കൃഷ്ണ സോബ്തി- ഹുപു സാംസ്‌കാരികതയുടെ കഥാകാരി

ഡോ. ഇഫ്തിഖാര്‍ അഹമ്മദ് ബി.

ഇഴപിരിയാന്‍ സാധ്യമാകാത്തത്രയും കെട്ടുപിണഞ്ഞ് കിടക്കുന്നതാണ് ഉത്തരേന്ത്യയിലെ ഹുപു (ഹിന്ദി- ഉര്‍ദു-പഞ്ചാബി) സാംസ്‌കാരികത. തനതായ പലതും ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കിടയില്‍ ഒളിച്ചു കളിക്കുന്നുണ്ടെങ്കിലും, ഈ സങ്കര സാംസ്‌കാരികതയുടെ വൈവിധ്യത്തിന്റെ അടിത്തറയെന്ന് വിശേഷിപ്പിക്കാവുന്നത് അത് പരക്കെ വിളയിച്ചെടുക്കുന്ന ത്രിഭാഷാ സംഗമ ഫലഭൂയിഷ്ഠതയുടെ അതിവിശാല മനോഹാരിതയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ആ ശാദ്വാലഭൂമികയുടെ കഥപറയുകയും താനുള്‍പ്പെടുന്ന ഹുപുവിനെ ഭാഷയിലൂടെയും അതുല്‍പാദിപ്പിക്കുന്ന കലാപങ്ങളിലൂടെയും ധന്യമാക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കൃഷ്ണ സോബ്തിയെ പുരസ്‌കരിക്കുന്നതിന് ജ്ഞാനപീഠത്തിന് പോലും ഏറെക്കാലം മടിച്ചു നില്‍ക്കേണ്ടി വന്നു.

‘പാക്കിസ്ഥാനിലെ ഗുജറാത്തില്‍ നിന്നും ഹിന്ദുസ്ഥാനിലെ ഗുജറാത്തിലേക്ക് ‘എന്നതാണ് സോബ്തിയുടെ ആത്മകഥയുടെ തലക്കെട്ട്. ഇതില്‍ ആദ്യത്തെ ഗുജറാത്ത് അവര്‍ ജനിച്ചതും രണ്ടാമത്തേത് ഇപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്നതുമായ വ്യത്യാസമുണ്ടെന്ന് മാത്രം. സ്വാതന്ത്ര്യാനന്തര ഭാരതം, വിഭജനത്തിലൂടെ മുറിവേറ്റ് പിടഞ്ഞതും അതിന്റെ നീറ്റല്‍ സമ്മാനിച്ച ഒരിക്കലും തൂത്തുമാറ്റാന്‍ സാധിക്കാത്ത ആഘാതങ്ങളും സോബ്തിയില്‍ ഏറെ ‘കള്‍ച്ചറല്‍ ഷോക്കു’കളുണ്ടാക്കി. 1929 ല്‍ ജനിച്ച അവര്‍, കേട്ടറിഞ്ഞതിനേക്കാള്‍ കൂടുതല്‍ നേരിട്ട് കണ്ടറിഞ്ഞ, പ്രസ്തുത ഷോക്കുകള്‍ക്ക് ഹേതുവായ സാമൂഹ്യ ജീവിതങ്ങളെ ദേവനാഗരി ലിപിയിലുടെ പുനര്‍ജനിപ്പിച്ചു.

