കേരളം കൂടുതല്‍ അറിയണം വി.പി.സുഹ്‌റയെ


എസ്.എ.ഗുഫൂര്‍

ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് പെണ്‍കുട്ടിയേക്കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തിയ അധ്യാപകനെ സുഹ്‌റ വഴിയില്‍ തടഞ്ഞുനിര്‍ത്തിയത്. ആ പെണ്‍കുട്ടിയുടെ പേര് സുഹ്‌റ എന്നുതന്നെയായിരുന്നു, അതെ ഈ വി പി സുഹ്‌റ തന്നെ. അന്നത് വലിയ കുഴപ്പമായി. വീട്ടില്‍ നിന്നു സുഹ്‌റയ്ക്ക് കണക്കിനു കിട്ടി, വഴക്ക്. ഏഴാം ക്ലാസുകാരിയുടെ ആത്മാഭിമാനത്തേക്കാള്‍ അധ്യാപകര്‍ക്ക് വലുത് സഹപ്രവര്‍ത്തകന്റെ പ്രതിഛായ ആയും മാറി. അവര്‍ സുഹ്‌റയെ ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും വിജയകരമയി ശ്രമിച്ചു. പഠനം അവസാനിപ്പിച്ചുകൊണ്ടാണ് സുഹ്‌റ അതിനോടു പ്രതികരിച്ചത്. ഒരു വര്‍ഷം വീട്ടിലിരുന്നു. പിന്നീട് അവര്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി പ്രീഡിഗ്രിയും നഴ്‌സിങും പഠിച്ചു. ബിരുദവും നേടി. എങ്കിലും ഏഴാം ക്ലാസിലെ പഠിത്തം അവസാനിപ്പിക്കലിന്റെ തുടര്‍ച്ചയായി അവരുടെ ജീവിതത്തിലേക്ക് വിവാഹം എന്ന ദുരന്തവും അതിന്റെ തുടര്‍ച്ചയായ നോവുന്ന അനുഭവങ്ങളുമെത്തി. പതിമൂന്നാം വയസ്സില്‍ 23 വയസ്സുകാരനെ വിവാഹം ചെയ്തതിനെക്കുറിച്ച് ദുരന്തം എന്ന് പറയുന്നത് സുഹ്‌റ തന്നെയാണ്. പത്ത് വയസ്സ് കൂടുതലുള്ളയാളുടെ ഭാര്യയായ കൗമാരിക്കാരിക്ക് ദാമ്പത്യം എന്താണെന്ന് അറിയുമായിരുന്നില്ല. ജീവിതം നരകമായി. നാല് വര്‍ഷത്തെ ദാമ്പത്യം, രണ്ടു കുട്ടികള്‍. പൊരുത്തക്കേടുകള്‍ ശാരീരികമായും മാനസികമായും സഹിക്കാവുന്നതിനും അപ്പുറമായപ്പോള്‍ പിരിയാന്‍ തീരുമാനിച്ചു. വിവാഹബന്ധം അവസാനിപ്പിക്കണം എന്ന് അങ്ങോട്ട് അറിയിച്ച് സുഹ്‌റ ഭര്‍ത്താവിന് കത്തയച്ചപ്പോള്‍ അവരറിയുന്നത് രണ്ട് മാസം മുമ്പേ അയാള്‍ സുഹ്‌റയെ ഒഴിവാക്കിയിരുന്നു എന്നാണ്. അതൊരു വലിയ ഷോക്കായിരുന്നു, ജീവിതത്തിലെ വഴിത്തിരിവും.

കണ്ണൂര്‍ വളപട്ടണത്തെ വേളാപുരം തറവാട്ടിലെ ആറ്റബീയുടെയും അഹ്ദല്‍ തങ്ങളുടെയും മൂന്നാമത്തെ മകള്‍ സുഹ്‌റ. തനിക്കു മാത്രമായി സുരക്ഷിത ജീവിതം എന്നൊന്നില്ലെന്ന് തിരിച്ചറിയാതിരിക്കാനാകില്ലായിരുന്നു അവര്‍ക്ക്; അറിഞ്ഞ സത്യങ്ങളില്‍ നിന്നു മുഖം തിരിക്കാനും. അതുകൊണ്ട് അവര്‍ സാമൂഹിക പ്രവര്‍ത്തകയായി. ഇപ്പോള്‍, നാല് പതിറ്റാണ്ടിനിപ്പുറമൊന്ന് തിരിഞ്ഞുനോക്കുമ്പോള്‍ കേരളത്തിലെ വനിതാ സാമൂഹിക പ്രവര്‍ത്തകരുടെ നിരയില്‍ വി പി സുഹ്‌റയ്ക്ക് തുല്യരായി ഒരാളുമില്ല. എന്തുകൊണ്ടെന്നാല്‍ സ്ത്രീ എന്ന നിലയില്‍ മാത്രമല്ല മുസ്‌ലിം സ്ത്രീ എന്ന നിലയിലും എണ്ണമറ്റ പരിമിതികള്‍ക്കുള്ളിലായിരുന്നു സുഹ്‌റ. അവയെ മറികടക്കാന്‍ മനഃപ്പൂര്‍വം ശ്രമിച്ചുകൊണ്ടാണ് അവര്‍ പൊരുതിയത്. ശരിക്കും പോരാട്ടം തന്നെ.

