കേന്ദ്ര കായികമന്ത്രിയുടെ പെരുമാറ്റം വെച്ചുപൊറുപ്പിക്കില്ല; അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന് ഒളിംപിക്‌സ് സംഘാടകര്‍

rio
റിയോ ഡി ജനീറോ: ഇന്ത്യന്‍ കായിക സംഘത്തിനൊപ്പം ഒളിംപിക്‌സിനെത്തിയ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിനെതിരെ റിയോ ഒളിംപിക്‌സ് സംഘാടകര്‍. മന്ത്രിയുടെ മോശം പെരുമാറ്റം വെച്ചുപൊറുപ്പിക്കാനാകില്ലെന്നും അനുവാദമില്ലാത്തവരുമായി വന്നാല്‍ മന്ത്രിയുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്നും റിയോ ഒളിംപിക് സംഘാടകര്‍ മുന്നറിയിപ്പ് നല്‍കി. റിയോയിലെ ഇന്ത്യന്‍ ചീഫ് ഡി മിഷന്‍ രാഗേഷ് ഗുപ്തയ്ക്ക് നല്‍കിയ കത്തിലാണ് റിയോ ഒളിംപിക് സംഘാടക കമ്മിറ്റി കോണ്ടിനെന്റല്‍ മാനേജര്‍ സാറാ പീറ്റേഴ്‌സണ്‍ മന്ത്രിക്കെതിരെ പരാതി ഉന്നയിച്ചത്.

ഇനിയും മന്ത്രിയുടെ ഭാഗത്തുനിന്ന് ഇത്തരം മോശം പെരുമാറ്റം ആവര്‍ത്തിച്ചാല്‍ മന്ത്രിയുടെ അക്രഡിറ്റേഷനും ഒളിംപിക്‌സ് വേദിയില്‍ മന്ത്രിക്കുള്ള മറ്റെല്ലാ പരിഗണനകളും എടുത്തുകളയുമെന്നും കത്തില്‍ അവര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, ആരോപണം മന്ത്രി നിഷേധിച്ചു. ഒളിംപിക് വളണ്ടിയര്‍മാരോടൊപ്പമാണ് താന്‍ ടീമംഗങ്ങളെ കാണാന്‍ പോയതെന്നും ഒളിംപിക്‌സിന്‍രെ എല്ലാ ചട്ടങ്ങളും പാലിച്ചിട്ടുണ്ടെന്നും വിജയ് ഗോയല്‍ ട്വിറ്ററിലൂടെ അവകാശപ്പെട്ടു.ഞാന്‍ എല്ലാ ചട്ടങ്ങളും പാലിച്ചിട്ടുണ്ട്. ആരോപണം എനിക്കെതിരെയല്ല, എന്റെ സ്റ്റാഫിനെതിരെയാണ്. ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കും. ഒളിംപിക് വേദിയിലെല്ലായിടത്തും പ്രവേശനത്തിനുള്ള കാര്‍ഡ് തനിക്കുണ്ടെന്നും വിജയ് ഗോയല്‍ പറഞ്ഞു.

ഒളിംപിക് സംഘാടക സമിതിയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് റിയോയിലെ ഇന്ത്യന്‍ ചീഫ് ഡി മിഷന്‍ രാഗേഷ് ഗുപ്ത പറഞ്ഞു. ചെറിയ പ്രശ്‌നങ്ങള്‍ വലുതാക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login