അടിയന്തിരാവസ്ഥക്കാലത്ത് യൗവ്വനത്തിന്റെ രണ്ടാം പകുതി നല്‍കിയ പക്വത ചെറുകഥകളില്‍ നിന്നും മാറി നോവലിന്റെ വലിയ ക്യാന്‍വാസിലേക്കുള്ള എഴുത്തിലേക്ക് ചുവടുമാറ്റാന്‍ അവരെ ധൈര്യപ്പെടുത്തി. നര്‍മദയ്ക്കും സബര്‍മതിക്കും സത്‌ലജിനും ബിയാസിനുമോടൊപ്പം ഒഴുകിപ്പരന്ന നിരവധി സാംസ്‌കാരികത്തനിമകളുടെ കൂടിച്ചേരല്‍ അവരെ ജിജ്ഞാസയുടെ ലോകത്തേക്കും പിന്നീട് ഭാവനയുടെ പുതുലോകത്തേക്കും കൈപിടിച്ച് നടത്തി. വിഭജനത്തിന്റെ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന ചില തുറന്നുപറച്ചിലുകള്‍ വടക്കിന്റെ സാഹിത്യചക്രവാളത്തില്‍ അനുരണനങ്ങള്‍ ഉണ്ടാക്കിത്തുടങ്ങിയപ്പോള്‍ പൊതുവെ ആണ്‍കോയ്മയുടെ പ്രയോക്താക്കളായ അവിടുത്തെ മനുഷ്യര്‍ ധിക്കാരം നിറഞ്ഞ സോബ്തിയുടെ അക്ഷരങ്ങളെ നിരീക്ഷിച്ചു തുടങ്ങി. പ്രസ്തുത നിരീക്ഷണത്തിന് വ്യക്തമായ മൂര്‍ത്തത വരുന്നത് 1979 ലാണ്. സിന്ദഗിനാമ എന്ന അവരുടെ ആദ്യത്തെ നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍.
സിന്ദഗിനാമ
ഹിന്ദി സാഹിത്യത്തിനുള്ള 1980 ലെ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച നോവലാണ് സിന്ദഗിനാമ. സംഗ്രഹിച്ച മഹാഭാരതം എന്നാണ് ഇതിനെ സാഹിത്യ വിമര്‍ശകനായ അശോക് വാജ്‌പേയി വിശേഷിപ്പിച്ചിട്ടുള്ളത്. നിരവധി കഥാപാത്രങ്ങളുടെ ജീവിതത്തിനപ്പുറത്ത് ജീവിതത്തിന്റെ ജീവിതത്തെ വരച്ചിടുന്നതാണ് ഈ നോവല്‍.
ഇരുപതാം നൂറ്റാണ്ടിലെ അവിഭജിത പഞ്ചാബിലെ ഗുജറാത്തിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന മനുഷ്യ ജീവിതത്തിന്റെ പരിചയപ്പെടുത്തല്‍. യാതൊരു വികസിപ്പിക്കലും നടത്താതെ പ്രത്യക്ഷപ്പെട്ട് പോകുന്ന ചില അവ്യക്ത കഥാപാത്രങ്ങള്‍- അതും ഏറെയെന്നും വിശദീകരണങ്ങളില്ലാതെ. അതിനിടയില്‍ എല്ലാവരും നിയന്ത്രിക്കുകയും കോര്‍ത്തിണക്കുകയും ചെയ്യുന്ന ഷാഹ്ജി എന്ന കൊള്ളപ്പലിശക്കാരനായ പുരുഷമേധാവിത്വത്തിന്റെ പ്രതിനിധി. അയാളുടെ വീടും പരിസരങ്ങളും ഒരു ഭാഗത്ത്, മറുകരയില്‍ സൂഫി സംന്യാസിയായ കാഷി എന്ന അയാളുടെ സഹോദരന്‍. ബ്രിട്ടീഷ് കൊളോനിയലിസത്തിലൂടെ നിര്‍മിക്കപ്പെട്ട സ്വത്വം. അതും ജാതി മത, വര്‍ഗീയ, ധ്രുവീകരണമുള്ള ,സ്വത്വം ഷാഹ്ജി യിലൂടെ അരങ്ങ് തകര്‍ക്കുമ്പോള്‍ അതിന്റെ നിരാസകനായി, മൂല്യ നിര്‍മിതിയുടെ മനുഷ്യപക്ഷത്തെ പ്രഘോഷിച്ച് കാഷി മറ്റ് ചില നിര്‍വചനങ്ങള്‍ നടത്തുന്നു.

