കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി ഇന്ന് ചുമതലയേല്‍ക്കും

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ ഇന്ന്
ചുമതലയേല്‍ക്കും. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്തെ പാര്‍ട്ടി
ആസ്ഥാനത്താണ് ചടങ്ങ്. കേന്ദ്ര നേതാക്കളുള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍
സംബന്ധിക്കുമെന്നാണ് സൂചന

നീണ്ട നാളത്തെ ഇടവേളക്കും അനിശ്ചിതത്വത്തിനും ഒടുവിലാണ് കേരളത്തില്‍ ബിജെപിക്ക് അധ്യക്ഷനെ ലഭിക്കുന്നത്. കെ സുരേന്ദ്രന്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുമ്പോള്‍ അത് കേരളാ ബിജെപിയില്‍ തലമുറ മാറ്റത്തിന്റെ കൂടി തുടക്കമാകും. കേന്ദ്രനേതാക്കളും സുരേന്ദ്രന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ സംബന്ധിച്ചേക്കും.

അതേസമയം, സുരേന്ദ്രനെ അധ്യക്ഷനാക്കിയതില്‍ അസ്വസ്ഥരായ പി കെ കൃഷ്ണദാസ്
പക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങിനെത്തുമോയെന്നത് ശ്രദ്ധേയമാണ്.
രാവിലെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തുന്ന സുരേന്ദ്രന്
ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ വലിയ സ്വീകരണമാണ്
ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് വാഹനങ്ങളുടെ അകമ്പടിയോടെ പാര്‍ട്ടി
ആസ്ഥാനത്തെത്തും. ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം സ്വീകരണ പരിപാടിയിലും
പങ്കെടുക്കും.

കേന്ദ്രനേതൃത്വവും ആര്‍എസ്എസുമായുളള വിശദ ചര്‍ച്ചകള്‍ക്ക്
ശേഷമായിരിക്കും ഭാരവാഹി നിര്‍ണയം പൂര്‍ത്തിയാക്കുക. ജനറല്‍ സെക്രട്ടറി
സ്ഥാനത്തേക്ക് കൃഷ്ണദാസ് പക്ഷം നേതാക്കളെത്തുമോയെന്നതും നിര്‍ണായകമാവും.
ഫെബ്രുവരി 29 നകം ഭാരവാഹി നിര്‍ണയം പൂര്‍ത്തിയാക്കണമെന്നതാണ്
കേന്ദ്രനിര്‍ദേശം. അതുകൊണ്ടു തന്നെ ഒരാഴ്ചക്കുള്ളില്‍ ഭാരവാഹികളെ
തീരുമാനിച്ചേക്കുമെന്നാണ് സൂചന.

You must be logged in to post a comment Login