കേരളം 6100 കോടി കടമെടുക്കുന്നു; ട്രഷറി നിയന്ത്രണം നീക്കും

തിരുവനന്തപുരം: പൊതുവിപണിയിൽ നിന്ന് കടമെടുക്കാനുള്ള കേരളത്തിന്‍റെ തടസ്സം നീങ്ങിയെന്നും ജനുവരിയിൽ 6100 കോടി രൂപ കൂടി കടമെടുക്കുമെന്നും ധനമന്ത്രി തോമസ് ഐഎസക്. ഇതോടെ ജനുവരി രണ്ടാം വാരത്തോടെ ട്രഷറി നിയന്ത്രണങ്ങൾ പിൻവലിക്കും. രൂക്ഷമായ സാമ്പത്തികപ്രതിസന്ധി ഒരളവ് വരെ പരിഹരിക്കാൻ പുതിയ നടപടി സഹായിക്കും.

ഈ തുക സാമ്പത്തികവര്‍ഷാവസാനത്തെ എല്ലാ ചെലവുകള്‍ക്കും തികയില്ലെന്നും ചിലവുകള്‍ കര്‍ശനമായി നിയന്ത്രിക്കേണ്ടിവരുമെന്നും തോമസ് ഐസക് പറഞ്ഞു. ചില വികസനപ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷത്തേയ്ക്ക് നീട്ടിവെക്കേണ്ടി വരും.

ഈ വര്‍ഷം ഇരുപതിനായിരം കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രസര്‍ക്കര്‍ അനുമതി നല്‍കിയിരുന്നെങ്കിലും ചിലവാക്കാത്ത 13000 കോടിയോളം രൂപ വിവിധ വര്‍ഷങ്ങളിലായി വകുപ്പുകള്‍ ട്രഷറിയിലെ സമ്പാദ്യ അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരുന്നു. ഇങ്ങനെ പൊതു അക്കൗണ്ടിൽ വൻതോതിൽ പണം മിച്ചം കിടന്നതാണ് വായ്പയെടുക്കുന്നതിന് തടസ്സമായി കേന്ദ്രം പറഞ്ഞത്. എന്നാൽ ഇതിൽ ആറായിരം കോടി രൂപ ട്രഷറിയിൽ നിന്ന് മാറ്റിയതായി കാണിച്ച അടുത്തിടെ സര്‍ക്കാര്‍ കണക്ക് ക്രമപ്പെടുത്തിയതിനെത്തുടര്‍ന്നാണ് വായ്പയെടുക്കാൻ വീണ്ടും അനുമതി ലഭിച്ചത്.

You must be logged in to post a comment Login