കെ കെ റോഡിനെ മനോഹരിയാക്കി വളഞ്ഞങ്ങാനം

valanjangaanam pics (2)റ്റിന്‍സ് ജെയിംസ്
കുട്ടിക്കാനം:  കോട്ടയം കുമളി സംസ്ഥാന പാതയെ മനോഹരിയാക്കി വളഞ്ഞങ്ങാനം വെള്ളച്ചാട്ടം ജലസമൃദ്ധമായി. സമുദ്ര നിരപ്പില്‍ നിന്നും 3500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പീരുമേട് വിനോദ സഞ്ചാര മേഖലയില്‍ മണ്‍സൂണ്‍ കാലത്തെ അതിപ്രധാന ആകര്‍ഷണവും ഈ വെള്ളച്ചാട്ടമാണ്. കോട്ടയത്തു നിന്നും തേക്കടി പീരുമേട് മേഖലയിലേയ്ക്കുള്ള വിനോദ സഞ്ചാരികളുടെ യാത്രയില്‍ ഇടതാവളമായി മാറുന്ന വളഞ്ഞങ്ങാനം വെള്ളച്ചാട്ടം ശബരിമല സീസണില്‍ മല കയറാന്‍ പോകുന്ന അന്യ സംസ്ഥാനക്കാരുള്‍പ്പടെയുള്ള തീര്‍ത്ഥാടകരുടെ ഇടതാവളമായി മാറുന്നു.
ശ്രീമൂലം തിരുനാള്‍ പണി കഴിപ്പിച്ച വേനല്‍കാല വസതിയായ കുട്ടിക്കാനം സമ്മര്‍ പാലസ്, നല്ലതണ്ണി വ്യൂ പോയിന്റ് തുടങ്ങിയ സ്ഥലങ്ങളും ഈ വെള്ളചാട്ടത്തിന് സമീപത്താണ്. 25 മീറ്റര്‍ ഉയരമുള്ള വെള്ളച്ചാട്ടം വേനലില്‍ പോലും വറ്റാറില്ല എന്ന പ്രത്യേകതയുമുണ്ട്. ഈ വെള്ളചാട്ടം കണ്ടിറങ്ങുന്ന യാത്രക്കാരെ ആശ്രയിച്ച് ഇരുപതോളം വഴി വാണിഭക്കാരും ഉപജീവനം നടത്തുന്നുണ്ട്. കുളിക്കുവാനും വസ്ത്രം മാറുവാനുമുള്ള സൗകര്യവും ഇവിടെയുണ്ട്. എന്നാല്‍ സഞ്ചാരികള്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ വെള്ളച്ചാട്ടത്തെയും സമീപത്തെ വനഭൂമിയിലെ ജൈവസമ്പത്തിനെയും ഒരുപോലെ ബാധിക്കുന്നു. കഴിഞ്ഞ ശബരിമല സീസണില്‍ സഞ്ചാരികള്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പോലും ഇതുവരെ നീക്കം ചെയ്യാന്‍ വനം വകുപ്പും പഞ്ചായത്തും തയ്യാറായിട്ടില്ല.

You must be logged in to post a comment Login