കൂര്‍ക്ക പോഷകഗുണത്തിലും ഔഷധഗുണത്തിലും മുന്നില്‍

പോഷകഗുണത്തിലും ഔഷധഗുണത്തിലും മുന്നില്‍നില്‍ക്കുന്ന കിഴങ്ങുവിളയാണ് കൂര്‍ക്ക. കാഴ്ചയില്‍ ഇത്തിരിക്കുഞ്ഞനാണെങ്കിലും കാര്യത്തില്‍ മുന്നിലാണിത്. ചൈനക്കാരുടെ ഉരുളക്കിഴങ്ങായി വിശേഷിപ്പിക്കുന്ന കൂര്‍ക്ക കേരളത്തിന്റെ പ്രധാന കിഴങ്ങുതന്നെയാണ്. ഗള്‍ഫിലേക്കുവരെ കൂര്‍ക്ക കയറ്റിയയ്ക്കുന്നുണ്ട്.
രുചിയേറിയ നല്ല നാടന്‍ കൂര്‍ക്കയിനങ്ങള്‍ ഏറെയുള്ള നാടാണ് കേരളം. കേരളത്തിന്റെ കാലാവസ്ഥയും മണ്ണും കൂര്‍ക്കകൃഷിക്ക് യോജിച്ചതാണ്.തൃശ്ശൂര്‍, എറണാകുളം, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഈ കൃഷിക്ക് നല്ല പ്രിയമാണ്. തൃശ്ശൂരിലെ വരവൂര്‍ കൂര്‍ക്ക പ്രത്യേകം പറയേണ്ടിയിരിക്കുന്നു. വരവൂര്‍ പഞ്ചായത്തില്‍ ഒന്നാംവിള സമയത്ത് കര്‍ഷകര്‍ കൂര്‍ക്കയാണ് നടുന്നത്.

വരവൂര്‍ കൂര്‍ക്കയ്ക്ക് നല്ല രുചിയാണ്. പാലക്കാട് ജില്ലയില്‍ മുണ്ടൂര്‍ ഭാഗത്ത് കൂര്‍ക്കകൃഷിയേറെയാണ്. ഇതിനുപുറമേ തൃശ്ശൂരിലെ ദേശമംഗലം, മുണ്ടത്തിക്കോട്, വേലൂര്‍, എരുമപ്പെട്ടി, മുള്ളൂര്‍ക്കര, വടക്കാഞ്ചേരി, തെക്കുംകര പ്രദേശങ്ങളിലും ഈ കൃഷിയുണ്ട്.കൂര്‍ക്കയില്‍ 20 ശതമാനം അന്നജമാണ്. കാത്സ്യം, ഇരുമ്പ്, തയമിന്‍, റൈബോഫ്‌ലോവിന്‍, നിയാസിന്‍, ജീവകം സി ഇവയുടെ കലവറയാണ് കൂര്‍ക്ക. നല്ല നീരോക്‌സീകാരികള്‍ ഇതിലുണ്ട്. കൂര്‍ക്കയുടെ കൃഷി ജൂലായ്മുതല്‍ ഒക്ടോബര്‍വരെയുള്ള മാസങ്ങളില്‍ നടത്തിവരുന്നു. എന്നാല്‍, നടാനുള്ള തലപ്പ്, നേരത്തേ തന്നെ നഴ്‌സറിയില്‍ വിത്തുകിഴങ്ങ് നട്ടാണ് ഉണ്ടാക്കേണ്ടത്.നല്ല ഇളക്കവും നീര്‍വാര്‍ച്ചയും വളക്കൂറും അടങ്ങിയ മണ്ണാണ് ഉത്തമം. നാടന്‍ കൂര്‍ക്കയിനങ്ങള്‍ക്കാണ് ഏറെ പ്രിയം. എന്നാല്‍, വിളവേറിയ ശ്രീധര, നിധി, സുഫല എന്നീയിനങ്ങള്‍ പ്രചാരം നേടിവരികയാണ്.
ഒരു ഹെക്ടറിന് 25 മുതല്‍ 28 ടണ്‍ വരെ വിളവുതരുന്ന ‘ശ്രീധര’ തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവര്‍ഗവിള ഗവേഷണകേന്ദ്രത്തിന്റെ സംഭാവനയാണ്. ഇതിന്റെ കിഴങ്ങില്‍ 19.5 ശതമാനംവരെ അന്നജമടങ്ങിയിട്ടുണ്ട്.കേരള കാര്‍ഷിക സര്‍വകലാശാലയിറക്കിയ ‘നിധി’, ‘സുഫല’ എന്നീയിനങ്ങള്‍ക്കും നല്ല പ്രിയമാണ്.

