കേരളത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് രാഘവ ലോറന്‍സ്; നാളെ മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് കൈമാറും

 

പ്രളയദുരിതത്തില്‍ കേരളത്തിന് സഹായ ഹസ്തവുമായി സംവിധായകനും നടനുമായ രാഘവ ലോറന്‍സും. ദുരിതാശ്വാസത്തിനായി ഒരു കോടി രൂപ അദ്ദേഹം സംഭാവന നല്‍കും. നാളെ മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് ധനസഹായം കൈമാറും. ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

”പ്രിയപ്പെട്ട സുഹൃത്തുക്കളേ ആരാധകരേ , കേരളത്തിനായി ഒരു കോടി രൂപ നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു. വലിയ നാശനഷ്ടങ്ങള്‍ നേരിടുവെന്നത് കേട്ട് ഞാന്‍ മനസ്സ് തകര്‍ന്നിരിക്കുകയാണ്. അവര്‍ നമ്മുടെ സഹോദരീ സഹോദരന്മാരാണ്. നേരിട്ട് ചെന്ന് വേണ്ട സഹായങ്ങള്‍ ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു എന്നാല്‍ കേരളത്തിലേക്കുള്ള യാത്രയും ദുരിത ബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുക എന്നതും എളുപ്പമല്ല, എല്ലാം ഒന്ന് ശമിക്കുന്നത് വരെ കാക്കണം എന്നും വിവരം കിട്ടി. ഇപ്പോള്‍ മഴ കുറഞ്ഞിട്ടുണ്ട്. ഏതു പ്രദേശത്താണ് കൂടുതല്‍ നഷ്ടങ്ങള്‍ ഉണ്ടായത് എന്നത് സര്‍ക്കാരിന് അറിയാം എന്നത് കൊണ്ട് കേരള സര്‍ക്കാര്‍ വഴി സഹായം എത്തിക്കാന്‍ തീരുമാനിച്ചു.

നാളെ (ശനിയാഴ്ച) കേരള മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ സമയം കിട്ടിയിട്ടുണ്ട്. എന്റെ സംഭാവന അദ്ദേഹത്തിനു നല്‍കാനും വേണ്ടയിടത്ത് വേണ്ട പോലെ അത് ഉപയോഗിക്കാനും അദ്ദേഹത്തോട് ആവശ്യപ്പെടും. കേരളത്തിന് വേണ്ടി സംഭാവന ചെയ്തവരും ഇനി ചെയ്യാനിരിക്കുന്നവര്‍ക്കും എന്റെ നന്ദി. കേരളം പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടി ഞാന്‍ രാഘവേന്ദ്ര സ്വാമികളോട് പ്രാര്‍ഥിക്കുന്നു.” രാഘവ ലോറന്‍സ് ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

You must be logged in to post a comment Login