കേരളത്തില്‍ യുഡിഎഫ് തരംഗം; 19/20

  • ലിബിന്‍ ടി.എസ്

“കേരളത്തില്‍ യുഡിഎഫ് കോട്ട; എല്‍ഡിഎഫിന് കനത്ത തിരിച്ചടി; ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ല”

കോട്ടയം: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് വന്‍മുന്നേറ്റം. മൊത്തം ഇരുപത് സീറ്റുകളില്‍ നടന്ന മത്സരത്തില്‍ പത്തൊമ്പതു സീറ്റും യുഡിഎഫ് സ്വന്തമാക്കി. എല്‍ഡിഎഫിന് വിജയിക്കാനായത് ആലപ്പുഴയിലെ ഒരു സീറ്റ് മാത്രം. ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല. അതേസമയം രാജ്യത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വീണ്ടും എന്‍ഡിഎ അധികാരത്തിലെത്തി. കോണ്‍ഗ്രസ് കേരളത്തിലെ മിന്നും വിജയത്തില്‍ ഒതുങ്ങി.

പ്രതീക്ഷകളും എക്സിറ്റ് പോള്‍ ഫലങ്ങളും അപ്രസക്തമാകും വിധമായിരുന്നു സംസ്ഥാനത്ത് യുഡിഎഫിന്റെ മിന്നും ജയം. ഇരുപത് ലോക്സഭാ സീറ്റുകളില്‍ പത്തൊമ്പത് സീറ്റും യുഡിഎഫ് തൂത്തുവാരി. ഇതില്‍ എല്‍ഡിഎഫിന്റെ കുത്തക കോട്ടയില്‍ വന്‍ ഭൂരിപക്ഷത്തോടെയുള്ള അട്ടിമറി വിജയവും കോണ്‍ഗ്രസിന് നേടായത് ശ്രദ്ധേയമാണ്. എല്‍ഡിഎഫ് ഏറ്റവും അധികം വിജയപ്രതീക്ഷ കാത്തുസൂക്ഷിച്ച പാലക്കാടും യുഡിഎഫ് അട്ടിമറിച്ചു. എല്‍ഡിഎഫിന്റെ മറ്റൊരു കുത്തക സീറ്റായ ആലത്തൂര്‍ കോണ്‍ഗ്രസിന്റെ യുവ വനിതാസ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസ് അട്ടിമറി വിജയം നേടിയത് ഒന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ഇവിടെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി മുന്‍ എംപി കൂടിയായ പികെ ബിജുവായിരുന്നു. 2014 തെരഞ്ഞെടുപ്പില്‍ മത്സരിച്ച അതേ സ്ഥാനാര്‍ത്ഥികള്‍ തന്നെ വീണ്ടും മത്സരിച്ച ഒരു മണ്ഡലമെന്ന നിലയില്‍ വേറിട്ടുനിന്ന മണ്ഡലമായിരുന്നു ഇടുക്കി. ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ജോയ്സ് ജോര്‍ജിന് ഇത്തവണ അടിപതറി. ഒന്നരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ ഡീന്‍ കുര്യാക്കോസ് ഇത്തവണ വിജയിച്ചത്. ഏഴ് മണ്ഡലങ്ങളില്‍ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ വിജയം. ഇതില്‍ വയനാട് രാഹുല്‍ ഗാന്ധി വിജയിച്ചത് മൂന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. അതേസമയം ആലപ്പുഴയില്‍ മാത്രമാണ് എല്‍ഡിഎഫിന് ശക്തമായ മത്സരം കാഴ്ചവെക്കാനായത്.

