കേരളം ഐ ഒ എയുടെ കാലില്‍ വീണു ;ദേശീയ ഗെയിംസ് മാറ്റിവെയ്ക്കില്ല

തിരുവനന്തപുരം: ദേശീയ ഗെയിംസിനായുള്ള മുന്നൊരുക്കങ്ങളില്‍ തൃപ്തിയില്ലെങ്കിലും കേരളത്തിന്റെ മാനം കെടാതിരിക്കാന്‍ ഗെയിംസ് മാറ്റി വെക്കുന്നില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ ഒ എ). ദേശീയ ഗെയിംസ് നിശ്ചയിച്ച തീയതിയില്‍ത്തന്നെ നടക്കും.
ഷൂട്ടിംഗ്, ജിംനാസ്റ്റിക്‌സ് മല്‍സരങ്ങള്‍ക്കായി ഒരുക്കിയ വേദികളില്‍ ഒളിമ്പിക് അസോസിയേഷനു പ്രകടമായ അതൃപ്തിയുണ്ട്. ഗെയിംസിന് ആവശ്യമായ ഉപകരണങ്ങള്‍ ഇതു വരെ എത്തിച്ചേരാത്തതും ഒളിമ്പിക് അസോസിയേഷന്റെ ആശങ്കയ്ക്കു കാരണമാണ്. എന്നാല്‍, മുന്നൊരുക്കങ്ങള്‍ മുഴുവന്‍ ജനുവരി 25-നു മുമ്പു പൂര്‍ത്തിയാകുമെന്നും ഉപകരണങ്ങള്‍ വൈകാതെ എത്തുമെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചു.
ഈ ഉറപ്പിനേത്തുടര്‍ന്നാണു ഗെയിംസ് നിശ്ചയിച്ച തീയതിയില്‍ത്തന്നെ നടത്താന്‍ കേരളത്തിനു മുന്നില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പച്ചക്കൊടി കാട്ടിയത്. ഗെയിംസ് സംഘാടനത്തേയും മുന്നൊരുക്കങ്ങളേപ്പറ്റിയും വ്യാപകമായ വിമര്‍ശനങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ വ്യാഴാഴ്ചയാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രതിനിധികള്‍ കേരളത്തിലെത്തിയത്. രണ്ടു ദിവസങ്ങളിലായി അവര്‍ ഗെയിംസ് വേദികള്‍ സന്ദര്‍ശിച്ചു. ഇതിനിടെ അസോസിയേഷന്‍ പ്രതിനിധികള്‍ ഏഴു കായിക ഫെഡറേഷനുകളുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഗെയിംസ് നിശ്ചയിച്ച സമയത്തു തന്നെ നടക്കുമെന്ന് ഗെയിംസ് നടത്തിപ്പ് സമിതി അറിയിച്ചു.എല്ലാ കായിക ഫെഡറേഷനുകള്‍ക്കും പ്രവര്‍ത്തനത്തില്‍ സംതൃപ്തിയുള്ളതായി നടത്തിപ്പു സമിതി അവകാശപ്പെട്ടു. അവശേഷിക്കുന്ന ജോലികള്‍ ഗെയിംസ് തുടങ്ങുന്നതിനു മുമ്പ് പൂര്‍ത്തിയാകും. രണ്ടു ദിവസങ്ങളിലായി ഗെയിംസ് വേദികള്‍ പരിശോധിച്ച സാങ്കേതിക സംഘങ്ങള്‍ ഒരുക്കങ്ങളില്‍ തൃപ്തി രേഖപ്പെടുത്തിയതായും ഇവര്‍ അവകാശപ്പെട്ടു. ദേശീയ ഗെയിംസ് നടത്തിപ്പ് കമ്മിറ്റി ഭാരവാഹികളായ എസ് മുരുകന്‍, ഡോ എസ് എം ബാലി എന്നിവരുടെ നേതൃത്വത്തിലാണു വേദികള്‍ പരിശോധിച്ച വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയത്. ഓരോ വേദിയുടേയും അവസ്ഥ, ഇനി ചെയ്യേണ്ട കാര്യങ്ങള്‍, നിശ്ചയിച്ച സമയത്ത് അതാത് ഇനങ്ങള്‍ നടത്താന്‍ കഴിയുമോ തുടങ്ങിയവ ഉള്‍പ്പെട്ട വിശദമായ അവതരണമാണ് ഓരോ സംഘവും നടത്തിയത്. വുഷു, ജിംനാസ്റ്റിക്‌സ്, ഷൂട്ടിങ് തുടങ്ങിയ ഇനങ്ങളില്‍ ഉപകരണങ്ങള്‍ എത്തിക്കലും ചില നിര്‍മാണ പ്രവൃത്തികളും ബാക്കിയുണ്ട്. ഇവ 25-നു മുമ്പ് പൂര്‍ത്തിയാക്കുമെന്ന് സംഘാടക സമിതിയും സര്‍ക്കാര്‍ പ്രതിനിധികളും ഉറപ്പുനല്‍കി. ഈമാസം 31 നാണ് ദേശീയ ഗെയിംസ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഉറപ്പുള്ളതിനാല്‍ ഇതില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ഭാരവാഹികള്‍ കൂടിയായ എസ്.മുരുകനും എസ് എം ബാലിയും വ്യക്തമാക്കി.

You must be logged in to post a comment Login