കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവച്ചു

ശിവസേന നേതാവ് അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രി സഭയിൽ നിന്ന് രാജിവച്ചു. മഹാരാഷ്ട്രയിൽ ശിവസേന സർക്കാരുണ്ടാക്കുമെന്ന സൂചനകൾ നിലനിൽക്കെയാണ് അരവിന്ദ് സാവന്തിന്റെ രാജി. എൻസിപിയും കോൺഗ്രസ് നേതാക്കളുമായി അവസാനവട്ട ചർച്ചകളിലേക്ക് സേന കടന്നു.

എൻഡിഎ വിട്ട ശേഷം മാത്രം സഖ്യ ചർച്ചകൾ എന്ന എൻസിപി നിലപാടിനു പിന്നാലെയാണ് അരവിന്ദ് സാവന്ത് കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചത്. ഇതോടെ സഖ്യ ചർച്ചകൾക്കുള്ള തടസം മാറി. എൻസിപിയും ശിവസേനയും ചേർന്ന് സർക്കാർ ഉണ്ടാക്കുമെന്നാണ് സൂചന. കോൺഗ്രസ് പുറത്തു നിന്ന് പിന്തുണച്ചാൽ മതിയെന്ന് ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ട്. കാര്യങ്ങൾ നിരീക്ഷിക്കുന്നതിന് അഹമ്മദ് പട്ടേൽ, മധുസൂതൻ മിസ്ത്രി എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി, മന്ത്രിമാർ എന്നീ കാര്യങ്ങളിൽ സമവായ ചർച്ചകൾ തുടങ്ങി എന്നാണ് സൂചന. ശരത് പവാർ ഉദ്ധവ് താക്കറെയുമായി ഇന്ന് കൂടികാഴ്ച നടത്തും. അതിന് ശേഷമാകും സഖ്യ പ്രഖ്യാപനം. ഇന്ന് വൈകിട്ട് 7.30 വരെയാണ് ഭൂരിപക്ഷം തെളിയിക്കാൻ സേനക്ക് ഗവർണർ സമയം അനുവദിച്ചിരിക്കുന്നത്.

You must be logged in to post a comment Login