ത്രികോണ മത്സരം പ്രതീക്ഷിച്ച തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരും മത്സരഫലം കണക്കുകൂട്ടല്‍ തെറ്റിച്ചു. ഈ മണ്ഡലങ്ങളിലും യുഡിഎഫ് മികച്ച മുന്നേറ്റം നടത്തി. അതേസമയം ഏറ്റവും അനുകൂല സാഹചര്യമായിരുന്നിട്ടും ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കാതിരുന്നത് ശ്രദ്ധേയമാണ്. ശബരിമല പ്രശ്നം തുടങ്ങി പൂര്‍ണമായും അനുകൂല സാഹചര്യമുണ്ടായിരുന്നിട്ടും അവര്‍ക്ക് സാഹചര്യങ്ങള്‍ മുതലെടുക്കാനോ വോട്ടാക്കി മാറ്റാനോ സാധിച്ചില്ല. ശബരിമല സുവര്‍ണാവസരമെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിവാദ പ്രസംഗവും പാര്‍ട്ടിക്ക് തിരിച്ചടിയായി. ബിജെപിയുടെ ഏറ്റവും ജനപ്രീതിയുള്ള സ്ഥാനാര്‍ത്ഥിയെന്ന നിലക്ക് മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചാണ് കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് മത്സരിച്ചത്. എന്നാല്‍ മത്സര ഫലം നിരാശാജനകമായിരുന്നു. പത്തനംതിട്ടയില്‍ ശബരിമല പ്രശ്നം മുതലെടുക്കാനുറച്ച് കെ. സുരേന്ദ്രന്‍ മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളു. തൃശൂരില്‍ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് പ്രചാരണത്തില്‍ ലഭിച്ച സ്വീകാര്യത വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല. ഇവിടെയും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബിജെപിയുടെ കേരളത്തിലെ നേതൃനിരക്ക് വലിയ വെല്ലുവിളിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം ഉയര്‍ത്തുന്നത്. ഒപ്പം ഇനി സംസ്ഥാനത്ത് പാര്‍ട്ടിയുടെ സ്ഥാനമെന്തെന്നും സ്വപ്നമായി അവശേഷിക്കുന്ന ഒരു സീറ്റ് എന്ന മോഹത്തിന്റെ ഭാവിയും വലിയ ചോദ്യചിഹ്നമാകുന്നു.

കേരളത്തില്‍ ബിജെപിയ്ക്ക് ഉടനൊന്നും പ്രവേശനമില്ലെന്ന് വ്യക്തമാക്കുന്നതുകൂടിയായിരുന്നു ഇത്തവണത്തെ മത്സരഫലം. അതേസമയം കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണം പ്രതീക്ഷിച്ചുള്ള വിധിയെഴുത്തുകൂടിയായിരുന്നു കേരളത്തിലേതെന്ന് പറയാം. ഇന്ത്യ നേരിടുന്ന യഥാര്‍ത്ഥ രാഷ്ട്രീയ വെല്ലുവിളികള്‍ എന്തെന്ന് കേരളത്തിലെ വോട്ടര്‍മാര്‍ മനസ്സിലാക്കിയിട്ടുണ്ടെന്നതാണ് ഇത്തവണത്തെ മത്സരഫലം വ്യക്തമാക്കുന്നത്. കേന്ദ്രത്തില്‍ എത്തിയാല്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ രാഷ്ട്രീയ നയമുള്ളവരാണെങ്കിലും കേന്ദ്രത്തിലെ വെല്ലുവിളികളെ നേരിടാന്‍ ഏറ്റവും നല്ലത് കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യുകയാണെന്ന് നമ്മുടെ വോട്ടര്‍മാരില്‍ ഏറെ പേര്‍ തീരുമാനിച്ചു. യുഡിഎഫിന്റെ വന്‍മുന്നേറ്റം ഇതുകൂടിയാണ് വ്യക്തമാക്കുന്നത്. എല്‍ഡിഎഫിന്റെ വോട്ടുകളില്‍ വന്‍ ചോര്‍ച്ചയുണ്ടായി. ഈ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായിരുന്നെന്ന് വ്യക്തമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രചാരണത്തിലും എല്ലാ മണ്ഡലങ്ങളിലും ഏറ്റവും പിന്നിലായിരുന്നു കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങളും കാലതാമസവും പ്രചാരണത്തില്‍ അവരെ പിന്നിലാക്കി. എല്‍ഡിഎഫാകട്ടെ ആദ്യം തന്നെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ച് ച്രാരണത്തില്‍ സജീവമായി. ബിജെപിയും ഏറെക്കുറെ തര്‍ക്കങ്ങള്‍ ഒഴിവാക്കി സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തി. എന്നാല്‍ ഇരു കൂട്ടര്‍ക്കും ലഭിച്ച അവസരം വോട്ടാക്കി മാറ്റാന്‍ സാധിച്ചില്ല. ബിജെപി ശബരിമല പ്രശ്നമുള്‍പ്പെടെ രാഷ്ട്രീയ മുതലെടുപ്പിലൂടെ വര്‍ഗീയധ്രൃവീകരണത്തിന് ശ്രമിച്ചപ്പോള്‍ സാക്ഷര കേരളം തിരിച്ചറിവിലൂടെ വോട്ടു ചെയ്തു എന്നതാണ് ബിജെപിക്ക് തിരിച്ചടിയായത്. വര്‍ഗീയത വാഴുന്ന മണ്ണല്ല കേരളമെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ് കൂടിയായിരുന്നു നമ്മള്‍ കണ്ടത്. അതേസമയം ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നായിരുന്നു എല്‍ഡിഎഫിന്റെ വാദമെങ്കിലും ശബരിമല വിഷയത്തിലെ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും എല്‍ഡിഎഫിന്റെ വോട്ട് ചോര്‍ച്ചയ്ക്ക് കാരണമായെന്നത് വ്യക്തമാണ്.

