കെവിന്റേത് മുങ്ങിമരണമെന്ന് രാസ പരിശോധനാഫലം; കൂടുതല്‍ പരിശോധനകള്‍ക്കായി ഡോക്ടര്‍മാരുടെ സംഘം നാളെ തെന്മലയില്‍

കോട്ടയം: കെവിന്റേത് മുങ്ങിമരണമാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ സ്ഥിരീകരിച്ച് രാസപരിശോധനാ ഫലം. ശരീരത്തിലുണ്ടായിരുന്നത് മൃതദേഹം കണ്ടെത്തിയ ചാലിയേക്കരയാറ്റിലെ വെള്ളം തന്നെയെന്ന് തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. കെവിന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശവും അന്വേഷണ സംഘം കണ്ടെത്തി.

വെള്ളം ചോദിച്ചപ്പോള്‍ കെവിന് മദ്യം നല്‍കിയതായി പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇക്കാര്യത്തിലെ കൂടുതല്‍ പരിശോധനകള്‍ക്കായി ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘം നാളെ തെന്മലയില്‍ പരിശോധന നടത്തും. ഇതിന് ശേഷം സംഘം പൊലീസിന് അന്തിമ റിപ്പോര്‍ട്ട് നല്‍കും.

കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം അന്വേഷണ സംഘത്തിന് അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മരണകാരണമായേക്കാവുന്ന പരിക്കുകളൊന്നും കെവിന്റെ ശരീരത്തിലില്ല. ആകെയുള്ള 15 മുറിവുകളില്‍ കൂടുതലും വീണപ്പോള്‍ ഉരഞ്ഞ് സംഭവിച്ചതാണ്. മുഖത്തേറ്റ ചതവുകള്‍ മര്‍ദ്ദനത്തിന്റേതാണെങ്കിലും ഇത് മരണകാരണമാണെന്നു പറയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

അക്രമി സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട കെവിനെ പ്രദേശത്ത് പുഴയുണ്ടെന്ന് അറിയാവുന്ന പ്രതികള്‍ ഓടിച്ച് വീഴ്ത്തിയതാണെന്നാണ് പൊലീസിന്റെ അനുമാനം

You must be logged in to post a comment Login