കൃത്രിമകാലുകളെന്നു തെളിയിക്കാന്‍ യുവതിയോട് ജീന്‍സ് ഊരിക്കാണിക്കാന്‍ അധികൃതര്‍: അംഗപരിമിതയായ യുവതിക്ക് ഉദ്യേഗസ്ഥരുടെ അപമാനം

ദേഹപരിശോധനയില്‍ കാലിനു സമീപത്തു നിന്നും മുന്നറിയിപ്പ് ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് ജീന്‍സ് അഴിച്ച് ഇത് തെളിയിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്.

antara-telanga

മുംബൈ: അംഗപരിമിതയായ യുവതിക്ക് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉദ്യേഗസ്ഥരുടെ വക അപമാനം. കൃത്രിമക്കാലുകള്‍ ഘടിപ്പിച്ചെത്തിയ യുവതിയോട് അത് തെളിയിക്കാനായി പെണ്‍കുട്ടി ധരിച്ച ജീന്‍സ് ഊരിക്കാണിക്കാനായിരുന്നു അധികൃതരുടെ ആവശ്യം. മുംബൈ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട് അപ്പിന്റെ ഡയറക്ടറായ അന്താര തെലങ്കിനാണ് വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്നും ഇത്തരത്തിലൊരു അനുഭവമുണ്ടായത്.

ഇതിനെ ചോദ്യം ചെയ്ത യുവതിയോട് സുരക്ഷാകാരണങ്ങളാലാണ് ഇത്തരത്തിലുള്ള നടപടിയെന്നായിരുന്നു അധികൃതരുടെ വിശദീകരണം. മുംബൈയില്‍നിന്നു ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ബംഗളുരുവിലേക്കു പോകാന്‍ വന്നതായിരുന്നു അന്താര. തനിക്കു നേരിട്ട ദുരനുഭവം ട്വിറ്ററിലൂടെ പങ്കുവച്ചതിനു ശേഷമാണ് സംഭവം പുറം ലോകമറിഞ്ഞത്.

ദേഹപരിശോധനയില്‍ കാലിനു സമീപത്തു നിന്നും മുന്നറിയിപ്പ് ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് ജീന്‍സ് അഴിച്ച് ഇത് തെളിയിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. കൃത്രിമകാലായതിനാല്‍ അതിലെ മെറ്റല്‍ സാന്നിധ്യമാണ് ശബ്ദത്തിനു കാരണമെന്ന് അന്താര വിശദീകരിച്ചെങ്കിലും അധികൃതര്‍ സമ്മതിച്ചില്ല.

ഉദ്യോഗസ്ഥര്‍ക്ക് സിആര്‍പിഎഫിന്റെ പിന്തുണയും ലഭിച്ചതോടെ അധികൃതരുടെ ആവശ്യം പോലെ ചെയ്യാന്‍ അന്താര നിര്‍ബന്ധിതയായി. താന്‍ സ്ഥിരമായി വിമാനയാത്ര ചെയ്യുന്നയാളാണെന്നും ബംഗളുരു വിമാനത്താവളത്തില്‍ എക്‌സ്‌പ്ലോസീവ് ട്രേസ് ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് പരിശോധനയെന്നും എന്തുകൊണ്ട് അത്തരം സംവിധാനം മുംബൈയില്‍ സജ്ജീകരിച്ചിട്ടില്ലെന്ന് അന്താര തന്റെ ട്വീറ്റില്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.

അതേസമയം, സംഭവം ചര്‍ച്ചകള്‍ക്കു വഴി തുറന്നപ്പോള്‍ സുരക്ഷാകാരണങ്ങളുടെ പേരിലാണ് ഇത്തരത്തിലൊരു നടപടിയെന്ന് വാദവുമായി അധികൃതരും രംഗത്തെത്തി. 24കാരിയായ അന്താരയ്ക്ക് തന്റെ 18ാം വയസിലാണ് അപകടത്തില്‍ കാല്‍ നഷ്ടപ്പെട്ടത്.

You must be logged in to post a comment Login