കെ.എസ്.ഇ.ബിയുടെ അമിത ലാഭക്കൊതി? വിവാദങ്ങള്‍ക്ക് മറുപടി ഇങ്ങനെ…

കേരളത്തില്‍ കഴിഞ്ഞ 90 വര്‍ഷമായി, ഒരുപക്ഷെ പല തലമുറകള്‍ക്കും പരിചയമില്ലാത്ത ഒരു മഹാപ്രളയമാണ് ഉണ്ടായത്. മഹാപ്രളയത്തിനിടയിലും ശക്തമായ ആരോപണങ്ങള്‍ ഏല്‍ക്കേണ്ടി വന്ന ഒരു വിഭാഗമാണ് നമ്മുടെ കെ.എസ്.ഇ.ബി. ലാഭം മാത്രം മുന്‍കൂട്ടി കണ്ടുകൊണ്ട് അണക്കെട്ടുകളില്‍ ജലം സംഭരിച്ച് വെച്ചതാണ് പ്രളയത്തെ ഇത്രയും ദുരിതപൂര്‍ണമാക്കിയതെന്നാണ് പ്രധാന ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് അക്കമിട്ട് വിശദീകരണവുമായി എത്തിയിരിക്കുകയാണ് കെ.എസ്.ഇ.ബി. ജീവനക്കാര്‍.

ലാഭേച്ഛ മാത്രം കണക്കാക്കിയാല്‍ ഗ്രാമങ്ങളിലെ വൈദ്യുതീകരണം, ഇടമലക്കുടി പോലുള്ള നൂറുകണക്കിന് ഒറ്റപ്പെട്ട പ്രദേശങ്ങളിലെ വൈദ്യതികരണം ഒരുപക്ഷേ വെറും സ്വപനം മാത്രമായി അവശേഷിച്ചേനെയെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അണക്കെട്ടുകള്‍ മഴ മുന്‍കൂട്ടി കണ്ടു തുറന്നു വിടണമായിരുന്നു എന്നാണ് ഒരു കൂട്ടര്‍ കെ.എസ്.ഇ.ബിയ്‌ക്കെതിരായി ഉന്നയിക്കുന്ന ആരോപണം. ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ 26 വര്‍ഷങ്ങള്‍ക്കു ശേഷം അല്‍പം ഉയര്‍ത്തിയതോടെ തന്നെ പുഴയുടെ തീരത്തുള്ള നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയതും, അവരെ മാറ്റിപാര്‍പ്പിക്കേണ്ടി വന്നതും. ഇങ്ങനെയൊരു ചരിത്ര ദൗത്യം മഴ മുന്‍കൂട്ടി കണ്ടു ചെയ്യാന്‍ സാധിക്കുമോ?. അങ്ങനെ ചെയ്യണമെങ്കില്‍ അതിനു ശക്തമായ ഒരു കാലാവസ്ഥ പ്രവചനം വേണ്ടിയിരുന്നുവെന്നും കെ.എസ്ഇ.ബി. ജീവനക്കാര്‍ പറയുന്നു. ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങള്‍ സാദാരണയായി നല്ല ചൂട് അനുഭവപ്പെടുന്ന സമയം ആണ്, ഈ സമയത്ത് പരമാവധി വൈദ്യുതി ഉല്‍പാദിപ്പിച്ചും, ചൂടിന്റെ കാഠിന്യത്തിലും വെള്ളത്തിന്റെ അളവ് കുറഞ്ഞ് ഡാമുകള്‍ തുലാവര്‍ഷത്തെ വെള്ളം സംഭരിക്കാന്‍ സജ്ജമാകും എന്നത് കുറ്റപ്പെടുത്താനാനാകാത്ത ഒരു കണക്കുകൂട്ടലായിരുന്നു, 2007 ലും 2013ലും കെ.എസ്.ഇ.ബി ഇത്തരത്തില്‍ സംഭരിച്ചതുമാണ്. പക്ഷെ ശക്തമായ മഴ ഇതിനിടയില്‍ പെയ്യും എന്നറിഞ്ഞത് മഴ പെയ്തുകഴിഞ്ഞു മാത്രമാണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനങ്ങള്‍ ആ ദിവസത്തെ റിപ്പോര്‍ട്ടുകള്‍ നോക്കിയാല്‍ അറിയാവുന്നതാണെന്നും അവര്‍ വിശദീകരിക്കുന്നു. ഇതില്‍ കെ.എസ്ഇ.ബിയെ മാത്രം കുറ്റക്കാരാക്കുന്നത് എങ്ങനെ? തുടങ്ങി കൃത്യമായ വിവരങ്ങളുടെ ലഭ്യതയില്ലായ്മയും അവര്‍ എടുത്തു കാട്ടുന്നു.