അഹ്ദല്‍ തങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ മുസ്‌ലിം ലീഗിന്റെ മുതിര്‍ന്ന നേതാവായിരുന്നു. ഉമ്മര്‍ ബാഫഖി തങ്ങളുടെ ശിഷ്യന്‍. ഇ അഹമ്മദിന്റെ രാഷ്ട്രീയ ഗുരു. പട്ടാളത്തില്‍ നിന്നു തിരിച്ചെത്തിയാണ് രാഷ്ട്രീയത്തില്‍ സജീവമായത് സുഹ്‌റ അന്ന് കൊച്ചുകുട്ടി. ‘എപ്പോഴും വീട്ടില്‍ ആളുകളെത്തും. ബാപ്പായും അവരുംകൂടിയുള്ള രാഷ്ട്രീയ ചര്‍ച്ചകളാണ് പിന്നെ. അതൊക്കെ എന്റെ സാമൂഹിക വീക്ഷണത്തെയും സ്വാധീനിച്ചിട്ടുണ്ടാകണം’ എന്ന് സുഹ്‌റ. പക്ഷേ, ഉമ്മയുടെ കരുത്തുറ്റ സ്ത്രീത്വമാണ് തന്റെ വ്യക്തിത്വം രൂപപ്പെടുത്തിയത് എന്ന് തുറന്നു സമ്മതിക്കുകയും ചെയ്യുന്നു അവര്‍. മതത്തിലെ അതിരുകവിയലിനെ അംഗീകരിക്കാതിരുന്ന ആറ്റബി വിശ്വാസത്തിന്റെ പേരില്‍ സ്ത്രീ മൂടുപടത്തിനുള്ളില്‍ ഒളിക്കുന്നതിനെയും സ്വന്തം വ്യക്തിത്വം അടിയറ വയ്ക്കുന്നതിനെയും അംഗീകരിച്ചിരുന്നില്ല. ഉമ്മയുണ്ട്,തൊണ്ണൂറ്റിയാറ് വയസ്സായി. ഉമ്മയുടെ വിശ്വാസപരമായ തീക്ഷ്ണത എല്ലാവരോടുമുള്ള സൗഹാര്‍ദപരമായ സഹവര്‍ത്തിത്വത്തിലാണ് ഊന്നിയത്.
ജീവിതം
ഇരുപത്തിരണ്ടാം വയസ്സില്‍ രണ്ടാം വിവാഹം. വരന് വയസ്സ് 65. മനസ് കുതറി. പക്ഷേ, എല്ലാവരുടെയും നിര്‍ബന്ധത്തിനു മുന്നില്‍ ഉരുകി നിന്ന് ഉമ്മ കണ്ണീരൊഴുക്കിയപ്പോള്‍ ആ വിവാഹത്തിനും സമ്മതിച്ചു. ഒരു വര്‍ഷം കഴിഞ്ഞ് മകന്‍ ജനിച്ച് അധികം കഴിയാതെ ഭര്‍ത്താവ് രോഗം ബാധിച്ച് കിടപ്പിലായി. പതിനൊന്നു വര്‍ഷം അദ്ദേഹം ആ കിടപ്പ് കിടന്നപ്പോള്‍ സുഹ്‌റ ഉത്തമ ഭാര്യയും കഴിവുറ്റ നഴ്‌സുമായി പരിചരിച്ചു. ആ കാലമാണ് സുഹ്‌റയിലെ സാമൂഹിക ജീവിയെ ഊതിക്കാച്ചിയെടുത്തത്. തനിക്കു ചുറ്റുമുള്ള സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ദുരിതങ്ങളും നേരിട്ട് മനസിലാക്കി. സ്ത്രീകളായതുകൊണ്ടു മാത്രം അനുഭവിക്കേണ്ടി വരുന്ന തീരാ വ്യഥകളുടെ പെരുമഴ നനയുന്നവരെ കണ്ട് ആദ്യം അമ്പരക്കുകയും പിന്നെ സഹഭാവം പ്രകടിപ്പിക്കുകയും അവരെപ്പോലും അമ്പരപ്പിച്ചുകൊണ്ട് കൂടെ നില്‍ക്കുകയും ചെയ്തു.

അങ്ങനെയാണ് 1975ല്‍ കോഴിക്കോട് വലിയങ്ങാടിയില്‍ തയ്യല്‍ പരിശീലന കേന്ദ്രവും വനിതാ സഹകരണ സംഘം തുടങ്ങിയത്.

