കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വൈദ്യുതിനയം കേരളത്തിന് ദോഷകരമാകുമെന്ന് കടകംപളളി സുരേന്ദ്രന്‍

kadakampally-surendran

തൊടുപുഴ: സംസ്ഥാനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 15 ശതമാനം കേന്ദ്രപൂളിലേക്ക് നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വൈദ്യുതിനയം കേരളം പോലുളള സംസ്ഥാനങ്ങള്‍ക്ക് ദോഷകരമാകുമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍. വൈദ്യുതോല്‍പാദന മേഖലയില്‍ വന്‍ പ്രതിസന്ധി നേരിടുകയും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങുകയും ചെയ്യുന്ന കേരളത്തിന് ഇത് അപ്രായോഗികമാണെന്ന് വഡോദരയില്‍ നടന്ന വൈദ്യുതി വകുപ്പ് മന്ത്രിമാരുടെ സമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്. ഇടുക്കി ആലക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ സംഭരണികളിലെ ജലനിരപ്പ് ആശങ്കജനകമാംവിധം താഴ്ന്നിരിക്കുകയാണ്. വരുന്ന പരീക്ഷാ കാലത്ത് എങ്ങനെയും ലോഡ്‌ഷെഡിംഗ് ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ തീവ്രശ്രമം. 40 ശതമാനം വെളളം മാത്രമാണ് അണക്കെട്ടുകളിലുളളത്. 65 ശതമാനം വൈദ്യുതിയും പുറത്തുനിന്നും വില കൊടുത്ത് വാങ്ങുകയാണ്. ഉല്‍പ്പാദന രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സംസ്ഥാനത്തിന് പറ്റിയ വീഴ്ച. പല പദ്ധതികളുടെയും നിര്‍മ്മാണം അനന്തമായി നീളുന്നു. 2007ല്‍ തുടങ്ങി 2011ല്‍ അവസാനിക്കേണ്ടിയിരുന്ന 60 മെഗാവാട്ടിന്റെ പളളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി, 2009ല്‍ പണി ആരംഭിച്ച 40 മെഗാവാട്ടിന്റെ തൊട്ടിയാര്‍ പദ്ധതി, ചാത്തന്‍കോട് രണ്ടാം ഘട്ടം തുടങ്ങിയവയൊന്നും പൂര്‍ത്തിയാക്കാതെയാണ് നാം കനത്ത വിലക്ക് വൈദ്യുതി വാങ്ങുന്നത്. വിതരണ ശൃംഖലയിലെ പോരായ്ക മൂലം കൂടംകുളം പോലുളള പദ്ധതികളില്‍ നിന്നും കേരളത്തിന്റെ വിഹിതം എത്തിക്കാന്‍ കഴിയുന്നില്ല. ഇത് മൂലം 70 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്.

പാരമ്പര്യേതര ഊര്‍ജ്ജത്തെ കഴിയുന്നത്ര പ്രോല്‍സാഹിപ്പിക്കുമെങ്കിലും ഊര്‍ജ്ജപ്രതിസന്ധിക്ക് പരിഹാരം അതുമാത്രമാണെന്ന് കരുതുന്നില്ല. കാസര്‍ഗോഡ് 200 മെഗാവാട്ടിന്റെ സൗരോര്‍ജ്ജ പദ്ധതിയുടെ 50 മെഗാവാട്ടിന്റെ ഒന്നാം ഘട്ടം രണ്ടു മാസത്തിനുളളില്‍ കമ്മീഷന്‍ ചെയ്യും. സ്ഥല ലഭ്യതയാണ് സോളാര്‍ പദ്ധതിക്ക് വിലങ്ങുതടിയാകുന്നത്. 200 മെഗാവാട്ട് പദ്ധതിക്ക് 1000 ഏക്കര്‍ ഭൂമി വേണം. കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പ്പാ ദിപ്പിക്കുന്ന സംവിധാനം പരീക്ഷണാര്‍ത്ഥം വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇത് വിജയകരമായാല്‍ പദ്ധതി വ്യാപിപ്പിക്കും. മൂന്നു വര്‍ഷത്തിനുളളില്‍ ചെറുകിട പദ്ധതികളില്‍ നിന്നും ആയിരം മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
റോഡ് പുറമ്പോക്കില്‍ കിടക്കുന്നവര്‍ക്ക് പോലും അപേക്ഷിച്ചാല്‍ വൈദ്യുതി കണക്ഷന്‍ നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം. ഭൂമിയുടെ ഉടമസ്ഥതയെന്ന സാങ്കേതികത്വത്തില്‍ കുരുങ്ങി വെളിച്ചം നിഷേധിക്കരുത്. 2017 മാര്‍ച്ചോടെ വൈദ്യുതിയില്ലാത്ത 11,6000 കുടുംബങ്ങളിലും വൈദ്യുതി എത്തിക്കുകയാണ് ലക്ഷ്യം. വൈദ്യുതി തകരാര്‍ അറിയിക്കാനുളള 1912 എന്ന ടോള്‍ ഫ്രീ നമ്പറിന് പുറമെ വാട്‌സ്ആപ്പ് സംവിധാനവും വൈദ്യുതി മുടങ്ങുന്നത് മുന്‍കൂട്ടി അറിയിക്കാനുളള എസ്.എം.എസ് സംവിധാനവും, ഇമെയില്‍ ബില്ലിംഗും നിലവില്‍ വരും. ഇതിന്റെ ഉദ്ഘാടനം 25ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കുമെന്നും കടകംപളളി അറിയിച്ചു.

തൊടുപുഴയിലെ 66 കെ.വി സബ്‌സ്റ്റേഷന്‍ 220 കെ.വിയായി ഉയര്‍ത്തണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പി.ജെ.ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മന്ത്രി മറുപടി നല്‍കി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം സി.വി സുനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മിനി ജെറി, ഷീബ രാജശേഖരന്‍, ലത്തീഫ് മുഹമ്മദ്, സഫിയാ മുഹമ്മദ്, തോമസ് മാത്യു, ജയ്‌മോന്‍ എബ്രഹാം, ടോമി കാവാലം തുടങ്ങിയവര്‍ പ്രസംഗിച്ചു. ആലക്കോട് പഞ്ചായത്തിലേയും ഇടവെട്ടി, വെള്ളിയാമറ്റം പഞ്ചായത്തുകളിലെ ഏതാനും വാര്‍ഡുകളിലേയും 11,861 വൈദ്യുതി ഉപഭോക്താക്കള്‍ക്ക് സെക്ഷന്‍ ഓഫീസ് പ്രയോജനം ചെയ്യും.

You must be logged in to post a comment Login