ഡാം തുറന്നു വിട്ടതിനെ പറ്റി മുന്നറിയിപ്പുകള്‍ നല്‍കിയില്ല എന്നാണ് മറ്റൊരു ആരോപണം: ശബരിഗിരി, ഷോളയാര്‍ തുടങ്ങിയ ഡാമുകളുടെ വാട്ടര്‍ ലെവല്‍, അലെര്‍ട്ടുകള്‍ എല്ലാം യഥാസമയം നല്‍കുന്നുണ്ടായിരുന്നു. ഇതിന്റെ എല്ലാ രേഖകളും സര്‍ക്കാരിന്റെയും, കെ.എസ്.ഇ.ബിയുടെയും കൈവശം ഉണ്ടെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം.

കൂടാതെ ഇതൊരു സാധരണ വെള്ളപൊക്കമായിരുന്നുവെന്നും, അല്‍പം മഴ കൂടിയതേ ഉള്ളു, ഡാമുകള്‍ തുറന്നതുകൊണ്ടു ഉണ്ടായതാണ് എന്നൊക്കെ ചിലര്‍ പറയുന്നു. എന്നാല്‍ ആഗസ്ത് 14-17 ഇടയ്ക്കു പെയ്ത മഴയുടെ ഭീകരത ഈ ആരോപണങ്ങളെ തള്ളും. ഇടുക്കി, മൂഴിയറിലെ എല്ലാം നഷ്ടപ്പെട്ട പ്രദേശവാസികള്‍ പറയും ഇതുപോലൊരു മഴ അവര്‍ ഈ നൂറ്റാണ്ടില്‍ കണ്ടിട്ടില്ല എന്ന്.

വീട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ ആയിരങ്ങളാണ്. ഭാഗികമായി തകര്‍ന്നവര്‍ അതിലേറെയും. കിഴക്കന്‍ മേഖലയില്‍ പെയ്ത ഈ ഭീകര മഴയില്‍നിന്നു ഒരു പരിധിവരെ കേരളത്തെ രക്ഷിച്ചത് ഈ അണക്കെട്ടുകള്‍ ആണെന്ന വസ്തുത വിസ്മരിക്കരുതെന്നും, 2018 നെക്കാള്‍ കുറഞ്ഞ മഴ പെയ്ത 1924 ലെ വെള്ളപ്പൊക്കവും, അന്ന് വെള്ളം കയറിയ അളവില്‍ ഈ തവണ ഉയര്‍ന്നില്ല എന്നുള്ള വസ്തുതയും മറച്ചുവയ്ക്കരുതെന്നും അവര്‍ പറയുന്നു.

പ്രളയത്തിനു പിന്നാലെ കൂണുപോലെ പൊങ്ങിവന്ന ചില അണകെട്ട് വിരുദ്ധരോട് പറയാനുള്ളത് ഇതാണ്: ഹൈഡ്രോപവര്‍ പോലെ ക്ലീന്‍ എനര്‍ജി വേറെ ഒന്നില്ല, സോളാര്‍ പോലെ സ്ഥിരതയില്ലാത്ത ഒരു ഉറവിടത്തെ മാത്രം ആശ്രയിച്ചു കേരളത്തിന്റെ ഊര്‍ജ്ജ ആവശ്യം ഒരിക്കിലും അഭിമുഖീകരിക്കാന്‍ കഴിയില്ല. പിന്നെ ശ്രീ. മാധവ് ഗാഡ്ഗില്‍, അദ്ദേഹം ഡാമുകളുടെ കാര്യത്തില്‍ ആധികാരിക അഭിപ്രായം നടത്താന്‍ പറ്റിയ ഒരാളാണെന്ന് തോന്നുന്നില്ല, കാരണം അദ്ദേഹത്തിന്റെ ഗവേഷണം ടാജെ സുവോളജിയും ഇക്കോളജിയുമൊക്കെ ആണ്. കഴിഞ്ഞ 60 വര്‍ഷമായി ഡാമുകള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നവര്‍ ആണ് കെ.എസ്.ഇ.ബി. എഞ്ചിനിയേര്‍സെന്നും ഓര്‍മ്മിപ്പിക്കുന്നു.

