കൂര്‍ക്ക.. കൃഷരീതിയും പരിചരണവും

കിഴങ്ങുവര്‍ഗത്തില്‍ പെട്ട ഒരു ഭക്ഷ്യവിളയാണ് കൂര്‍ക്ക. ഉഷ്ണമേഖലാപ്രദേശങ്ങളിലും മിതശീതോഷ്ണമേഖലാ പ്രദേശങ്ങളിലും ഈ വിള നന്നായി വളരും. പാചകം ചെയ്താല്‍ വളരെ സ്വാദിഷ്ഠവും പോഷക സമൃദ്ധവുമാണ് കൂര്‍ക്ക. ചീവിക്കിഴങ്ങ്, ചൈനീസ് പൊട്ടറ്റോ എന്നീ പേരുകളിലും അറിയപ്പെടുന്നു.
ഏത് മണ്ണിലും കൂര്‍ക്ക കൃഷിചെയ്യാം എങ്കിലും നല്ല വളക്കൂറും നീര്‍വാര്‍ച്ചയുള്ളതും അല്പം മണല്‍ കലര്‍ന്ന പശിമരാശിമണ്ണാണ് കൃഷിക്ക് അനുയോജ്യം. വര്‍ഷത്തില്‍ രണ്ട് തവണയാണ് കൂര്‍ക്ക കൃഷിചെയ്യുന്നത്.
കൃഷിചെയ്യാനുള്ള സ്ഥലം നന്നായി ഉഴുത് മറിച്ച് കട്ടകള്‍ ഉടച്ച് നിരപ്പാക്കി പാകപ്പെടുത്തണം. അതിന് ശേഷം 30 സെന്റിമീറ്റര്‍ അകലത്തില്‍ ചെറിയവരമ്പുകളായി 60-100 സെന്റിമീറ്റര്‍ വരെ നീളമുള്ള തടങ്ങള്‍ നിര്‍മ്മിക്കണം. അടിവളമായി കാലിവളമാണ് സാധാരണ ഉപയോഗിക്കുന്നത്. തലപ്പുകള്‍ നട്ടാണ് കൃഷിചെയ്ത് വരുന്നത്. ആവശ്യത്തിനുള്ള തലപ്പുകളുണ്ടാക്കാന്‍ വിത്തു കിഴങ്ങ് പ്രത്യേകം തടത്തില്‍ പാകി വളര്‍ത്തിയെടുക്കുന്നു. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളിലാണ് തലപ്പുകള്‍ (വള്ളികള്‍) മുറിച്ച് നടുന്നത്. പാകി ഒരുമാസം പ്രായമായ തലപ്പുകള്‍ നുള്ളിയെടുത്താണ് കൃഷിസ്ഥലത്ത് നടുന്നത്.
വൃത്താകൃതിയും ചെറിയ ചുഴികളുമുള്ള വിത്തുകളാണ് തലകള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്നത്. ചാക്കുകളില്‍ പരത്തിയിടുന്ന ഫെബ്രുവരി  മാര്‍ച്ച് മാസമാകുമ്പോഴേക്കും കിഴങ്ങുകളില്‍ മുള വന്നിട്ടുണ്ടാകും.
കൂര്‍ക്ക തലകള്‍ മുറിച്ചാണ് നടുന്നത്. നടുന്ന തലയ്ക്ക് ശരാശരി നീളം 15-20 സെന്റിമീറ്റര്‍ ആണ് വേണ്ടത്. ഇത് തടങ്ങളില്‍ കിടത്തി നടുന്നു. മഴക്കാലമായതിനാല്‍ നനയുടെ ആവശ്യമുണ്ടാകാറില്ല. വെയില്‍ അധികമാകുകയാണെങ്കില്‍ നട്ടുകഴിഞ്ഞ് മൂന്ന് ദിവസംവരെ പകല്‍ സമയം തടത്തിന് പുതയിടുന്ന ഒരു രീതിയുണ്ട്. വേര് പിടിക്കുന്നതിന് മുമ്പ് കഠിനമായ വെയിലില്‍ മുറിച്ച് നട്ട തല ഉണങ്ങാതിരിക്കാനാണത്.