Untitled-2 copy‘ശ്രീധര’ നല്ല പാചകഗുണമുള്ള കൂര്‍ക്കയിനമാണ്. അഞ്ചുമാസത്തെ മൂപ്പുണ്ട്. നിധിയും അഞ്ചുമാസത്തെ മൂപ്പുള്ളയിനമാണ്. ‘സുഫല’ ടിഷ്യൂകള്‍ച്ചര്‍ മ്യൂട്ടന്റിനമാണ്. ഇത് ഒരു നാടന്‍ കൂര്‍ക്കയിനത്തിന്റെ ടിഷ്യൂകള്‍ച്ചര്‍ മ്യൂട്ടന്റാണ്. വര്‍ഷത്തില്‍ എല്ലായ്‌പ്പോഴും ‘സുഫല’ നടാം.120 മുതല്‍ 140 ദിവസം വരെയാണീയിനത്തിന്റെ വിളദൈര്‍ഘ്യം. 125 മുതല്‍ 150 കിലോഗ്രാം ചാണകപ്പൊടി നഴ്‌സറിയില്‍ ചേര്‍ക്കണം. 30 സെന്റീമീറ്റര്‍ അകലത്തില്‍ തയ്യാറാക്കിയ വാരത്തിലോ കൂനയിലോ 15 സെന്റീമീറ്റര്‍ അകലം നല്‍കി വിത്തുകിഴങ്ങ് നടുകയാണ് വേണ്ടത്.  170 കിലോഗ്രാം മുതല്‍ 200 കിലോഗ്രാം വരെ വിത്തുകിഴങ്ങ് ആവശ്യമാണ്. നഴ്‌സറിയില്‍നിന്ന് മൂന്ന് ആഴ്ച കഴിഞ്ഞാല്‍ തലപ്പ് മുറിച്ച് നടാനെടുക്കാം.

പ്രധാന കൃഷിയിടം 1520 സെ.മീറ്റര്‍ താഴ്ചയില്‍ ഉഴുതിടണം. ഇതില്‍ 45 സെ.മീറ്റര്‍ അകലത്തില്‍ വാരങ്ങള്‍ ഉണ്ടാക്കി 30 സെ.മീറ്റര്‍ അകലത്തില്‍ വള്ളികള്‍ ലംബമായോ കിടത്തിയോ 45 സെ.മീറ്റര്‍ താഴ്ചയില്‍ തലപ്പത്തുള്ള മുകുളങ്ങള്‍ പുറത്തുകാണുന്ന തരത്തില്‍ നടണം. ഹെക്ടറിന് പത്തുടണ്‍ ചാണകവും 30 കി.ഗ്രാം പാക്യജനകവും 60 കി.ഗ്രാം ഭാവഹവും 50 കി.ഗ്രാം ക്ഷാരവും (പൊട്ടാഷ്) ലഭിക്കാനായി രാസവളങ്ങള്‍ ചേര്‍ക്കണം. നടുന്ന സമയത്ത് 65 കി.ഗ്രാം യൂറിയ, 300 കിലോ രാജ്‌ഫോസ്, 83 കി.ഗ്രാം. മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവയും നട്ട് 45 ദിവസത്തിനുശേഷം 65 കിലോ യൂറിയ, 83 കിലോ പൊട്ടാഷ് എന്നിവയും നല്‍കണം. വളമിട്ട് മണ്ണിളക്കി ചുവട്ടിലേക്കണപ്പിച്ച് ചേര്‍ക്കണം.

കൂര്‍ക്കയുടെ മുഖ്യശത്രു നിമാവിരയാണ്. ഇവയുടെ ശല്യംനിമിത്തം കൂര്‍ക്കയില്‍ ‘മന്തുരോഗം’ വരുന്നു. നന്നായി നിലം താഴ്ത്തി, ഉഴുത്, വേനലിലിടുന്നതും വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുന്നതും നല്ലതാണ്.  കൂര്‍ക്ക നടുന്നതിനുമുമ്പായി ‘ശ്രീഭദ്ര’ എന്ന മധുരക്കിഴങ്ങിനം മെയ്ജൂണില്‍ നട്ടശേഷം കൂര്‍ക്ക നട്ടാല്‍ നിമാവിരശല്യം കുറയും. ശ്രീഭദ്രയ്ക്ക് നിമാവിരകളെ നിയന്ത്രിക്കാന്‍ പറ്റും.

You must be logged in to post a comment Login