1986 നവംബറില്‍ ഭര്‍ത്താവ് മരിച്ചു. വനിതാ സംഘവും തയ്യല്‍ പരിശീലന കേന്ദ്രവും സാമ്പത്തിക പ്രതിസന്ധിയിലായി. ജീവിതം അതിനുമപ്പുറത്തെ ദുരിതക്കയത്തില്‍. പണം വേണം, ജീവിക്കാന്‍. അതൊട്ടില്ല താനും. ഉലഞ്ഞുപോയി. പക്ഷേ, തകര്‍ന്നു പോയില്ല. അടങ്ങിയൊതുങ്ങി ജോലിയെടുത്തു മക്കളെ നോക്കാന്‍ ഉപദേശിച്ചവരുണ്ട്. അവര്‍ക്കു മുന്നില്‍ സുഹ്‌റ ജീവിച്ചുകാണിച്ചത് മറ്റു സ്ത്രീകളുടെ ദുരിതങ്ങള്‍ തന്റേതുമാണെന്ന് തിരിച്ചറിയുന്ന ജീവിതമായിരുന്നു. മഹിളാ സമാജം സുഹ്‌റയ്ക്ക് പൊതുജീവിതത്തിന്റെ വലിയ ലോകത്തിലേക്കു തുറന്ന വാതില്‍ത്തന്നെയായി. അതിന്റെ തുടര്‍ച്ചയായി നിരവധി സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരുമായി പരിചയവും അടുപ്പവുമുണ്ടാവുകയും ചെയ്തു. അജിതയുമായുള്ള അടുപ്പം, ബോധനയുടെ രൂപീകരണം, സ്ത്രീപക്ഷ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകല്‍ ഇതൊക്കെ ഘട്ടംഘട്ടമായി എന്നാല്‍ വലിയ ഇടവേളകളില്ലാതെ ഉണ്ടായി. പിന്നെയാണ് കൊടുങ്കാറ്റടിച്ച ദിവസങ്ങള്‍. വലിയ കോളിളക്കമുണ്ടാക്കിയ കുഞ്ഞീബി പ്രശ്‌നത്തോടെ സാമൂഹിക ഇടപെടലുകളില്‍ നിന്ന് തിരിച്ചുപോക്കില്ലെന്നു സുഹ്‌റയ്ക്കു ബോധ്യമായി. പക്ഷേ, അതിനിടയില്‍ സ്വകാര്യ ജീവിതത്തില്‍ ദുരന്തങ്ങള്‍ വന്നുകൊണ്ടിരുന്നു. വിവാഹിതയായ മൂത്ത മകള്‍ ഉമ്മയുമായി തെറ്റി. വീട് തൊഴിലാളികള്‍ക്കും സാമൂഹികപ്രവര്‍ത്തകര്‍ക്കും വന്നു കയറാവുന്ന ഇടമാക്കുന്നതിലായിരുന്നു വിയോജിപ്പ്. മകളും ഭര്‍ത്താവും അകന്നത് അതുവരെ സഹിച്ച വേദനകളുടെയാകെ വേദന ഒന്നിച്ച് അനുഭവിക്കുന്നതിനു തുല്യമായി.
ബോധന ആഭ്യന്തര പ്രശ്‌നങ്ങളേത്തുടര്‍ന്ന് തകര്‍ച്ചയിലേക്ക് എത്തിയത് ഏല്‍പ്പിച്ച ആഘാതത്തിനു പുറമേയായിരുന്നു സ്വകാര്യ ജീവിതത്തിലെ പീഡാനുഭവങ്ങള്‍. കടുത്ത സാമ്പത്തിക പ്രതിസന്ധി, തുടര്‍ച്ചയായി പട്ടിണി. രണ്ടാമത്തെ മകന്‍ ഹോസ്റ്റലിലായിരുന്നതുകൊണ്ട് പ്രശ്‌നങ്ങളൊന്നും അധികം ബാധിച്ചില്ല. പക്ഷേ, ഇളയ മകന്‍ ഉമ്മയ്‌ക്കൊപ്പം ദിവസങ്ങളോളം വിശപ്പ് സഹിച്ചു. നഴ്‌സിങ് പഠിച്ചിരുന്നതുകൊണ്ട് ചില ആശുപത്രികളില്‍ ജോലിക്കു പോയാണ് ആ പ്രതിസന്ധിക്കാലം മറികടന്നത്.
രാജ്യമാകെ സ്ത്രീവിമോചന മുന്നേറ്റങ്ങളുടെ ഉണര്‍വ്വുണ്ടായ കാലമാണ് പിന്നെ വന്നത്. കേരള സ്ത്രീവിമോചന പ്രസ്ഥാനം 1990ല്‍ കോഴിക്കോട് ദേവഗിരി കോളജില്‍ വച്ച് സ്ത്രീവിമോചന സംഘടനകളുടെ ഒരു ദേശീയ തല കൂട്ടായ്മ സംഘടിപ്പിച്ചു. നാലു ദിവസം നീണ്ടുനിന്ന ആ സമ്മേളനത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ സുഹ്‌റയ്ക്ക് കഴിയുമായിരുന്നില്ല. പക്ഷേ, സമ്മേളനം അവസാനിച്ചത് പുതിയ ഐക്യത്തിലേക്കല്ല, സംഘടനയുടെ തകര്‍ച്ചയിലേക്കു വഴി തുറന്നുകൊണ്ടാണ്. ആരോപണ പ്രത്യാരോപണങ്ങളും അപവാദങ്ങളുമുണ്ടായി. അതോടെ തന്റെ ജീവിതം താഴെ വീണു തകര്‍ന്ന മണ്‍പാത്രം പോലെയായി എന്ന് ആ ദിനങ്ങളുടെ വേദനനിറഞ്ഞ ഓര്‍മകളില്‍ സുഹ്‌റ പറയുന്നു. ആത്മഹത്യ ചെയ്താലോ എന്ന് പോലും ചിന്തിപ്പിക്കുന്ന വിധത്തില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി. തിരുവനന്തപുരത്ത് ഒരു എന്‍ജിഒയില്‍ ജോലി ചെയ്തു, കൊച്ചിയില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ കണക്കെഴുതി. സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാനായില്ല. നഴ്‌സിങ് സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ ഗള്‍ഫിലേക്കു പോവുകയാണ് അടുത്തപടിയായി ചെയ്തത്. രണ്ട് വര്‍ഷം അവിടെ ജോലി ചെയ്തതോടെ പരാധീനതകള്‍ ഒരുവിധമൊക്കെ പരിഹരിക്കാന്‍ കഴിഞ്ഞു. പക്ഷേ, അവിടെ മലയാളി സ്ത്രീകള്‍ വിവിധ തൊഴില്‍ മേഖലകളില്‍ നേരിടുന്ന ദുരനുഭവങ്ങളുടെ നേര്‍ സാക്ഷിയാകാനും കൂടി സാധിച്ചു. ഗള്‍ഫില്‍ നിന്നു മടങ്ങിയത് സ്വസ്ഥമായിരിക്കാനായിരുന്നില്ല, ശക്തമായി സ്ത്രീസംഘടനാ പ്രവര്‍ത്തനം തുടരാനായിരുന്നു. അങ്ങനെയാണ് ‘നിസ’ പിറന്നത്. സ്ത്രീയുടെ അറബി വാക്കാണ് നിസ. ഖുര്‍ആനില്‍ ആ പേരിലൊരു അധ്യായം തന്നെയുണ്ടെന്ന് സുഹ്‌റ വിശദീകരിക്കുന്നു. 1997 ജൂണ്‍ 16ന് മലപ്പുറം ജില്ലയിലെ മഞ്ചേരിയിലാണ് നിസയുടെ തുടക്കം. പുരോഗമനപരമായി ചിന്തിക്കുന്ന മുസ്‌ലിം സ്ത്രീ സംഘടന. ഖുര്‍ആന്റെ അധ്യാപനങ്ങള്‍ക്കും ഇസ്‌ലാമിക ശരീഅത്തിന്റെ അന്തസ്സത്തക്കും വിരുദ്ധമായി സ്ത്രീവിരുദ്ധ ഉള്ളടക്കമാണ് രാജ്യത്തെ മുസ്‌ലിം വ്യക്തിനിയമം എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ത്തന്നെ നിസ പലരുടെയും കണ്ണിലെ കരടായി. എങ്കിലും അതൊരു സാന്നിധ്യം അറിയിക്കലായിരുന്നു. വ്യക്തിനിയമങ്ങളില്‍ ജനാധിപത്യപരമായ മാറ്റം വേണമെന്ന് നിസയുടെ രൂപീകരണ യോഗം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ വനിതാ കമ്മീഷന് ഒരു നിവേദനവും നല്‍കി. കമ്മീഷന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണ് അതെങ്കിലും പുതിയ സ്ത്രീ സംഘടനയുടെ നയപ്രഖ്യാപനമായിരുന്നു ആ നിവേദനം. അതിലൂടെയൊന്ന് കടന്നുപോയാല്‍ ഇപ്പോഴും മനസ്സിലാക്കാനാകും, ആ ആവശ്യങ്ങളുടെ കാലിക പ്രസക്തി. വിശ്വാസത്തെയോ ഇസ്‌ലാമിന്റെ അടിസ്ഥാന മൂല്യങ്ങളെയോ ചോദ്യം ചെയ്യാതെതന്നെ നടപ്പാക്കാനാവുന്ന നിര്‍ദേശങ്ങള്‍. അവയില്‍ ചിലതെങ്കിലും പിന്നീട് സര്‍ക്കാരുകള്‍ സ്വന്തം നിലയില്‍ നടപ്പാക്കുകയും ചെയ്തു. വിവാഹങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതുതന്നെ ഉദാഹരണം. ബഹുഭാര്യത്വത്തിനുള്ള അനുമതി നിബന്ധനകള്‍ക്ക് വിധേയമാക്കി പരിഷ്‌കരിക്കുക, ബാലവിവാഹങ്ങള്‍ തടയുന്നതിന് മുഴുവന്‍ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യുക, വധുവിന്റെ പിതാവും വരനും മാത്രം ഇടപെടുന്ന ഇന്നത്തെ വിവാഹരീതി മാറ്റി വധുവിനുകൂടി പങ്കാളിത്തമുള്ള വിവാഹ രീതി അംഗീകരിക്കുക, വിവാഹ മോചനം കുടുംബ കോടതി മുഖേനയാക്കുക, സ്ത്രീകള്‍ക്ക് വിവാഹമോചനം നടത്താനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുക, സ്വത്തവകാശത്തില്‍ സ്ത്രീ പുരുഷ സമത്വം അനുവദിക്കുക, പെണ്‍മക്കള്‍ മാത്രമുള്ളവരുടെ കുടുംബസ്വത്ത് സ്വന്തം മക്കള്‍ക്ക് മാത്രം ലഭ്യമാക്കുക, മുത്തഛന്‍ ജീവിച്ചിരിക്കെ മകന്‍ മരിച്ചാല്‍ പേരക്കുട്ടിക്ക് കുടുംബസ്വത്തില്‍ അവകാശം നിഷേധിക്കുന്ന നിയമം ഭേദഗതി ചെയ്യുക, ‘ചടങ്ങ് വിവാഹം’ നിരോധിക്കുക, ഈപ്പറഞ്ഞ കാര്യങ്ങളനുസരിച്ചുള്ള കുടുംബ നിയമങ്ങള്‍ വ്യക്തി നിയമത്തില്‍ കൊണ്ടുവരിക എന്നിവയാണ് നിസ മുന്നോട്ടുവച്ച ആവശ്യങ്ങള്‍. സംഗതി തീക്കളിയായി വ്യാഖ്യാനിക്കപ്പെട്ടു.
