‘കേന്ദ്ര സര്‍ക്കാര്‍ നടത്തിയത് സാമ്പത്തിക സര്‍ജിക്കല്‍ സ്‌ട്രൈക്ക്’; പരിഭ്രാന്തി വേണ്ടെന്ന് മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം: 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് സാമ്പത്തിക സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നോട്ട് പിന്‍വലിച്ചതിന്റെ പേരില്‍ പരിഭ്രാന്തരാവേണ്ടതില്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും സാവകാശം നല്‍കാതെയുമാണ് പ്രഖ്യാപനം ഉണ്ടായത്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് വ്യക്തത നല്‍കിയിട്ടില്ല. ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ അവസ്ഥ എങ്ങനെ നേരിടണമെന്ന് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായി ചര്‍ച്ച നടത്തും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2015 -16 ലെ ദേശീയ കണക്ക് പ്രകാരം എന്‍.ആര്‍.ഐ ഡെപ്പോസിറ്റുകള്‍ 1,03,850 കോടിയാണ്. ഇത് 2014 15 നേക്കാള്‍ 14 ശതമാനം കൂടുതലാണ്, 2016 മാര്‍ച്ചിലെ കണക്ക് പ്രകാരം സംസ്ഥാനത്തെ വാണിജ്യ ബാങ്കുകളിലെ എന്‍.ആര്‍.ഐ ഡെപ്പോസിറ്റ് 1,35,609 കോടിയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 24 ശതമാനം വര്‍ദ്ധനവ്. സംസ്ഥാനത്തിന്റെ പൊതുകടം എ.ജിയുടെ കണക്ക് പ്രകാരം മാര്‍ച്ച് 2016 വരെ 1,57,370.3 കോടിയാണ്. ആളോഹരികടം 4,62,85.39 രൂപ.വിദേശ വായ്പാ ഇനത്തിലെ കടബാദ്ധ്യത 7234.71 കോടി. ആളോഹരി വിദേശ കടം 2127.86 രൂപയാണെന്നും പിണറായി പറഞ്ഞു.

സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് റാങ്ക്പട്ടികയില്‍ 3333 പേര്‍ ഉണ്ടെന്നും ഇതില്‍ 93 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ 12 ഒഴിവുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലെ ജയിലുകളില്‍ വിചാരണ തടവുകാരായി 492 ഇതര സംസ്ഥാനക്കാര്‍ ഉണ്ട്. ഇതില്‍ 435 പുരുഷന്മാരും 37 സ്ത്രീകളുമാണ്. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ നിലവില്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫിന്റെ 10 ഒഴിവുകളും എക്‌സിക്യുട്ടീവ് സ്റ്റാഫിന്റെ 75 ഒഴിവുകളുമുണ്ട്. മിനിസ്റ്റീരിയല്‍ തസ്തികയിലെ ഒഴിവുകള്‍ പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എക്‌സിക്യുട്ടീവ് വിഭാഗത്തിന്റെ ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

You must be logged in to post a comment Login