കെവിന്‍ വധം: തെളിവെടുപ്പ് ഇന്ന്

കൊല്ലം: കെവിന്‍ വധക്കേസിലെ പ്രതികളെ ഇന്ന് തെന്‍മലയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. മുഖ്യപ്രതി സാനു, പിതാവ് ചാക്കോ അടക്കമുള്ള പ്രതികളെ കോട്ടയം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് കൊല്ലത്ത് കൊണ്ടുവരുന്നത്. കെവിന്‍ ചാലിയേക്കര റോഡില്‍വച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. എന്നാല്‍, കെവിന്റെ സുഹൃത്ത് അനീഷ് ഇത് നിഷേധിച്ചിട്ടുണ്ട്. കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയക്കര തോടിന് സമീപമായിരിക്കും ആദ്യം തെളിവെടുപ്പ് നടത്തുക. അതിനുശേഷം ഗൂഢാലോചന നടന്ന ചാക്കോയുടെ വീട്, കെവിനെയും കൊണ്ട് സംഘം വാഹനത്തില്‍ സഞ്ചരിച്ച വഴികള്‍, സാനു ചാക്കോ കൃത്യത്തിനുശേഷം കടന്ന പത്തനാപുരം എന്നിവിടങ്ങളിലൊക്കെ എത്തിച്ച് തെളിവെടുപ്പ് നടത്തും.
കെവിന്‍ എങ്ങനെ കൊല്ലപ്പെട്ടു എന്നതിനെക്കുറിച്ച് ഇപ്പോഴും പൊലിസിന് വ്യക്തമായ വിവരമില്ല. ചാലിയേക്കര റോഡില്‍നിന്ന് കെവിന്റെ മൃതദേഹം കിടന്നിരുന്ന തോട്ടിലേക്ക് അറുപത് അടി താഴ്ചയുണ്ട്. ഈ സ്ഥലത്തുകൂടി കെവിന്‍ ഓടി രക്ഷപ്പെട്ടു എന്ന മൊഴിയാണ് പൊലിസിനെ കുഴയ്ക്കുന്നത്. ചാലിയേക്കര തോടിനുസമീപം ചെറിയൊരു പാലമുണ്ട്. അവിടെ നിന്ന് കെവിനെ വലിച്ചെറിഞ്ഞതാണോയെന്ന് പരിശോധിക്കും. വാഹനം ഓടിച്ചിരുന്ന നിയാസിന്റെ വീട്ടിലും തെളിവെടുപ്പ് നടത്തും. പ്രതികളെ എത്തിക്കുമ്പോള്‍ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തെന്‍മലയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ ഒരുക്കും. ഇനിയും പ്രതികളെ പിടികൂടാനുണ്ട്.

You must be logged in to post a comment Login