കേന്ദ്രസര്‍വകലാശാലകളില്‍ പ്രവേശനത്തിന് പൊതുപരീക്ഷക്ക് ആലോചന

EXAM

ന്യൂഡല്‍ഹി: കേന്ദ്രസര്‍വകലാശാലകളിലെ പ്രവേശനത്തിന് പൊതുപരീക്ഷ നടത്തുന്നതിനുള്ള സാധ്യതകള്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പരിഗണനയില്‍. ഇതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഒക്‌ടോബര്‍ ആറിന് മന്ത്രാലയം കേന്ദ്രസര്‍വകലാശാല വൈസ്ചാന്‍സലര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തേക്കുമെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പൊതു പ്രവേശ പരീക്ഷ ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ പരിഗണയിലുണ്ടെന്നും യോഗത്തിന്റെ അജണ്ട ഉടന്‍ തീരുമാനിക്കുമെന്നും മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കേന്ദ്ര സര്‍വകലാശലകളിലെ അധ്യാപക അനധ്യാപക ഒഴിവുകളും വിദ്യാര്‍ഥി പ്രശ്‌നപരിഹാര സംവിധാനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയാകും.

നിലവില്‍ മിക്ക കേന്ദ്ര സര്‍വകലാശാലകളും സ്വന്തം നിലയില്‍ പ്രവേശപരീക്ഷ നടത്തിയാണ് വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നത്. അതേസമയം ഹരിയാന, ജമ്മുകശ്മീര്‍, ഝാര്‍ഖണ്ഡ്, കേരള, രാജസ്ഥാന്‍, തമിഴ്‌നാട് കേന്ദ്രസര്‍വകലാശാലകള്‍ ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലേക്ക് പൊതുപരീക്ഷയിലൂടെ പ്രവേശം നടത്തുന്നുണ്ട്. ഡല്‍ഹി സര്‍വകലാശാലക്കു കീഴിലെ കോളജുകളില്‍ ബിരുദ പ്രവേശത്തിനുള്ള ഉയര്‍ന്ന കട്ട്ഓഫ് മാര്‍ക്ക് ചര്‍ച്ചയായ സാഹചര്യത്തിലാണ് കേന്ദ്രം പൊതു പ്രവേശപരീക്ഷ പരിഗണിക്കുന്നത്.

ഡല്‍ഹി സര്‍വകലാശാല ബിരുദ പ്രവേശത്തിന് കട്ട്ഓഫ് മാര്‍ക്ക് രീതിയാണ് പിന്തുടരുന്നത്. ഡല്‍ഹി സര്‍വകലാശാലക്കു കീഴിലെ കോളജുകളില്‍ പ്രധാന വിഷയങ്ങള്‍ക്ക് കഴിഞ്ഞ തവണ 100 ശതമാനം വരെ കട്ട്ഓഫ് ഉയര്‍ന്നു. ചില സംസ്ഥാനങ്ങള്‍ അമിതമായി മാര്‍ക്ക് നല്‍കുന്നുവെന്നും ഇവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശത്തിന് മേല്‍ക്കെ ലഭിക്കുന്നുവെന്നുമാണ് ആരോപണം.

You must be logged in to post a comment Login