സുഹ്‌റയ്ക്ക് സ്വന്തം സമുദായത്തിനുള്ളില്‍ ശത്രുക്കളുടെ എണ്ണം കൂടുകയും ചെയ്തു. അതൊക്കെ അവഗണിച്ചുകൊണ്ട് ഈ ആവശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ നിസ പ്രവര്‍ത്തകര്‍ കിട്ടിയ അവസരങ്ങളെല്ലാം വിനിയോഗിച്ചു. മുസ്‌ലിം സ്ത്രീകളില്‍, പ്രത്യേകിച്ചും മലബാറില്‍ ചെറുതല്ലാത്ത ചലനമാണ് അതുണ്ടാക്കിയത്. അവരില്‍ പലരും ഉള്ളില്‍ക്കൊണ്ടുനടന്ന ആവശ്യങ്ങളും ഉത്കണ്ഠകളുമാണ് നിസയിലൂടെ പുറത്തുവന്നത് എന്നതായിരുന്നു കാരണം. വധ ഭീഷണികള്‍ സുഹ്‌റയ്ക്കു നേരേ ഉയര്‍ന്ന കാലം. ചേകന്നൂര്‍ മൗലവിയുട അനുഭവമുണ്ടാകും എന്ന താക്കീത്. പക്ഷേ, പേടിച്ചു പിന്‍മാറുക എന്നത് സുഹറയുടെ നിഘണ്ടുവില്‍ ഉണ്ടായിരുന്നില്ല. സ്വന്തം നിലപാടുകളേക്കുറിച്ചുണ്ടായിരുന്ന വ്യക്തമായ ബോധ്യം തന്നെയാണ് ധൈര്യം നല്‍കിയതെന്ന് സുഹ്‌റ പറയുന്നു. അനീതിക്കെതിരായ ഇടപെടലുകള്‍ക്ക് അവസരം തേടി എവിടെയെങ്കിലും കണ്ണോടിക്കുകയായിരുന്നില്ല അവര്‍. സ്വന്തം സഹോദരന്‍ ഭാര്യയെയും നാല് മക്കളെയും ഉപേക്ഷിച്ചപ്പോള്‍ ജീവനാംശത്തിന് കോടതിയില്‍ പോകാന്‍ സഹോദരന്റെ ഭാര്യയോടും പെണ്‍മക്കളോടും നിര്‍ദേശിച്ചു. അതുവഴി സ്വന്തം കുടുംബത്തിനുള്ളില്‍ത്തന്നെ സ്ത്രീപക്ഷത്തു നിന്നുകൊണ്ട് കലാപം ഉയര്‍ത്തി.

അറബിക്കല്യാണവും മൈസൂര്‍ കല്യാണവും തടയുന്നതിന് സുഹ്‌റയും നിസയും നടത്തിയത് ചില്ലറ ഇടപെടലുകളല്ല. സന്ദര്‍ശക വിസയില്‍ വിവിധ ആവശ്യങ്ങള്‍ക്ക് കേരളത്തിലെത്തുന്ന അറബികളില്‍ ചിലര്‍ ദരിദ്ര കുടുംബങ്ങളിലെ പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നത് വ്യാപകമായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മുതലെടുത്ത് ഇതിന് കളമൊരുക്കുന്ന ഏജന്റുമാരും പ്രവര്‍ച്ചിത്തിരുന്നു. ഇങ്ങനെ വിവാഹം ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും വേറെ ഭാര്യയും മക്കളുമുള്ളവരായിരിക്കും. നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഭാര്യയെ കൂടെക്കൊണ്ടുപോവുകയുമില്ല. ഉപേക്ഷിക്കപ്പെടുന്ന പെണ്‍കുട്ടിക്കു പിന്നെ യാതൊരു ഗതിയുമുണ്ടാകില്ല. മൈസൂരില്‍ നിന്ന് വന്ന് കേരളത്തിലെ പെണ്‍കുട്ടികളെ വിവാഹം ചെയ്ത് ഇതേവിധം ഉപേക്ഷിക്കുകയോ കൂടെക്കൊണ്ടുപോയി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുകയോ ചെയ്യുന്ന സംഭവങ്ങളുമുണ്ടായി. അത്തരം ചില സംഭവങ്ങളില്‍ നിസ ഇടപെടുകയും തട്ടിപ്പ് പുറത്തുകൊണ്ടിവരികയും ചെയ്തു. കോയമ്പത്തൂരിലും മൈസൂരിലും മറ്റും പോയി പെണ്‍കുട്ടികളെ രക്ഷിക്കുന്ന തരത്തിലേക്ക് വളര്‍ന്നു ഇടപെടലുകള്‍. മലബാറില്‍ മാത്രമല്ല എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിലും വിവാഹത്തിന്റെ പേരില്‍ നിലനിന്ന ദുരാചാരങ്ങളിലും സ്ത്രീവിരുദ്ധ കാര്യങ്ങളിലും ഇടപെട്ട് നീതി ഉറപ്പു വരുത്താന്‍ ശ്രമിച്ചു. വന്‍ വിവാദങ്ങളും കോലാഹലങ്ങളും ഭീഷണികളുമുണ്ടായി. സുഹ്‌റയും നിസയും ഭയക്കുകയോ കുലുങ്ങുകയോ ചെയ്തില്ല. നിസയുടെ സ്ത്രീപക്ഷ നിലപാടുകളെ എല്ലാ വിശദാംശങ്ങളോടെയും ജനങ്ങളിലെത്തിക്കാന്‍ 2004ല്‍ ഒരു മാസിക തുടങ്ങിയിരുന്നു. സുഹ്‌റയായിരുന്നു മാനേജിംഗ് എഡിറ്റര്‍. പ്രമുഖ മാധ്യമ പ്രവര്‍ത്തക ലീലാ മേനോന്‍ എഡിറ്ററും ശംഷാദ് ഹുസൈന്‍ ചീഫ് എഡിറ്ററും. ഗംഭീരമായാണ് ആദ്യ ലക്കം ഇറക്കിയത്. അതോടെ വലിയ സാമ്പത്തിക ബാധ്യത വന്നു, പിന്നീട് അത് വെളിച്ചം കണ്ടില്ല.