വളപ്രയോഗം
അടിവളമായി കാലിവളമാണ് നല്കുന്നത്. തലകള്‍ നട്ട് 15-25 ദിവസത്തിനുള്ളില്‍ ഒന്നാംഘട്ട വളപ്രയോഗം നടത്തണം. രാസവളങ്ങളും ജൈവവളങ്ങളും നല്കാവുന്നതാണ്. ചാണകപ്പൊടിയും വെണ്ണീറും മണ്ണിരകമ്പോസ്റ്റുമെല്ലാം ചേര്‍ന്ന മിശ്രിതം നല്കാം. രാസവളമാണെങ്കില്‍ യൂറിയ, രാജ്‌ഫോസ്, പൊട്ടാഷ് എന്നീ വളങ്ങളുടെ കൂട്ട് ഇട്ട് കൊടുക്കാവുന്നതാണ്. 45 ദിവസത്തിനു ശേഷം രണ്ടാം മേല്‍വളം നല്കണം. കൂര്‍ക്കത്തലകളില്‍ വെളളമില്ലാത്ത സമയത്ത് വേണം രാസവളം വിതറി മണ്ണ് കൂട്ടികൊടുക്കാന്‍.
നഴ്‌സറികളില്‍ വളര്‍ത്തുമ്പോള്‍ കാണുന്ന ഇലതീനിപ്പുഴുക്കളേയും തണ്ടുതുരപ്പനേയും നിയന്ത്രിക്കാന്‍ എക്കാലക്‌സ് , റോഗര്‍ തുടങ്ങിയ കീടനാശിനികള്‍ ഉപയോഗിക്കാം. ജൈവകീടനാശിനിയായി വേപ്പിന്‍ സത്തും ഫലപ്രദമാണ്. കടചീയല്‍ നിയന്ത്രിക്കാന്‍ ബാസ്റ്റിന്‍ എന്ന കുമിള്‍നാശിനി വെള്ളത്തില്‍ നേര്‍പ്പിച്ച് ഉപയോഗിക്കാം. വെള്ളക്കെട്ട് കൂടിയ സ്ഥലങ്ങളില്‍ കട ചീയാതിരിക്കാനും ബാസ്റ്റിന്‍ ലായനി ഉപയോഗിക്കാവുന്നതാണ്. നിമവിര ബാധിച്ച കിഴങ്ങുകള്‍ ഭക്ഷ്യയോഗ്യമല്ല. വിളപരിക്രമണം നടത്തുകയും നന്നായി ഉഴുതുമറിച്ച് വേനലില്‍ ഉണങ്ങാനിടുകയും വിളവെടുപ്പിന് ശേഷം ചെടിയുടെ വേരും അവശിഷ്ടങ്ങളും കത്തിച്ച് നശിപ്പിക്കുകയും ചെയ്യുന്നത് നിമവിര നിയന്ത്രിക്കാന്‍ സഹായിക്കും.
തലപ്പുകള്‍ നട്ട് നാല് മുതല്‍ അഞ്ച് മാസങ്ങള്‍ കഴിയുമ്പോള്‍ വിളവെടുക്കാം. വാരകള്‍ കിളച്ചിളക്കി കിഴങ്ങുകള്‍ വേര്‍തിരിച്ചാണ് വിളവെടുപ്പ്. മഴയുള്ളപ്പോള്‍ വിളവെടുപ്പ് ഒഴിവാക്കുകയാണ് നല്ലത്. ഈര്‍പ്പം കൂടിയാല്‍ കിഴങ്ങ് ചീഞ്ഞ് പോകാന്‍ സാധ്യതയുണ്ട്. ഈര്‍പ്പം ഉണ്ടെങ്കില്‍ ഉണങ്ങിയ തറയിലിട്ട് ഉണക്കണം.
വിത്തിനുള്ള കിഴങ്ങുകള്‍ തിരഞ്ഞെടുത്ത് സൂക്ഷിക്കാം. നിമവിരകള്‍ ഇല്ലാത്ത നല്ല വിത്തുകള്‍ ഈര്‍പ്പവും ചൂടും തട്ടാത്ത മുറികളില്‍ മണലോ ഉമിയോ കലര്‍ത്തി സൂക്ഷിക്കാം.

You must be logged in to post a comment Login