കേന്ദ്രമന്ത്രി മുണ്ടെ അപകടത്തില്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഉന്നത ബിജെപി നേതാവും കേന്ദ്രഗ്രാമവികസനമന്ത്രിയുമായ ഗോപിനാഥ് മുണ്ടെ(64) വാഹനാപകടത്തില്‍ മരിച്ചു.
ഇന്നലെ രാവിലെ 6.20 ന് ഡല്‍ഹിയിലെ മോത്തിബാഗിനു സമീപമാണ് അപകടമുണ്ടായത്.   മഹാരാഷ്്ട്രയിലെ ബീഡ് മണ്ഡലത്തില്‍ ഇന്നു നടക്കുന്ന സ്വീകരണത്തിനായി മുംബൈയിലേക്കു പോകാന്‍ രാവിലെ വിമാനത്താവളത്തിലേക്കു തിരിച്ചപ്പോഴാണ് അപകടം. പൃഥ്വിരാജ് റോഡില്‍നിന്നു സഫ്ദര്‍ജങ് റോഡിലേക്ക് മാരുതി എസ് എക്‌സ് 4 ല്‍ സഞ്ചരിച്ച കേന്ദ്രമന്ത്രിയുടെ വാഹനത്തില്‍ അരവിന്ദോ ചൗക്കിനു സമീപം തുഗ്ലക് റോഡിലേക്ക് പോവുകയായിരുന്ന ഒരു ഇന്‍ഡിക്ക കാര്‍  ട്രാഫിക് സിഗ്‌നല്‍ തെറ്റിച്ച് ഇടിക്കുകയായിരുന്നുവെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

 


പിന്‍സീറ്റില്‍ യാത്ര ചെയ്യുകയായിരുന്നു മുണ്ടെ എയിംസ് ആശുപത്രിയിലെ ജയപ്രകാശ് നാരായണ്‍ അപ്പക്‌സ് ട്രോമ സെന്ററിലെ അത്യാഹിത വിഭാഗത്തില്‍ രാവിലെ ആറരയോടെ പഴ്‌സനല്‍ അസിസ്റ്റന്റും ഡ്രൈവറും ചേര്‍ന്നാണ് മുണ്ടെയെ എത്തിച്ചത്.
ട്രോമ സെന്ററില്‍ എത്തിച്ചപ്പോള്‍ ശ്വാസം കിട്ടാത്ത അവസ്ഥയിലായിരുന്ന മുണ്ടെയ്ക്ക്  നാഡിമിടിപ്പോ ഹൃദയസ്പന്ദനമോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം വീണ്ടെടുക്കാനുള്ള പ്രഥമശുശ്രൂഷ ആരംഭിച്ചു.
15 മിനിറ്റോളം നേരം പ്രയത്‌നിച്ചിട്ടും ഫലം കാണാതെ പോവുകയും 7.20 നു മരണം സ്ഥിരീകരിക്കുകയുമായിരുന്നു. മുണ്ടെയുടെ ശരീരത്തില്‍ മറ്റു മുറിവുകളൊന്നുമുണ്ടായിരുന്നില്ല. ഹൃദയാഘാതമാണ് മരണകാരണമായതെന്നാണ് ആദ്യം കരുതിയതെങ്കിലും കരളിനേറ്റ ക്ഷതത്തെത്തുടര്‍ന്നുണ്ടായ രക്തസ്രാവവും അപകടമുണ്ടായതിന്റെ ഞെട്ടലുളവാക്കിയ കടുത്ത ഹൃദയാഘാതവുമാണു മരണകാരണമായതെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി.
പ്രമേഹത്തിനുള്ള മരുന്നു കഴിക്കുന്നുണ്ടായിരുന്നു അദ്ദേഹം.  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഔദ്യോഗിക വസതിക്ക് ഒരു കിലോമീറ്റര്‍ മാത്രമകലെ വച്ചാണ് അപകടം. മൂക്കില്‍ നിസാര പോറലുകളൊഴിച്ചാല്‍ മുണ്ടെയുടെ ശരീരത്തില്‍ മറ്റു പരുക്കുകള്‍ ദൃശ്യമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. അപകടത്തിനു ശേഷം ഡ്രൈവറില്‍നിന്നു വെളളം വാങ്ങിക്കുടിച്ച ശേഷം ആശുപത്രിയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട മുണ്ടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മന്ത്രിസഭായോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. അന്തരിച്ച പ്രമുഖ ബിജെപി നേതാവ് പ്രമോദ് മഹാജന്റെ സഹോദരി പ്രദ്‌ന്യയാണ് ഭാര്യ. മൂന്നു പെണ്‍മക്കള്‍- പങ്കജ, പ്രതിമ, യശശ്രി. പങ്കജ ബീഡ് ജില്ലയിലെ പര്‍ളി നിയോജകമണ്ഡലത്തിലെ നിയമസഭാംഗമാണ്. ദക്ഷിണഡല്‍ഹിയിലെ മെഹ്‌റോളിക്കാരനായ ഇന്‍ഡിക്ക കാര്‍ഡ്രൈവര്‍ ഗുര്‍വിന്ദര്‍ സിംഗിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. അശ്രദ്ധമായി കാറോടിച്ചു നരഹത്യയ്ക്കിടയാക്കിയതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അപകടത്തില്‍ ദുരൂഹതയുണ്ടെന്നും ഡ്രൈവറെ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നും പോലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.
മുണ്ടെയുടെ മൃതദേഹം ഇന്നലെ രാവിലെ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനത്തിനു വച്ചു. ഉച്ചകഴിഞ്ഞു പ്രത്യേക വായൂസേനാവിമാനത്തില്‍ മുംബൈ വര്‍ളിയിലെ വസതിയിലെത്തിച്ചു. തുടര്‍ന്നു ദക്ഷിണ മുംബൈയിലെ നരിമാന്‍ പോയിന്റില്‍ ബിജെപി ആസ്ഥാനത്തു കൊണ്ടുവന്നു.
ഇന്നു രാവിലെ ഏഴിന് മൃതദേഹം ലത്തൂരിലേക്കു വിമാനമാര്‍ഗം കൊണ്ടുപോയി 65 കിലോമീറ്ററകലെ മുണ്ടെയുടെ ജന്മഗ്രാമമായ പറളി- വൈജ്‌നാഥില്‍ സംസ്കരിക്കും. രാജ്യത്ത് ഇന്നലെ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മുണ്ടെയോടുളള ആദരസൂചകമായി ന്യൂഡല്‍ഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.

You must be logged in to post a comment Login