നിസ ഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയല്ല. പ്രവര്‍ത്തകര്‍ സ്വന്തം നിലയിലാണ് ഓരോ ഘട്ടങ്ങളിലും ആവശ്യം വരുന്ന പണം സ്വരൂപിക്കുന്നത്. സ്ത്രീകളുടെ പൊതുവായ എല്ലാ വിഷയങ്ങളിലും ഇടപെട്ടുകൊണ്ടാണു മുന്നോട്ടു പോകുന്നത്. അതില്‍ മതമില്ല. എന്നാല്‍ സമൂഹത്തെ പലതായി വിഭജിച്ച് അതില്‍ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് സംഘ്പരിവാര്‍ നടത്തുന്നത്. ഏക സിവില്‍ കോഡ് വാദം ഉദാഹരണം. വേണ്ടത് ലിംഗസമത്വം യാഥാര്‍ത്ഥ്യമാക്കാന്‍ ഉതകുന്ന ജെന്‍ഡര്‍ ജസ്റ്റിസ് കോഡ് ആണെന്ന് സുഹ്‌റ. മുത്തലാഖ് കേസില്‍ ഇടപെട്ടുകൊണ്ട് നിസ സുപ്രീംകോടതിയെ അറിയിച്ചതും അതാണ്
സ്ത്രീകളുടെ വിഷയങ്ങളില്‍ ലിംഗ സമത്വത്തിനു വേണ്ടിയാണ് പോരാടേണ്ടതെന്നും വിവേചനമില്ലാത്ത അവകാശങ്ങളും അവസരങ്ങളും വേണമെന്നും സുഹ്‌റ സ്വാഭാവികമായു ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഇസ്‌ലാമിക ഫെമിനിസം എന്നത് പുതിയ ആശയമല്ലെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിനെയും ഖുര്‍ആനെയും തെറ്റായി വ്യാഖ്യാനിച്ച് സ്ത്രീയുടെ അന്തസ്സിനു നേരേ വെല്ലുവിളി ഉയര്‍ത്തുന്ന പൗരോഹിത്യവുമായി മുസ്‌ലിം സ്ത്രീകള്‍ മുഖാമുഖം നിന്ന സന്ദര്‍ഭങ്ങള്‍ പലതുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ ഫെമിനിസം രൂപപ്പെടുന്നതിനു മുമ്പേതന്നെ മറ്റു പലയിടങ്ങളിലും ഇസ്‌ലാമിക ഫെമിനിസം രൂപപ്പെട്ടതായാണ് ചരിത്രം. പക്ഷേ, ലോകത്തുതന്നെ ആ ആശയാടിത്തറയില്‍ രൂപീകരിച്ച ഏക സംഘടന നിസയാണ്. ‘സ്ത്രീയുടെ സാമൂഹിക പദവിയേക്കുറിച്ച് ഇസ്‌ലാമിന്റെ പേരില്‍ തെറ്റായ പ്രചാരണം നടത്തുകയാണ് ചിലര്‍. അന്നത്തെ അറേബ്യന്‍ സാഹചര്യങ്ങളില്‍ പറഞ്ഞതെല്ലാം ഇന്നും അതേവിധം നടപ്പാക്കണം എന്ന വാശി.. അന്നു പറഞ്ഞതെല്ലാം അന്ന് വലിയ ശരികള്‍ തന്നെയായിരുന്നു. എന്നാല്‍ കാലം ചില മാറ്റങ്ങളെങ്കിലും ആവശ്യപ്പെടുന്നുണ്ട്. അത് കാണാതെ പോകുമ്പോഴാണ് സാമൂഹികനീതി നിഷേധിക്കപ്പെടുന്നത്. കാലാനുസൃത മാറ്റത്തിനുള്ള പഴുതുകള്‍ മതത്തിലുണ്ട്. ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് രൂപപ്പെടുത്തിയ വ്യക്തിനിയമം ഇസ്‌ലാമിക ശരീഅത്തില്‍ നിന്നും പല നിലയ്ക്കും വ്യത്യസ്ഥമായിരുന്നു. പുരുഷകേന്ദ്രീകൃതമാണ് വ്യക്തിനിയമത്തിന്റെ സ്വഭാവം. വിവാഹം തന്നെ ഏറ്റവും വലിയ ഉദാഹരണം. സ്ത്രീയുടെ സമ്മതം വിവാഹത്തില്‍ നിര്‍ണായകമാണ്. അതാണ് ഇസ്‌ലാമും പറയുന്നത് പക്ഷേ, നമ്മുടെയിടയില്‍ നടക്കുന്ന ഏതെങ്കിലും വിവാഹത്തില്‍ വധുവിന്റെ ഒരു ഒപ്പെങ്കിലും വാങ്ങുന്നുണ്ടോ. ഇല്ല. വധുവിന്റെ പിതാവും വരനും