കോണ്‍ഗ്രസിന്റെ പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളിലെ അട്ടിമറി വിജയവും, അഞ്ചു കോടിയുടെ കോഴ ആരോപണം ഉയര്‍ന്നു വന്നിട്ടും കോഴിക്കോട് എം.കെ. രാഘവന്റെ മികച്ച ഭൂരിപക്ഷത്തിലുള്ള വിജയവും, ചാലക്കുടിയില്‍ അസുഖത്തെ തുടര്‍ന്ന് ദിവസങ്ങളോളം പ്രചാരണത്തില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നിട്ടും ബെന്നി വെഹ്നാന് മികച്ച വിജയം നേടാനായതും തര്‍ക്കങ്ങള്‍ക്കൊടുവില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായി വന്‍ വിജയം നേടിയ മുരളീധരനും കേരള തെരഞ്ഞെടുപ്പ് ദേശീയ തലത്തിലേക്ക് മാറ്റിയ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വവും കേരളത്തിലെ വോട്ടര്‍മാര്‍ക്കിടയിലെ ട്രെന്‍ഡ് വ്യക്തമാക്കുന്നതാണ്. അട്ടിമറി നടന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി മുഖവിലയ്ക്കെടുക്കുമ്പോള്‍ ഈ ട്രെന്‍ഡ് കൂടുതല്‍ വ്യക്തമാകുന്നതാണ്. വര്‍ഗീയധ്രൃവീകരണത്തിനും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണത്തിന്റെ സാധ്യതയും മുന്നില്‍ക്കണ്ടുള്ള വിധിയെഴുത്ത്. എന്നാല്‍ കോണ്‍ഗ്രസിന്റെ മിന്നും ജയം കേരളത്തിലൊതുക്കാനായത് അമിത് ഷായുടെയും മോദിയുടെയും നേതൃപാടവം തന്നെയാണ്. പ്രതീക്ഷകള്‍ തെറ്റിച്ചുള്ള വോട്ടര്‍മാരുടെ വിലയിരുത്തലും രാഷ്ട്രീയ നിലപാടുകളും കണ്ടില്ലെന്ന് നടിക്കാനാവില്ല. മാറ്റത്തിന്റെ സൂചന നല്‍കുന്ന ഈ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്നതാണ്.

 

 

 

You must be logged in to post a comment Login