കേരളത്തിലെ തിഹാര്‍ ജയിലില്‍ മ്യൂസിയം ഒരുങ്ങുന്നു

കേരളത്തിലെ തിഹാര്‍ ജയിലായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മ്യൂസിയം ഒരുങ്ങുന്നു. 150 വര്‍ഷം മുന്‍പ് ബ്രിട്ടീഷുകാര്‍ പണിത നിരീക്ഷണ ജയിലറയായ ക്വാറന്റൈന്‍ ബ്‌ളോക്കാണ് മ്യൂസിയമാക്കുന്നത്. ജയിലറ മ്യൂസിയമാകുന്നതോടെ നൂറ്റാണ്ടുകള്‍ക്ക് പിറകിലുള്ള ചരിത്ര സംഭവങ്ങളെ നേരിട്ടറിയാന്‍ സഞ്ചാരികള്‍ക്ക് അവസരമുണ്ടാകും.

1992ന് ശേഷം ആരെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയിട്ടില്ല. അവസാനം തൂക്കിലേറ്റിയത് റിപ്പര്‍ ചന്ദ്രനെ. ഇനി ഈ ചരിത്രം സഞ്ചാരികള്‍ക്കായി അനാവൃതമാക്കും. ഇന്ന് കൊടും കുറ്റവാളികള്‍ അടക്കം ആയിരത്തോളം തടവുകാരുണ്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍. ഗോവിന്ദച്ചാമി അടക്കം 11 പേര്‍ തൂക്കുമരം കാത്തു നില്‍ക്കുന്നു.

14 കേസുകളില്‍ വധശിക്ഷ ലഭിച്ച കഴുമരം കാത്തു നില്‍ക്കുന്ന വനിതയുമുണ്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍.
1861ല്‍ ബ്രീട്ടീഷുകാര്‍ പണിത കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, കേരള ചരിത്രത്തിലെ നിര്‍ണ്ണായക സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ജയിലുകളില്‍ ഒന്നാമതാണ്. 1920 കളില്‍ ബ്രീട്ടീഷുകാരുടെ കൊടും ക്രൂരതയുടെ കേന്ദ്രമായിരുന്നു ഇവിടം. മലബാര്‍ കലാപത്തിന്റെ ഭാഗമായി തടവിലാക്കപ്പെട്ട നിരവധിപേര്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായതിനും വിചാരണകൂടാതെ തൂക്കിലേറിയതിനും ഈ ജയിലറകള്‍ സാക്ഷിയായി.

വെളിച്ചം കഷ്ടിച്ച് കടക്കാറുള്ള ക്വാറന്‍റൈന്‍ ബ്‌ളോക്കാണ് മ്യൂസിയത്തിന്‍റെ പ്രധാന കേന്ദ്രമാവുക. 150 മീറ്റര്‍ നീളത്തിലുള്ള ഈ ഇരുനില കെട്ടിടത്തിലായിരുന്നു അക്കാലത്ത് തടവുകാരെ നിരീക്ഷിക്കാനായി പാര്‍പ്പിച്ചിരുന്നത്. പിന്നീട് മറ്റ് ബ്‌ളോക്കുകളിലേക്ക് മാറ്റും.

കോണ്‍ഗ്രസ് സോഷ്യലിസ്‌റ് പാര്‍ട്ടി രൂപീകരണ ചര്‍ച്ചകളും കമ്യൂണിസ്‌റ് ആശയപ്രചരണവും കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കേന്ദ്രീകരിച്ചായിരുന്നു.എ.കെജിയും ഇ.എം. എസ്സും കെ.എ കേരളീയനും കണ്ണൂര്‍ ജയിലിലിലെ പൂര്‍വ്വകാല തടവുകാരായിരുന്നു.

 

 

You must be logged in to post a comment Login