കേരളത്തിന് അധിക ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി; 600 കോടി ആദ്യഗഡു മാത്രമാണെന്ന് ഗവര്‍ണര്‍; പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിന് കൂടുതല്‍ ധനസഹായം പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. പ്രധാനമന്ത്രിയുമായും ആഭ്യന്ത്രിയുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തി. 600 കോടി ആദ്യഗഡു മാത്രമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

പ്രളയക്കെടുതിയെ അതിജീവിച്ച് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് വിവിധ  സംഘടനകളും രാജ്യങ്ങളും വാഗ്ദാനം ചെയ്ത സഹായങ്ങള്‍ കേന്ദ്രം തടയുന്നത് വിവാദമായിരുന്നു. ഇക്കാര്യത്തില്‍ പുതിയ വിശദീകരണമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്‌. യുഎഇ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം സ്വീകരിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പിന്തുടരുന്നത് 2004ല്‍ യുപിഎ സര്‍ക്കാര്‍ രൂപീകരിച്ച ദുരന്ത സഹായ നയമാണ്. 2004 ഡിസംബറില്‍ ഇന്ത്യന്‍ തീരങ്ങളില്‍ സുനാമി വലിയ നാശം വിതച്ചപ്പോള്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് വലിയ സഹായ വാഗ്ദാനങ്ങളാണ് എത്തിയത്.

എന്നാല്‍, അന്ന് സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം വിദേശസഹായം സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു. പ്രശ്‌നങ്ങള്‍ ഇന്ത്യക്ക് തന്നെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും ആവശ്യം വന്നാല്‍ മാത്രമേ വിദേശ സഹായം സ്വീകരിക്കുകയുള്ളുവെന്നും പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ് അറിയിക്കുകയായിരുന്നു. 14 വര്‍ഷമായി ഈ നയം തന്നെയാണ് ഇന്ത്യ പിന്തുടരുന്നത്. 2005ലെ കശ്മീര്‍ ഭൂകമ്പം, 2014ലെ പ്രളയം, 2013ല്‍ ഉത്തരാഖണ്ഡിലെ പ്രളയം എന്നിവയുണ്ടായപ്പോള്‍ റഷ്യ, യുഎസ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള സഹായ വാഗ്ദാനം ഇന്ത്യ നിരസിക്കുകയായിരുന്നു.

വിദേശ സര്‍ക്കാരുകള്‍ക്ക് മാത്രമാണ് ഈ വിലക്ക് ബാധകം. വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും സഹായം നല്‍കാം.  സുനാമിക്ക് മുമ്പ്‌ പല പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ ഇന്ത്യ വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്. 1991ലെ ഉത്തരകാശി ഭൂചലനം, 1993ലെ ലത്തൂര്‍ ഭൂകമ്പം, 2001ലെ ഗുജറാത്ത് ഭൂകമ്പം, 2002 ലെ ബംഗാള്‍ ചുഴലിക്കാറ്റ്, 2004ലെ ബിഹാർ പ്രളയം എന്നീ സമയത്ത് രക്ഷാ പ്രവർത്തനങ്ങള്‍ക്കായി ഇന്ത്യ വിദേശ ഫണ്ട് സ്വീകരിച്ചിരുന്നു.

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് യുഎഇ സര്‍ക്കാര്‍ നല്‍കുന്ന സഹായം സ്വീകരിക്കേണ്ടതില്ലെന്ന്  യീകരണമായി കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതാണ് വിവാദമായത്. 15 വര്‍ഷമായി തുടര്‍ന്നു വരുന്ന വിദേശ നയം മാറ്റേണ്ടെന്നാണ് ഇതിന്  ന്യായീകരണമായി സര്‍ക്കാര്‍ പറയുന്നത്. 700കോടി രൂപയായിരുന്നു യുഎഇ കേരളത്തിന് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമെന്ന് അറിയിച്ചിരുന്നത്.

യുഎഇയെ കൂടാതെ ഖത്തര്‍, മാലിദ്വീവ്സ് എന്നീ രാജ്യങ്ങളും കേരളത്തിന് സഹായം പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ ഐക്യരാഷ്ട്ര സഭയും സഹായം വാഗ്ദാനം ചെയ്‌തെങ്കിലും അതും കേന്ദ്രം നിരസിക്കുകയായിരുന്നു. ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങളും പുനരധിവാസവും ഒറ്റയ്ക്കു നടപ്പാക്കാനുള്ള കഴിവുണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്. 2004ല്‍ ബിഹാറില്‍ പ്രളയമുണ്ടായപ്പോള്‍ അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നുമുള്ള സാമ്പത്തിക സഹായമാണ് ഏറ്റവും ഒടുവില്‍ ഇന്ത്യ സ്വീകരിച്ചത്.

ഉത്തരാഖണ്ഡ് പ്രളയമുണ്ടായപ്പോള്‍ ജപ്പാനും അമേരിക്കയും സഹായം നല്‍കാന്‍ തയാറായെങ്കിലും ഇന്ത്യ നിരാകരിച്ചിരുന്നു. വികസിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയെന്ന നിലയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാതെ സ്വന്തം നിലയില്‍ ദുരന്തങ്ങളെ മറികടക്കുകയെന്നതാണ് ഇന്ത്യ പിന്തുടരുന്ന നയം. അതേസമയം, അമേരിക്ക, ചൈന, ജപ്പാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക തുടങ്ങി പല രാജ്യങ്ങളെയും ഇന്ത്യ സഹായിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

കേരളത്തിന് ആവശ്യമായ തുക നല്‍കാതെ മറ്റിടങ്ങളില്‍ നിന്ന് ലഭിക്കുന്ന സഹായങ്ങള്‍ കൂടി  തടയുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. 20,000 കോടിയാണ് കേരളം ആവശ്യപ്പെട്ടത്, എന്നാല്‍ കേന്ദ്രം അനുവദിച്ചത് വെറും 600 കോടി രൂപയാണ്.

കേന്ദ്രം പ്രഖ്യാപിച്ച 600 കോടി രൂപതന്നെ ഒന്നിനും തികയില്ലെന്നിരിക്കെ മറ്റു രാജ്യങ്ങളുടേയും സംഘടനകളുടേയും സഹായം കൂടി തടഞ്ഞ് കേരളത്തെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നതാണ്  കേന്ദ്രത്തിന്റെ ഇപ്പോഴത്തെ  നിലപാട്. കേരളത്തിന് യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹായം ലഭിക്കുന്നതിന് കീഴ്‌വഴക്കങ്ങള്‍ തടസമാണെങ്കില്‍ അത് പൊളിച്ച്  എഴുതണമെന്നാണ് എ കെ ആന്റണി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ വിദേശ സഹായം സ്വീകരിക്കില്ലെന്ന തീരുമാനം എടുത്തെങ്കിലും ആവശ്യവും അവസരവും മനസിലാക്കി കേന്ദ്ര സര്‍ക്കാര്‍ അത് തിരുത്തണമെന്നാണ് എ കെ ആന്റണി ആവശ്യപ്പെട്ടത്. അതേസമയം, കേരളത്തിന് സഹായം നല്‍കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചുവെന്ന് സൗദി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറിയിച്ചു. യുഎഇയിലെ ജീവകാരുണ്യ സംഘടനകള്‍ കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നാണ് അദ്ദഹം ട്വിറ്ററില്‍ വ്യക്തമാക്കിയത്.

You must be logged in to post a comment Login