ഇവരുടെ ഇടയില്‍ പ്രത്യക്ഷപ്പെടുന്ന കുറെ സ്ത്രീ ശരീരങ്ങളും ശബ്ദങ്ങളുമാണ് ഈ നോവലിലെ സോബ്തിയുടെ മാസ്റ്റര്‍ പീസ് ആക്കുന്നത്. സ്ത്രീയുടെ സന്തോഷത്തെ കെടുത്താന്‍ അവളുടെ ലൈംഗീക തൃഷ്ണകളെ അടിച്ചമര്‍ത്തിയാല്‍ മതിയെന്ന അതിഹീനമായ സമവാക്യത്തെ തച്ചുടക്കാനാണ് നോവല്‍ ശ്രമിക്കുന്നതെന്ന് കാണാം. ഹിന്ദിയില്‍ എഴുതപെട്ട പഞ്ചാബി കഥയാണിത്. അതുകൊണ്ട് തന്നെ, ഏറെ ബുദ്ധിമുട്ടുകള്‍ കാരണം നല്ലൊരു ഇംഗ്ലീഷ് തര്‍ജ്ജമ പ്രസിദ്ധീകരിക്കപ്പെടാന്‍ വളരെ കാലതാമസമുണ്ടായി. നിരവധി പഞ്ചാബി നാട്ട് പ്രയോഗങ്ങള്‍ ഡയലോഗുകളില്‍ വരുന്നതും ഈ കാലവിളംബത്തിന് ആക്കം കൂട്ടി. ഒടുവില്‍ 2011 ലാണ് നീര്‍ കന്‍വാലും മോയിനാ മജുംദാറും ചേര്‍ന്ന് പരിഭാഷപ്പെടുത്തിയ ഭേദപ്പെട്ടൊരു ഇംഗ്ലീഷ് ട്രാന്‍സലേഷന്‍ ലഭിച്ചത്.
മിത്രോ മര്‍ജാനി
അരനൂറ്റാണ്ട് പഴക്കമുണ്ട് മിത്രോ മര്‍ജാനി എന്ന നോവലിന്, പക്ഷേ അത് മുമ്പോട്ട് വെച്ച പ്രശ്‌നം ഇപ്പോഴും പ്രസക്തമായ ഒരു പ്രഹേളികയായി ഇന്ത്യന്‍ സ്ത്രീത്വത്തെ, പ്രത്യേകിച്ചും മനുഷ്യമനസ്സിനെ പൊതുവായും നോക്കിയിരിപ്പാണ്. വിവാഹേതര ബന്ധത്തില്‍ പെട്ട് ലൈംഗീക തൃഷ്ണകളുടെ അതിരുകള്‍ ഭേദിക്കുന്ന മിത്രോയുടെ ഒരുമ്പെടലാണ് നോവലിന്റെ പ്രമേയം.’ റ്റു ഹെല്‍ വിത് യു മിത്രോ’ എന്ന പേരില്‍ ഗീതാ രാജനും രാജി നരസിംഹനും ഈ ഹിന്ദി നോവലിന് ഇംഗ്ലീഷ് മൊഴിമാറ്റം നല്‍കി പ്രസിദ്ധീകരിച്ചപ്പോള്‍ സോഷ്യല്‍ റിയലിസമെന്ന് ആദ്യവും പെണ്ണഴുത്തെന്ന് പിന്നീടും ലോബല്‍ ചെയ്യപ്പെട്ട്, ഒരൊറ്റ അര്‍ദ്ധരാത്രി കൊണ്ട് സോബ്തി ആഗോള സാഹിത്യാസ്വാദകരുടെയിടയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. അല്‍കാ സരോഗി, ഗീതാജ്ഞലി ശ്രീ, പ്രഭാ ഖേതന്‍ എന്നീ ഹിന്ദി ഫെമിനിസ്റ്റ് രചയിതാക്കളുടെ കൂട്ടത്തില്‍ അവര്‍ പ്രതിഷ്ഠിക്കപ്പെട്ടു. ഗോസായി കൂട്ടുകുടുംബങ്ങളിലെ ഹവേലികളില്‍ നടക്കുന്ന പുരുഷ പീഡനങ്ങളും കാമകേളികളും ‘ബോധധാരപ്രവാഹ’ സങ്കേതങ്ങളുപയോഗിച്ച് മിത്രോ എന്ന നായികയിലൂടെ പറഞ്ഞു തന്ന് സോബ്തി ഉറഞ്ഞുതുള്ളി. സാമ്പ്രദായികതയെ ആക്രമിക്കാന്‍ അവര്‍ പേര് പോലും അപ്രസക്തമാക്കി കോറിയിട്ട കഥാപാത്രങ്ങളെ കൊണ്ട് ബഹുഭാഷാ ശബ്ദങ്ങളെ ഉപയോഗിച്ചു. ചില സന്ദര്‍ങ്ങളില്‍ ഏതാനും കഥാപാത്രങ്ങള്‍ രാജസ്ഥാനി ഡയലോഗുകളും ഉരുവിടുന്നത് കാണാം.
ശബ്ദവും ശരീരവും തമ്മിലുള്ള ബന്ധപ്പെടുത്തലിനെ ഇത്രയും തന്ത്രപൂര്‍വ്വം ക്രാഫ്റ്റില്‍ സന്നിവേശിപ്പിച്ച മറ്റൊരിന്ത്യന്‍ എഴുത്തുകാരി സമകാലീന സാഹിത്യത്തിലില്ല. ശബ്ദത്തെയും ശരീരത്തെയും സങ്കര സാംസ്‌കാരികതയിലൂടെ സന്നിവേശിപ്പിക്കുന്നതാണ് സോബ്തിയുടെ ഒട്ടുമിക്ക രചനകളും. സംസ്‌കാരത്തെ മൊഴിമാറ്റാന്‍ ഒരു ഭാഷയിലൂടെയും സാധ്യമല്ല എന്ന യാഥാര്‍ത്ഥ്യത്തെ സോബ്തിയുടെ സങ്കരസംസ്‌കാര ചിത്രീകരണം മൊഴിമാറ്റത്തിനെടുക്കുമ്പോള്‍ കൂടുതല്‍ പരിക്കുകളേല്‍പിക്കുന്നു. ഇന്ത്യയെന്ന വിസ്മയത്തെ അത് കൂടുതല്‍ മികവുറ്റതാക്കുന്നു എന്നതിന് അവരുടെ രചനകള്‍ സാക്ഷ്യം വഹിക്കുന്നു.

You must be logged in to post a comment Login