കെജ്‌രിവാളിനുനേരെ മഷി ആക്രമണം; യുവതി ആംആദ്മി സേന പ്രവര്‍ത്തക

bhavana

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുനേരെ മഷി എറിഞ്ഞ യുവതി ആംആദ്മി സേന പ്രവര്‍ത്തകയാണെന്ന് പോലിസ്. ആംആദ്മി പാര്‍ട്ടി വിമതരുടെ സംഘടനയാണ് ആംആദ്മി പാര്‍ട്ടി സേന. ഇതിന് മുമ്പും പലതവണ ആംആദ്മി പാര്‍ട്ടി സേന കെജ്‌രിവാളിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ഭാവന അറോറ എന്ന യുവതിയാണ് കെജ്‌രിവാളിന് നേരെ മഷി എറിഞ്ഞത്.

ഓഡ്ഈവന്‍ പദ്ധതി വിജയിപ്പിച്ചതിന് ജനങ്ങള്‍ക്ക് നന്ദിയറിയിക്കുന്നതിനുവേണ്ടി ഡല്‍ഹി സര്‍ക്കാര്‍ സംഘടിപ്പിച്ച പൊതുപരിപാടിക്കിടെയാണ് യുവതി കെജ്‌രിവാളിനെ ആക്രമിച്ചത്. 5,000 ഓളം ജനങ്ങള്‍ പങ്കെടുത്ത് വേദിയില്‍ കെജ്‌രിവാള്‍ പ്രസംഗിക്കുന്നതിന് ഇടയിലാണ് സംഭവം.

യുവതിയെ ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തിയെങ്കിലും അവരെ വെറുതെ വിടണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട കെജ്‌രിവാള്‍ ഡല്‍ഹിയില്‍ നല്ലത് എന്ത് സംഭവിച്ചാലും ഇതാവും ഫലമെന്നും പറഞ്ഞു. അതേസമയം കെജ്‌രിവാളിന് വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലിസ് പറഞ്ഞു.

You must be logged in to post a comment Login