കേരളത്തിന്‌ കനത്ത പ്രഹരം; ലോട്ടറി ജിഎസ്ടി നിരക്ക് 28 ശതമാനമായി ഏകീകരിച്ചു

ന്യൂഡൽഹി: സർക്കാർ ലോട്ടറികളുടെയും ഇതരസംസ്ഥാന സ്വകാര്യ ലോട്ടറികളുടെയും നികുതി നിരക്ക്‌ 28 ശതമാനമായി ഏകീകരിക്കാൻ തീരുമാനം. ജിഎസ്‌ടി കൗൺസിൽ വോട്ടെടുപ്പിലൂടെയാണ് പുതിയ തീരുമാനം. നിലവിൽ സർക്കാർ ലോട്ടറികൾക്ക്‌ 12 ശതമാനവും സ്വകാര്യ ലോട്ടറികൾക്ക്‌ 28 ശതമാനവുമായിരുന്നു ജിഎസ്‌ടി. ലോട്ടറി മാഫിയയുടെ സമ്മർദത്തിന്‌ കേന്ദ്രസർക്കാർ വഴങ്ങിയാണ്‌ ലോട്ടറി നികുതിനിരക്ക്‌ ഏകീകരിച്ചത്‌.

സർക്കാർ ലോട്ടറികളുടെ നികുതി കൂട്ടുന്നത്‌ യോഗത്തിൽ കേരളം ശക്തമായി എതിർത്തു. കേന്ദ്രം ഉറച്ചുനിന്നതോടെ ധനമന്ത്രി തോമസ്‌ ഐസക്‌ വോട്ടെടുപ്പ്‌ ആവശ്യപ്പെട്ടു. കേരള ലോട്ടറിക്ക് 12 ശതമാനം ജിഎസ്ടി തുടരണമെന്ന ആവശ്യം കൗണ്‍സില്‍ അംഗീകരിച്ചില്ല. ഇത് സംബന്ധിച്ച് ജിഎസ്ടി കൗണ്‍സിലില്‍ വോട്ടെടുപ്പ് നടന്നെങ്കിലും കേരളത്തിന്റെ ആവശ്യത്തിന് പിന്തുണ ലഭിച്ചില്ല. അടുത്തവര്‍ഷം മാര്‍ച്ച് ഒന്നു മുതല്‍ ഏകീകരിച്ച ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍ വരും.

കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ, ഡൽഹി, പുതുച്ചേരി, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളും നിരക്ക് വർദ്ധനയെ എതിർത്തു. 17 സംസ്ഥാനങ്ങൾ നികുതി കൂട്ടുന്നതിന് അനുകൂലമായി വോട്ടു ചെയ്തു. പഞ്ചാബും രാജസ്ഥാനും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. ഇതോടെ ജിഎസ്ടി കൗൺസിലിൽ ആദ്യമായി വോട്ടെടുപ്പിലൂടെ തീരുമാനം നടപ്പിലായി. ഇതുവരെ, ജിഎസ്ടി കൗൺസിലിലെ എല്ലാ തീരുമാനങ്ങളും സമവായത്തിലൂടെയായിരുന്നു അന്തിമമാക്കിയിരുന്നത്.

ജിഎസ്ടി കൗൺസിലിലെ 21 അംഗങ്ങൾ ലോട്ടറിയുടെ ഏകീകൃത നിരക്കിന് അനുകൂലമായി വോട്ട് ചെയ്തു. 7 പേർ (കേരളം, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി ഉൾപ്പെടെ) എതിർത്ത് വോട്ട് ചെയ്തപ്പോൾ മൂന്ന് സംസ്ഥാനങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.

ജിഎസ്‌ടി കൗൺസിലിൽ 75 ശതമാനം വോട്ടുലഭിച്ചാൽമാത്രമേ നികുതി നിർദേശം അംഗീകരിക്കൂ. കേന്ദ്രത്തിന്റെ വോട്ടിന്‌ 25 ശതമാനവും സംസ്ഥാനങ്ങളുടെ വോട്ടിന്‌ 75 ശതമാനവുമാണ്‌ മൂല്യം. പഞ്ചാബും രാജസ്ഥാനും കേരളത്തിനൊപ്പംനിന്ന്‌ നികുതി ഏകീകരണത്തെ എതിർത്ത്‌ വോട്ടുചെയ്‌തിരുന്നെങ്കിൽ കേന്ദ്രനീക്കം പാളുമായിരുന്നു. നികുതിനിരക്ക്‌ ഏകീകരിക്കുന്നതിനനുകൂലമായി ജമ്മു -കശ്‌മീരും ഒഡിഷയും വോട്ടുചെയ്‌തു. എന്നാൽ, ഈ രണ്ടിടങ്ങളിലെയും ധനമന്ത്രിമാരല്ല വോട്ടെടുപ്പിൽ പങ്കെടുത്തത്‌. ഈ വോട്ട്‌ ചലഞ്ച്‌ ചെയ്യാൻ സാധിക്കുമായിരുന്നുവെന്ന്‌ തോമസ്‌ ഐസക്‌ പറഞ്ഞു. പഞ്ചാബും രാജസ്ഥാനും വിട്ടുനിന്നതോടെ ഇതിനുള്ള സാഹചര്യം ഇല്ലാതായി.

You must be logged in to post a comment Login