കൂട്ടായ്മ കൈവിടരുത്, സര്‍ക്കാര്‍ ഒപ്പമുണ്ട്; ദുരിതമനുഭവിക്കുന്നവര്‍ക്ക് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട്: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തമുണ്ടായപ്പോള്‍ ഒത്തൊരുമയോടെ നേരിട്ട കൂട്ടായ്മ കൈവിടരുതെന്നും പുനരധിവാസത്തിനും കൂട്ടായ്മയോടെ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വയനാട്ടിലെ മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാന്പ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഒന്നിച്ചുനിന്ന് അഭിമുഖീകരിക്കാം. എല്ലാ കാര്യത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാകും. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നാടിനൊപ്പം നിന്ന് നേതൃത്വം കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് രക്ഷാപ്രവര്‍ത്തനത്തിനാണ്. സാധ്യമായ എല്ലാ സഹായവുമായി സര്‍ക്കാര്‍ ഒപ്പമുണ്ടാകും. എല്ലാവരും ഒന്നിച്ചുനിന്നാല്‍ ദുരന്തത്തെ അതിജീവിക്കാമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, ഇ.ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, സി.കെ.ശശീന്ദ്രന്‍ എംഎല്‍എ, ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

കവളപ്പാറ, പുത്തുമല തുടങ്ങിയ ഏറ്റവും അധികം നാശമുണ്ടായ പ്രദേശങ്ങളിലെ ആളുകളാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ച ക്യാന്പില്‍ കഴിയുന്നത്. വയനാട് കളക്ട്രേറ്റില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗവും ചേരുന്നുണ്ട്.

You must be logged in to post a comment Login