കെ.എസ്.ഇ.ബിയെ മൂന്ന് കമ്പനിയായി വിഭജിക്കില്ല; ജീവനക്കാര്‍ക്ക് പെന്‍ഷന് ഗ്യാരണ്ടി നല്‍കും: ആര്യാടന്‍

കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് പെന്‍ഷന് ഗ്യാരണ്ടി നല്‍കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഗ്യാരണ്ടി രേഖാമൂലം നല്‍കും. കെ.എസ്.ഇ.ബിയെ മൂന്ന് കമ്പനിയായി വിഭജിക്കില്ലെന്നും ഒറ്റക്കമ്പനിയായി നിലനിര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.
നേരത്തെ കെ.എസ്.ഇ.ബിയെ കമ്പനിയാക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ യോഗം അനുമതി നല്‍കിയിരുന്നു. 2003ലെ കേന്ദ്ര വൈദ്യൂതി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ഇ.ബിയെ കമ്പനിയാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

കമ്പനിയാക്കുന്നതോടെ കെ.എസ്.ഇ.ബിയുടെ ആസ്തി ബാധ്യതകള്‍ കമ്പനിയില്‍ നിക്ഷിപ്തമാകും. ഇപ്പോള്‍ ഇത് സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. മാത്രമല്ല പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും കമ്പനിയായിരിക്കും ഇനി കൈകാര്യം ചെയ്യുക. പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ട്രസ്റ്റ് രൂപീകരിക്കും. നിലവില്‍ ഏഴായിരം കോടി രൂപയാണ് പെന്‍ഷന്‍ നല്‍കാന്‍ വേണ്ടത്. 2008ലാണ് കെഎസ്ഇബി കമ്പനിയാക്കണമെന്ന ആവശ്യമുയരുന്നത്.

സേവന വേതന വ്യവസ്ഥകള്‍ ഇപ്പോഴത്തെ നിലയില്‍ തുടരുമെന്നാണ് വാഗ്ദാനമെങ്കിലും കമ്പനിയാക്കാനുള്ള തീരുമാനത്തില്‍ തൊഴിലാളികള്‍ കടുത്ത ആശങ്കയിലാണ്. ഇതിനെതുടര്‍ന്നാണ് മന്ത്രിയുടെ പുതിയ ഉറപ്പ്.

You must be logged in to post a comment Login