കെ. ബാബുവിനെതിരായ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു

ദൈവം വളരെ വലിയവനാണെന്നും ഇന്നത്തെ ദിവസത്തില്‍ സന്തോഷിക്കുന്നുവെന്നും ബാബു

k-babu-bar-

കൊച്ചി: ബാര്‍ കോഴ കേസില്‍ കെ.ബാബുവിന് ഹൈക്കോടതിയില്‍ നിന്ന് ആശ്വാസ നടപടി. ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് മരവിപ്പിച്ചു. രണ്ടു മാസത്തേക്കാണ് മരവിപ്പിച്ചത്. എന്നാല്‍ പത്തു ദിവസത്തിനകം ബാബുവിനെതിരായ ദ്രുതപരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈകോടതിയില്‍ ഇത് സംബന്ധിച്ച് കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിജിലന്‍സ് കോടതി ഇത്തരത്തില്‍ ഉത്തരവിട്ടത് അനൗചിത്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റീസ് പി.ഉബൈദിന്റേതാണ് ഉത്തരവ്.

വിജിലന്‍സ് കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കിയതോടെ ബാബു മന്ത്രിസ്ഥാനം രാജിവെച്ച സാഹചര്യം ഒഴിവായതായാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. രാജി കത്ത് നല്‍കി അഞ്ചു ദിവസം പിന്നിട്ടിടും മുഖ്യമന്ത്രി കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ല. രാജി സ്വീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയാല്‍ ബാബുവിന് മന്ത്രിസ്ഥാനത്ത് തുടരാനാകും. രാജിവെക്കാനുള്ള തീരുമാനം പുതിയ സാഹചര്യത്തില്‍ പാര്‍ട്ടിയുമായി ആലോച്ച് തീരുമാനമെടുക്കുമെന്ന് ബാബു വ്യക്തമാക്കി.

വിജിലന്‍സ് കോടതിയുടെ നടപടി ധൃതിപിടിച്ചതാണെന്നും പരാതിക്കാരന്റെ വാദം കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ജസ്റ്റീസ് ഉബൈദ് നിരീക്ഷിച്ചു. കോടതി നടപടി അപക്വമായ സമയത്താണ്. കേസ് അതിന്റെ പ്രാഥമിക ഘട്ടത്തിലാണ്. അന്വേഷണം നടക്കട്ടെ, ഇപ്പോള്‍ കോടതിയുടെ മേല്‍നോട്ടം ഈ സാഹചര്യത്തില്‍ ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

താന്‍ രാജി വെച്ചതുപോലും കോടതിയുടെ വിധി പകര്‍പ്പ് കിട്ടാതെയാണ്. ഒരു സാധാരണ പൗരനെന്ന നിലയിലാണ് കോടതിയെ സമീപിച്ചത്. എന്റെ അഭിഭാഷകരോട് എനിക്ക് അങ്ങേയറ്റം നന്ദിയുണ്ട്. ഹൈക്കോടതിയില്‍ കേസ് കൊടുത്ത സാഹചര്യത്തില്‍ അല്ല രാജി കൊടുത്തതും. രാജി എന്ന എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ മാറ്റമില്ല. പാര്‍ട്ടിയോടും, മുഖ്യമന്ത്രിയടക്കമുളളവരോടും കൂടീയാലോചിച്ചിട്ട് മാത്രമെ അടുത്ത നടപടി കൈക്കൊള്ളു. ദൈവം വളരെ വലിയവനാണെന്നും ഇന്നത്തെ ദിവസത്തില്‍ സന്തോഷിക്കുന്നുവെന്നും ബാബു പറഞ്ഞു.

You must be logged in to post a comment Login