കേരളത്തിലെ ഐപിഎസ് ഓഫീസര്‍ ദീപ്തിയും ഭര്‍ത്താവും മരിച്ചിട്ട് സര്‍ക്കാര്‍ മൗനം പാലിക്കുന്നു; ട്രോളുകള്‍ കൈവിട്ടു; സീരിയലാണെന്നറിയാതെ പ്രതിഷേധവുമായി ഉത്തരേന്ത്യക്കാര്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ട്രോളിയത് പരസ്പരം സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളായ ദീപ്തി ഐപിഎസിനെയും സൂരജിനെയും ആയിരുന്നു. ഇരുവരുടെയും മരണത്തെ കുറിച്ചുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നു. ദീപ്തിക്കും സൂരജിനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചും മറ്റും നിരവധി ട്രോളുകളാണ് ഇറങ്ങിയത്.

എന്നാല്‍ ട്രോളുകള്‍ കൈവിട്ടു പോയപ്പോള്‍ സീരിയല്‍ ഐപിഎസ് ഓഫീസറുടെ മരണം യഥാര്‍ത്ഥ ഐപിഎസ് ഓഫിസറുടെ മരണമാണെന്ന് വിശ്വസിച്ചിരിക്കുകയാണ് പലരും. ഉത്തരേന്ത്യക്കാരാണ് ദീപ്തി ഐപിഎസിന്റെ മരണം യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചതാണെന്ന് വിശ്വസിച്ച് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഉത്തരേന്ത്യയില്‍ നടക്കുന്ന രാഷ്ട്രീയ ആരോപണങ്ങള്‍ കൂട്ടിചേര്‍ത്താണ് ഇപ്പോള്‍ ട്രോളുകളും കമന്റുകളും വരുന്നത്. ദീപ്തി എന്ന പൊലീസ് ഓഫീസറും ഭര്‍ത്താവും ബോബ് സ്‌ഫോടനത്തില്‍ മരിച്ചുവെന്നും ഇവിടത്തെ ഗവണ്‍മെന്റ നിഷ്‌ക്രിയര്‍ ആണെന്നും ഉള്ള ട്രോളാണ് നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ള ആള്‍ക്കാര്‍ സീരിയസായി എടുത്തത്.

പരസ്പരം സീരിയലിലൂടെ ജനങ്ങള്‍ നെഞ്ചേറ്റിയ കഥാപാത്രമായിരുന്നു ദീപ്തി ഐപിഎസ്. 1524 എപ്പിസോഡുകളാണ് ഈ സീരിയല്‍ സംപ്രേഷണം ചെയ്തത്. വെള്ളിയാഴ്ച്ച സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് ഇരുവരും മരണപ്പെടുന്ന രംഗം കാണിച്ചത്.

മരണപ്പെടുന്ന രംഗങ്ങള്‍ എപ്പിസോഡിന്റെ അവസാന ഭാഗങ്ങളില്‍ കാണിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ വരുകയും ചെയ്തു. എന്നാല്‍ മലയാളികള്‍ തമാശയാക്കി മാറ്റിയ ആ മരണത്തിന്റെ ട്രോളുകള്‍ ഇപ്പോള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലാണ്.

You must be logged in to post a comment Login