Breaking News

കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു; ജാമ്യം കര്‍ശന ഉപാധികളോടെ

കൊച്ചി: ചിത്തിര ആട്ടസമയത്ത് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ കേസില്‍ ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സുരേന്ദ്രന്‍ പത്തനംതിട്ട ജില്ലയില്‍ കയറാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. രണ്ട് പേരുടെ ആള്‍ജാമ്യം വേണം. രണ്ട ് ലക്ഷം രൂപ കെട്ടിവയ്ക്കണം. 21 ദിവസങ്ങള്‍ക്ക് ശേഷമാണ് സുരേന്ദ്രന്‍ ജയില്‍ മോചിതനാകുന്നത്.

കഴിഞ്ഞ ദിവസം കേസിൽ വാദം കേട്ട ഹൈക്കോടതി സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തനിക്കെതിരെ നടന്നത് വ്യക്തി വിരോധം തീർക്കാനുള്ള നടപടിയാണെന്നാണ് സുരേന്ദ്രൻ കോടതിയെ അറിയിച്ചത്.

സുരേന്ദ്രനെതിരെ 15 കേസുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. എട്ട് കേസുകളില്‍ ജാമ്യം എടുക്കാതിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ്, വാറന്റ് ആയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വ്യത്യസ്ത സമയങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 15 കേസുകളിലെ അവസാനത്തെ കേസാണ് ശബരിമല ചിത്തിര ആട്ട സമയത്തെ വധശ്രമക്കേസ്.

ചിത്തര ആട്ട പൂജാ ദിവസം സന്നിധാനത്ത് 52 വയസുള്ള തീർഥാടകയെ ആക്രമിച്ച കേസിൽ കെ.സുരേന്ദ്രന്റെ റിമാൻഡ് പത്തനംതിട്ട കോടതി നീട്ടിയിരുന്നു. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്നലെ കോടതിയിൽ ഹാജരാക്കിയ സുരേന്ദ്രനെ 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.

തന്നെ ആജീവനാന്തം ജയിലിലിടാനുള്ള ഗൂഢാലോചനയാണ് പൊലീസ് നടത്തുന്നതെന്നു സുരേന്ദ്രൻ ആരോപിച്ചിരുന്നു. പൊലീസ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു. പൊലീസിന്റെ കള്ളക്കള്ളിയാണിത്. പൊലീസിന്റെ പ്രതികാര നടപടികളുടെ ഒടുവിലത്തെ ഉദാഹരമാണ് തനിക്കു ചായ വാങ്ങി നൽകിയ ഇൻസ്പെക്ടർക്കെതിരായ സസ്പെൻഷൻ എന്നും സുരേന്ദ്രൻ പറഞ്ഞു. കോടതിയിൽ സുരേന്ദ്രനെ എത്തിച്ചപ്പോൾ മുതൽ ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി സംഘടിച്ചിരുന്നു. പൂജപ്പുര ജയിലിലേക്കു തിരികെ കൊണ്ടു പോകുമ്പോൾ പ്രവർത്തകർ പൊലീസ് വാഹനത്തിനു മുന്നിൽ നിന്ന് മുദ്രാവാക്യം വിളിച്ചിരുന്നു.

You must be logged in to post a comment Login