കെഎം മാണി അമിത് ഷായെ കാണും; കരുതലോടെ കുഞ്ഞാലിക്കുട്ടി

mani
കൊച്ചി: സോളാര്‍ ഇടപാടില്‍ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍വശ്രമങ്ങളും നടത്തുന്നുവെങ്കിലും പാര്‍ട്ടിയില്‍ ഐ വിഭാഗത്തില്‍നിന്നുള്ള സമ്മര്‍ദങ്ങള്‍ ശക്തമായ വെല്ലുവിളിയാണ്. എന്നാല്‍ യുഡിഎഫിനെ കുഴയ്ക്കുന്നത് ഘടകകക്ഷികളുടെ നിലപാടാണ്.

ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ദിവസം ചര്‍ച്ച നടത്തുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി വ്യക്തമാക്കി. കെ എം മാണിയെ തന്നെയോ അല്ലെങ്കില്‍ ജോസ് കെ മാണിയെയോ കേന്ദ്രമന്ത്രിയാക്കിയുള്ള സഹകരണത്തിനാണ് ബിജെപി ശ്രമം നടത്തിയിരുന്നത്. കോണ്‍ഗ്രസിനുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം പ്രയോഗിക്കാന്‍ ഈ നീക്കത്തിലൂടെ മാണിക്ക് സാധിക്കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുസ്ലീം ലീഗ് പരസ്യ പിന്തുണ നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ലന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച കാര്യങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും സംസ്ഥാന ഘടവും തീരുമാനിക്കട്ടെയെന്നാണ് പൂര്‍ണ്‍ പിന്തുണ നല്‍കാതെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്.

ഘടകകക്ഷി നേതാക്കളുമായി മുഖ്യമന്ത്രി ഇന്നലെ രാത്രി തന്നെ ടെലഫോണിലും നേരിട്ടും കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി നല്‍കാനും ഇന്നത്തെ പൊതുപരിപാടികള്‍ റദ്ദാക്കാനും മുഖ്യമന്ത്രി തീരുമാനിച്ചത്. ഘടകകക്ഷികളില്‍നിന്ന് പൂര്‍ണ പിന്തുണ ലഭിക്കുമെന്ന മുഖ്യമന്ത്രിയുടെ വിശ്വാസത്തിന് കോട്ടം തട്ടിയിട്ടുണ്ട്.

കോണ്‍ഗ്രസ് നേതൃത്വവുമായി കെഎം മാണി വളരെയേറെ അകന്നുകഴിഞ്ഞു. ദ്രുതപരിശോധന നടത്താനും എഫ്‌ഐആര്‍ ഇടാനുമുള്ള തീരുമാനം മുതല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ മാണി വിശ്വാസത്തിലെടുക്കാതായിരുന്നു. മന്ത്രി സ്ഥാനം തെറിച്ചതോടെ ഈ അകല്‍ച്ച കൂടുതലായി.

തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തും അതിന് ശേഷവും മാണിയുമായി സഹകരിക്കുന്നതിന് സന്നദ്ധമാണെന്ന് പരസ്യ പ്രതികരണം ബിജെപി കേരള ഘടകം നടത്തിയിരുന്നു. സാധ്യതയുള്ള പഞ്ചായത്തുകളില്‍ മാണിയുമായി ചേര്‍ന്ന് ഭരണസമിതി രൂപീകരിക്കാനായിരുന്നു ബിജെപി സംസ്ഥാന ഘടകത്തിന്റെ തീരുമാനം.

ജനതാദള്‍ യുണൈറ്റഡ് പുതിയ സംഭവങ്ങളോട് പരസ്യമായ പ്രതികരണത്തിന് ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി കോണ്‍ഗ്രസുമായും യുഡിഎഫ് നേതൃത്വവുമായും വിയോജിപ്പ് രേഖപ്പെടുത്തി നില്‍ക്കുകയാണ് വീരേന്ദ്ര കുമാര്‍. ഏത് സമയവും യുഡിഎഫ് വിടുമെന്ന സന്ദേശമാണ് വീരേന്ദ്രകുമാര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. മന്ത്രി കെപി മോഹനന് ഉണ്ടായ വിയോജിപ്പായിരുന്നു ഇതുവരെയുള്ള പ്രശ്‌നം. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതിച്ഛായ നഷ്ടപ്പെട്ട മുഖ്യമന്ത്രിയെ ന്യായീകരിക്കാതെ പുറത്തേക്കുള്ള വഴി നോക്കുകയാണ് ജനതാദള്‍ യുണൈറ്റഡും.

You must be logged in to post a comment Login