയമാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഗവേഷകയായ എലിസബത്ത് മില്ലര്‍ പറഞ്ഞു.

You must be logged in to post a comment Login