കെ.എസ്.ഇ.ബിയുടെ ലാഭക്കൊതി!: കേരളത്തിന്റെ അഭിമാനമായ വൈദ്യുതി നിലയം, മൂലമറ്റത്തേക്കുള്ള, ലക്ഷകണക്കിന് യൂണിറ്റ് വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ വെള്ളമാണ് ഓരോ സെക്കന്റിലും തുറന്നു വിട്ടത്. അതിന്റെ നഷ്ടം കെ.എസ്.ഇ.ബിക്ക് മാത്രമാണോ, കേരളത്തിന് അല്ലേ. കെ.എസ്.ഇ.ബി. എന്നും കേരളത്തിന് ഗുണകരമായ നിലപാടുകള്‍ക്ക് വേണ്ടി മാത്രമാണ് നിലനില്‍ക്കുക. കാരണം ഇതു കേരളത്തിലെ ജനങ്ങളുടെ സ്ഥാപനമാണ്. നഷ്ടവും ലാഭവും എല്ലാം നമ്മള്‍ മലയാളികള്‍ക്കാണ്. വേനല്‍കാലത്തേക്കു വെള്ളം സംഭരിച്ചുവച്ചാല്‍ അതിന്റെ ലാഭവും കേരളത്തിന് ആണ്, കുടിവെള്ള വിതരണവും, ജലസേചനവും അതുപോലെതന്നെ കൂടുതല്‍ അഭ്യന്തര വൈദ്യുതി ഉത്പാദിപ്പിച്ചു വൈദ്യുതിനിരക്ക് നിയന്ത്രിച്ചാലും അതിന്റെ ലാഭവും നമ്മള്‍ മലയാളികള്‍ക്ക് തന്നെയാണ്. പവര്‍ കട്ട് ഒഴിവാക്കിയാല്‍ അതിന്റെ നേട്ടവും കേരളത്തിനാണ്. കഴിഞ്ഞ 60 വര്‍ഷമായി സംഭവിക്കാത്ത ഒന്നു നടന്നെങ്കില്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും കെ.എസ്ഇ.ബിയുടെ തലയില്‍ കെട്ടിവെക്കുന്നതു ഈ സ്ഥാപനത്തിന്റെ നല്ല രീതിയിലുള്ള പ്രവര്‍ത്തനത്തിലെ വിലങ്ങു തടികളായിരിക്കും. കെ.എസ്ഇ.ബിയിലെ ജീവനക്കാര്‍ രാപ്പകല്‍ അദ്വാനിക്കുകയാണ്, താറുമാറായ വൈദ്യുതി കണക്ഷനുകള്‍ പുനഃസ്ഥാപിക്കാന്‍, തകര്‍ന്നു പോയ പവര്‍ ഹവ്വസുകള്‍ പണിതെടുക്കാന്‍, വെള്ളം കയറിയ സബ്സ്റ്റേഷനുകള്‍ ചാര്‍ജ് ചെയ്യാന്‍… ഈ സ്ഥാപനത്തെ ബലിയാടാക്കരുതെന്നും, ഞങ്ങളുടെ ആത്മവീര്യം തകര്‍ക്കരുതെന്നുമാണ് ജീവനക്കാര്‍ക്ക് പറയാനുള്ളത്…

ഇനി ഒരുപക്ഷേ ഒരു കടുത്ത വേനല്‍കാലവും വീണ്ടും ഒരു മഴക്കാലവുമൊക്കെ വന്നേക്കാം, അന്ന് തുറന്നു വിട്ട വെള്ളത്തിന്റെ നഷ്ടക്കണക്കും,
ലാഭകണക്കുമൊക്കെ ഇതേ പോലെ ചര്‍ച്ച ചെയ്തു ആരെയെങ്കിലുമൊക്കെ പഴിചാരിയെക്കാം, വേനല്‍ക്കാലത്തു കുടിവെള്ളത്തിനായി ആളുകള്‍ നെട്ടോട്ടമോടുമ്പോള്‍ ആവശ്യത്തിന് വെള്ളം ഡാമുകളില്‍ സംഭരിച്ചുവച്ചില്ല എന്നുവരെ പറഞ്ഞേക്കാം. അന്ന് ഇന്നത്തെ ചര്‍ച്ചകള്‍ നമ്മള്‍ മലയാളികള്‍ വിസ്മരിക്കാതെ ഇരിക്കട്ടെയെന്നും കെ.എസ്.ി.ബി. ജീവനക്കാര്‍ പറഞ്ഞു നിര്‍ത്തുന്നു.

 

You must be logged in to post a comment Login