കേന്ദ്രത്തിന്റേത് കടുത്ത വിവേചനം; രാഷ്ട്രീയം നോക്കിയല്ല സഹായിക്കേണ്ടതെന്ന് വി എസ് സുനിൽകുമാർ

മാനദണ്ഡങ്ങൾക്ക് അപ്പുറമുള്ള സഹായമാണ് കേരളത്തിന് വേണ്ടതെന്നും കേന്ദ്രം മാനദണ്ഡങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിക്കുകയാണെന്നും മന്ത്രി വിഎസ് സുനിൽകുമാർ. നിലമ്പൂരിൽ ദുരിതപ്രദേശങ്ങളിലെ സന്ദർശന വേളയിലാണ് മന്ത്രിയുടെ വിമർശനം. അതേസമയം കവളപ്പാറയിൽ ഇനിയും കണ്ടെത്താനുള്ള 11 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു മന്ത്രിയുടെ വിമർശനം. കേന്ദ്രം കേരളത്തെ ബുദ്ധിമുട്ടിക്കുകയാണെന്നും രാഷ്ട്രീയം നോക്കിയല്ല സംസ്ഥാനങ്ങളെ സഹായിക്കേണ്ടതന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന് ഒറ്റയ്ക്ക് കാർഷിക കടങ്ങൾ എഴുതി തള്ളാനാവില്ലന്നും കേന്ദ്രം വിവേചനം കാണിക്കുകയാണെന്നും മന്ത്രി ആരോപിച്ചു

പോത്തുകല്ലിൽവച്ച് നടന്ന അവലോകന യോഗത്തിൽ പങ്കെടുത്ത മന്ത്രി കവളപ്പാറ ഉൽപ്പടെയുള്ള ദുരിത പ്രദേശങ്ങൾ സന്ദർശിച്ചു. തിരച്ചിൽ ഊർജിതമാകുമ്പോഴും ഇന്നലെയും ഇന്നും ആരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇന്നലെ രാത്രി പെയ്ത കനത്ത മഴ തിരച്ചിലിന് തടസം സൃഷ്ടിച്ചു. കവളപ്പാറയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ എല്ലാ പ്രദേശങ്ങളിലും തിരച്ചിൽ പൂർത്തിയായിട്ടുണ്ട്. ഒരിക്കൽ തിരച്ചിൽ നടത്തിയ ഭാഗങ്ങളിൽ തന്നെ കൂടുതൽ ആഴത്തിൽ മണ്ണ് നീക്കിയുള്ള പരിശോധനയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

You must be logged in to post a comment Login