സാക്ഷികളുമാണ് ഒപ്പിടുന്നത്. നിക്കാഹ് എന്ന കരാറിലെ പ്രധാനപ്പെട്ട ഒരു കക്ഷിയായ സ്ത്രീയെ രംഗത്തേ കാണുന്നില്ല. ഇതൊക്കെ പറയുമ്പോഴാണ് മതത്തിനെതിരാണ്, മതത്തെ അപകീര്‍ത്തിപ്പെടുത്തലാണ് എന്നൊക്കെ പ്രചരിപ്പിക്കുന്നത്. ‘ സുഹ്‌റ പറയുന്നു. ഇസ്‌ലാമിക ശരീഅത്തിനെ സ്ത്രീപക്ഷത്തു നിന്നുകൊണ്ടുകൂടി കാണാന്‍ നൂറ്റാണ്ടുകളായി നടന്നുവരുന്ന ശ്രമങ്ങളുടെ ഭാഗമാണ് തന്റെ പ്രവര്‍ത്തനങ്ങളും. ഇസ്‌ലാമിനും മുസ്‌ലിം സമുദായത്തിനും പുറത്തുനിന്നുകൊണ്ട് പറയേണ്ട കാര്യങ്ങളല്ല ഇതൊന്നും. അകത്ത് നിന്നുകൊണ്ടുതന്നെ പറയണം. എങ്കിലേ ഫലമുണ്ടാവുകയുള്ളു. സ്ത്രീക്ക് സാമ്പത്തിക സ്വാശ്രയത്വമുണ്ടെങ്കില്‍ അവരുടെ അന്തസ് കുടുംബത്തിലും പുറത്തും വര്‍ധിക്കും. അതിന് സ്വത്തവകാശത്തില്‍ തുല്യത വേണം. എന്നാല്‍ ഇപ്പോള്‍ മുസ്‌ലിം സ്ത്രീയോട് അനീതി കാണിക്കുന്ന സ്വത്തവകാശ നിയമമാണ് നിലനില്‍ക്കുന്നത്. ഇപ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന കറുത്ത പര്‍ദ ഇസ്‌ലാമുമായി പ്രത്യേക ബന്ധമൊന്നുമുള്ളതല്ല എന്ന് വസ്ത്രധാരണത്തേക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അവര്‍ പറഞ്ഞു. പര്‍ദ ധരിച്ചാലേ മുസ്‌ലിമാകൂ എന്ന തരത്തിലാണ് ഇപ്പോള്‍ മിക്ക മത സംഘടനകളും പ്രചരിപ്പിക്കുന്നത്. പര്‍ദ കച്ചവടക്കാരുടെ താല്‍പര്യവും കൂടി ഇതില്‍ വരുന്നുണ്ട്. പര്‍ദ വ്യാപകമാക്കുന്നതിന് സൗജന്യമായി ചില പ്രദേശങ്ങളിലൊക്കെ പര്‍ദ വിതരണം ചെയ്ത സംഭവങ്ങളുണ്ടായി. പിന്നീട് പണം കൊടുത്ത് വാങ്ങിക്കൊള്ളുമല്ലോ.

മതസംഘടനകള്‍ക്ക് മുമ്പത്തേക്കാള്‍ വളര്‍ച്ച കൂടുതലുള്ള കാലമാണിത്. എല്ലാ മത സംഘടനകളുടെയും കാര്യമാണിത്. മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ മുമ്പന്നെത്തേക്കാളും സാമൂഹിക ജീവിതത്തില്‍ കൂടുതലായി ഇടപെടുന്നു. മുമ്പൊന്നും ആര്‍എസ്എസ് നേതാക്കളെ ചര്‍ച്ചകള്‍ക്കൊന്നും കാണാറില്ലായിരുന്നു. ഇപ്പോള്‍ അത് മാറിയത് ഉദാഹരണം. ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ്, സുന്നി സംഘടനകള്‍ക്കൊക്കെ ഉണ്ടായിരിക്കുന്ന അധിക വളര്‍ച്ചയും പര്‍ദയുമായി ബന്ധമുണ്ട്. സ്ത്രീകളെ മൂടുപടം ധരിപ്പിച്ച് ഒതുക്കുന്ന സമീപനം. താനൊരു വസ്തുവാണ്, കൈപ്പത്തി പോലും പുറത്തുകാണാന്‍ പാടില്ല, മൂടുന്ന വസ്ത്രം ധരിച്ച് ഒതുങ്ങേണ്ടവരാണ് എന്ന തോന്നല്‍ കൊച്ചു പെണ്‍കുട്ടികളില്‍പ്പോലും വേരോടുന്ന വിധമാണ് ഇവരുടെയൊക്കെ പ്രചാരണം. സാരിയുടുക്കുന്നതുകൊണ്ട് ഞാന്‍ മുസ്‌ലിമല്ല എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നവരുണ്ട്. പര്‍ദയാണ് ഇസ്‌ലാം എന്ന മട്ടിലാണ് നിര്‍ബന്ധിത ഡ്രെസ്‌കോഡ് പ്രചരിപ്പിക്കുന്നത്.
