കൃഷിചെയ്യാം മല്ലിയിലയും

nqln0197914
കറികളില്‍ മല്ലിയിലയിട്ടാല്‍ ടേസ്റ്റൊന്ന് വേറെയാണ്. രുചിമാത്രമല്ല ആരോഗ്യത്തിനും മല്ലിയില അത്യുത്തമമാണ്. ദഹനത്തിനെ ഏറെ സഹായിക്കും. മല്ലി ഇലയുടെ നീര് അസിഡിറ്റി കുറയ്ക്കും. ശരീരത്തിന് തണുപ്പ് കിട്ടും . ഛര്‍ദ്ദിക്ക് ഒന്നോ രണ്ടോ ഇല വായിലിട്ടു ചവച്ചു നീരിറക്കിയാല്‍ മതി.

സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് നടാം. നല്ല നീര്‍വാഴ്ചയുള്ള സ്ഥലമായിരിക്കണം. മണ്ണു നന്നായി കിളച്ച് കല്ലും മറ്റു പാഴ് വസ്തുക്കളും നീക്കം ചെയ്യുക. പച്ചിലകളും ജൈവകമ്പോസ്റ്റും അടിവളമായി ഇടണം. അടുക്കളആവശ്യത്തിനു കടയില്‍ നിന്ന് വാങ്ങുന്ന മല്ലി വിത്തായി ഉപയോഗിക്കാം വിത്ത് മുളയ്ക്കാന്‍ ധാരാളം ഈര്‍പ്പം വേണം. രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ സമയമെടുത്തേക്കും വിത്ത് ഒന്നോ രണ്ടോ ദിവസം കുതിര്‍ത്ത ശേഷം നടുന്നതാണ് നല്ലത്.

മുളച്ചു രണ്ടിഞ്ചു ഉയരം വന്നാല്‍ വളമിടാം. വളം ഒരിക്കലും അധികമാകരുത്അധികമായാല്‍ ഇലയുടെ മണം കുറയും. നേര്‍പ്പി ച്ച ചാണക വെള്ളം മാത്രം ഒഴിച്ചാലും മതി. ഏറ്റവും നല്ലത് ഫിഷ്‌ അമിനോ ആസിഡ് ആണ്. അതൊരിക്കല്‍ മാത്രമേ കൊടുക്കാവൂ. കട്ടി കൂടിയ മിശ്രിതങ്ങള്‍ ഒഴിവാക്കുക. ചെടി കുറച്ചു വലുതായാല്‍ പിന്നെ നനയ്ക്കുന്നത് കുറയ്ക്കണം. ഒരിക്കലും വെള്ളം കെട്ടി നില്ക്കരുത്. ചെടികള്‍ കൂട്ടംകൂടി വളരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം

ചെടിക്ക് നാലിഞ്ച് ഉയരമായാല്‍ അടിഭാഗത്തുള്ള ഇലകളോ ചെറിയ ചില്ലകളോ നുള്ളി എടുക്കാം. ഇല നുള്ളിയാല്‍ മാത്രമേ അത് വേഗം വളരൂ . മൂന്നില്‍ രണ്ടു ഭാഗം ഇലകളില്‍ കൂടുതല്‍ ഒരേ സമയം നുള്ളരുത്, അത് ചെടിയ്ക്ക്? ക്ഷീണമാകും. ഒരിയ്ക്കല്‍ ഇല നുള്ളിയാല്‍ ചെടി വീണ്ടും കിളിര്‍ക്കാന്‍ തുടങ്ങും. രണ്ടു മൂന്നു ആഴ്ച കൂടുമ്പോള്‍ ഇങ്ങനെ ഇല നുള്ളാം. പിന്നീട് ചെടി പൂവിടാന്‍ തുടങ്ങും. അപ്പോള്‍ പുതിയ ഇലകള്‍ വരുന്നത് നില്ക്കും . തുടര്‍ന്നും ഇല വേണമെങ്കില്‍ ഉണ്ടാകുന്ന പൂക്കളെ അപ്പപ്പോള്‍ കളയണം. ഇലയുടെ തീക്ഷ്ണമായ മണം കാരണം കീട ശല്യം കുറവാണ്. എങ്കിലും ഈര്‍പ്പം അധികമായാല്‍ കുമിള്‍ ബാധ വരും. വെളുത്ത പൊടി പോലെ ഇലകളില്‍ നിറയും. ബാധ വന്ന ഇലകള്‍ അപ്പപ്പോള്‍ നുള്ളി കളയുക. ചെടിയുടെ കടക്കല്‍ എപ്പോഴും വൃത്തിയായി വെയ്ക്കണം. അവിടെ ചീഞ്ഞ ഇലകളോ പൂക്കളോ ഉണ്ടെങ്കില്‍ കുമിള്‍ ബാധ വരാന്‍ സാധ്യതയുണ്ട്.

You must be logged in to post a comment Login