കേന്ദ്രനേതൃത്വത്തിന് വീണ്ടും വിഎസിന്റെ കത്ത്; സംഘടനാ സംവിധാനം ശക്തിപ്പെടുത്തണമെന്ന് ആവശ്യം

തിരുവനന്തപുരം: കേന്ദ്രനേതൃത്വത്തിന് വീണ്ടും വിഎസ് അച്യുതാനന്ദന്‍ കത്ത് നല്‍കി. ദേശീയതലത്തിലുള്ള പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കുന്നതിനായി സംഘനയെ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. നോട്ട് നിരോധനം അടക്കമുള്ള വിഷയങ്ങളില്‍ ദേശീയ തലത്തില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭം നടത്തണമെന്നും മകന്‍ വി.എ.അരുണ്‍ കുമാര്‍ മുഖേന നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഘടന ദുര്‍ബലമായ സ്ഥലങ്ങളില്‍ പാര്‍ട്ടി നേതൃത്വം അടിയന്തരമായി ഇടപെടണം. കേന്ദ്ര സര്‍ക്കാരിനെതിരെ ജനരോഷം ഉയര്‍ന്നു വരുന്നതിനാല്‍ തന്നെ അത് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഉയര്‍ത്തിക്കാര്‍ട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ കൂടുതല്‍ പ്രക്ഷോഭങ്ങള്‍ നടത്തണം. പാര്‍ട്ടി പ്രവര്‍ത്തകരെ മാത്രമല്ല ബഹുജനങ്ങളെ അണിനിരത്തിയുള്ള സമരമാണ് ഇനി നടത്തേണ്ടത്. ജനങ്ങളെ കൂടുതലായി സമരരംഗത്ത് കൊണ്ടുവരുന്നതിന് സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയേ മതിയാവൂ. പലയിടത്തും പാര്‍ട്ടി ഇപ്പോള്‍ ദുര്‍ബലാവസ്ഥയിലാണ്. ജനകീയ സമരങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതില്‍ പിന്നോട്ട് പോയിട്ടുണ്ടോയെന്ന് സംശയമുണ്ട്. അതിനാല്‍ തന്നെ അടിയന്തരമായി സംഘടനയെ സമരസജ്ജമാക്കണമെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കൊലക്കേസില്‍ പ്രതിയായ മന്ത്രി എം.എം.മണിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ വി.എസ് കത്തു നല്‍കിയിരുന്നു.  എന്നാൽ ഇത്തരമൊരു കത്ത് കിട്ടിയിട്ടില്ലെന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചത്. ഇതു സംബന്ധിച്ച വിവാദങ്ങൾ അവസാനിക്കുന്നതിനു മുമ്പാണ് പൊളിറ്റ് ബ്യൂറോയ്ക്ക് വീണ്ടും വിഎസ് കത്തയച്ചിരിക്കുന്നത്.

You must be logged in to post a comment Login