കൂട്ട ശിശുമരണം: ബിആര്‍ഡി മെഡിക്കല്‍ കോളെജിലെ ശിശുരോഗ വിഭാഗം മുന്‍തലവന്‍ ഡോ. കഫീല്‍ ഖാന്‍ അറസ്റ്റില്‍

ഗോരഖ്പുര്‍: കുഞ്ഞുങ്ങള്‍ കൂട്ടമരണവുമായി ബന്ധപ്പെട്ട് ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളെജിലെ ശിശുരോഗ വിഭാഗം മുന്‍തലവന്‍ ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു. സ്വകാര്യ പ്രാക്ടീസ്, കെടുകാര്യസ്ഥത, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വസതിയില്‍ നിന്നാണ് ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടമരണങ്ങള്‍ നടക്കുമ്പോള്‍ കഫീല്‍ ഖാനായിരുന്നു ശിശുരോഗ വിഭാഗത്തിന്റെ തലവന്‍.

കഫീല്‍ ഖാനടക്കം ഏഴുപേര്‍ക്കെതിരെ വെള്ളിയാഴ്ച കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്രയേയും ഭാര്യ പൂര്‍ണിമ ശുക്ലയേയും റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണു കഫീല്‍ ഖാന്റെ അറസ്റ്റ്. സംഭവത്തില്‍ ഖാനെ ആശുപത്രിയില്‍നിന്നു നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഓക്‌സിജന്‍ സിലിണ്ടറുകളുടെ ക്ഷാമമാണു ഗോരഖ്പുര്‍ ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ മരണത്തിലേക്കു നയിച്ചത്. വാടക നല്‍കാത്തതിനെ തുടര്‍ന്നു വിതരണക്കമ്പനി ആശുപത്രിയിലേക്കാവശ്യമായ സിലിണ്ടറുകള്‍ നല്‍കിയിരുന്നില്ല. അതേസമയം, സ്വന്തം കയ്യില്‍നിന്നു പണം നല്‍കി ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങിയ കഫീല്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്തതു വിവാദമായിരുന്നു

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡത്തിലുള്ള ആശുപത്രിയാണ് ഇത്. ഔദ്യോഗിക കണക്കനുസരിച്ചു ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓഗസ്റ്റില്‍ 290 കുട്ടികളുടെ മരണം സംഭവിച്ചിട്ടുണ്ട്. ഇതില്‍ 213 കുട്ടികളും നവജാത ശിശുക്കള്‍ക്കുള്ള തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഈ വര്‍ഷം ആകെ 1250 കുട്ടികള്‍ മരിച്ചെന്നാണ് ആശുപത്രിക്കണക്ക്.

You must be logged in to post a comment Login