പര്‍ദ്ദ പൊടുന്നനേ വ്യാപകമായിത്തുടങ്ങിയപ്പോള്‍ അതിനു പിന്നിലെ സാമ്പത്തിക, രാഷ്ട്രീയ വശങ്ങളേക്കുറിച്ചു ചര്‍ച്ചയും ഉയര്‍ന്നുവന്നിരുന്നു. പര്‍ദ ഇസ്‌ലാം നിര്‍ദേശിച്ചതല്ല എന്ന ഉറച്ച നിലപാടിലാണ് അന്നുമിന്നും സുഹ്‌റ. ‘ഗള്‍ഫ് പണത്തിന്റെ കുത്തൊഴുക്കുണ്ടായ തൊണ്ണൂറുകളുടെ തുടക്കത്തില്‍ അതിനൊപ്പം ഇങ്ങോട്ട് ഇറക്കുമതി ചെയ്ത വസ്ത്രധാരണ രീതിയാണ് പര്‍ദ. അതിന് മതവുമായി ബന്ധമില്ല. പര്‍ദ കമ്പനികളുടെ കച്ചവട താല്‍പര്യങ്ങള്‍ക്ക് സ്ത്രീ ഉപകരണമാവുകയായിരുന്നു.’ സുഹ്‌റ പറയുന്നു. പര്‍ദ ധരിക്കുന്നവരുടെ എണ്ണം അന്നത്തേക്കാള്‍ വളരെ കൂടിയ ഇന്നും പര്‍ദയാണ് സ്ത്രീക്ക് സുരക്ഷിത വസ്ത്രം എന്ന് വെറുതേ തലയാട്ടാന്‍ സുഹ്‌റ തയ്യാറല്ല. പര്‍ദ പലപ്പോഴും പുരുഷന്മാര്‍ സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കുകയാണ് എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. മാന്യമായ വസ്ത്രമെന്നാല്‍ പര്‍ദ തന്നെയാകണം എന്ന് ശഠിക്കുന്നവര്‍ക്ക് മുന്നില്‍ സ്ത്രീയൊരു കറുത്ത നീളന്‍ കുപ്പായം മാത്രമായി മാറുന്ന സ്ഥിതിയേക്കുറിച്ച് അവര്‍ പുതിയ തലമുറയിലെ പെണ്‍കുട്ടികളെയും താക്കീത് ചെയ്യുന്നു. ഒരുപാട് അനാചാരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്ന മുസ്‌ലിം സമുദായത്തിലെ സ്ത്രീകളെയും പെണ്‍കുട്ടികളെയും പര്‍ദ കൊണ്ട് മൂടുന്നതിലല്ല കാര്യമെന്നും മറിച്ച്, സ്ത്രീക്ക് ഇസ്‌ലാം അനുവദിക്കുന്ന വ്യക്തിത്വവും സാമൂഹിക അംഗീകാരവും അനുവദിച്ചുകൊടുക്കുകയാണ് വേണ്ടതെന്നും സുഹ്‌റ ചൂണ്ടിക്കാട്ടുന്നു. ‘കേരളത്തിലെ വലിയ രാഷ്ട്രീയ പാര്‍ട്ടികളിലൊന്നായ മുസ്‌ലിം ലീഗില്‍ നിന്ന് ഒരിക്കലെങ്കിലും മുസ്‌ലിം എംഎല്‍എയോ എംപിയോ ഉണ്ടായിട്ടുണ്ടോ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീ സംവരണം നിയമപ്രകാരം നിര്‍ബന്ധമാക്കിയപ്പോഴല്ലേ അവര്‍ സ്ത്രീകളെ രംഗത്തിറക്കിയത്’ സുഹ്‌റ ചോദിക്കുന്നു. അന്നുമിന്നും ഇത്തരം ചോദ്യങ്ങള്‍ സമുദായ നേതൃത്വത്തെ അലോസരപ്പെടുത്തുന്നു എന്നത് സുഹ്‌റയെ പിന്തിരിപ്പിക്കുന്നില്ല. തന്റെ പ്രവര്‍ത്തനങ്ങളും ചോദ്യങ്ങളും ഇടപെടലുകളും ഇടപെടലുകളും ഒരു സ്ത്രീക്കെങ്കിലും നീതി കിട്ടാന്‍ കാരണമായിട്ടുണ്ടെങ്കില്‍ അതുതന്നെ വിജയമാണെന്ന് അവര്‍ കരുതുന്നു. എതിര്‍പ്പുകളും ഭീഷണികളും തിരിച്ചടികളും തളര്‍ത്താത്ത ആത്മവീര്യമാണ് സുഹ്‌റയുടെ കൈമുതല്‍. അറുപത്തിയാറാം വയസ്സിലും ഇടപെടലുകള്‍ക്ക് സുഹ്‌റ ഇടവേള എടുക്കുന്നില്ല.
മതത്തെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന പേരില്‍ നിയമനടപടിയിലേക്ക് ഒരു വിഭാഗം നീങ്ങിയ സംഭവമുണ്ടായി. ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. സുഹ്‌റ മാപ്പ് പറയണം എന്നായിരുന്നു ആവശ്യം. കുറ്റം ചെയ്യാത്തതുകൊണ്ട് മാ്പ്പ് പറയേണ്ട കാര്യവുമില്ലെന്നാണ് പ്രതികരിച്ചത്. കോടതി ആ ഹര്‍ജി തള്ളി.

ഒരു പെണ്‍കുട്ടിയുടെയും ശരീരം പെണ്‍മോഹികള്‍ക്ക് ഇരയാകാത്ത, ഒരു സ്ത്രീയുടെയും ആത്മാഭിമാനം മുറിവേല്‍പ്പിക്കപ്പെടാത്ത ഒരു കാലം സ്വപ്‌നം കണ്ടവരാണ് തനിക്കു മുമ്പേ പോയവര്‍ എന്ന് അവര്‍ ഓര്‍ക്കുന്നു. ആ പ്രതീക്ഷകളുടെ ഊര്‍ജ്ജം ഏറ്റുവാങ്ങുന്ന പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണം തന്റെ തലമുറയ്ക്കു ശേഷം വര്‍ധിച്ചു വരുന്നത് അവര്‍ അഭിമാനത്തോടെ കാണുകയും ചെയ്യുന്നു.

You must be logged in to post a comment Login