കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തെ കുറിച്ച് ആദായ നികുതിവകുപ്പ് അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി: കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളിലെ പാന്‍ ഇല്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. കോഴിക്കോട് ജില്ലയിലെ സഹകരണ ബാങ്കുകളിലാണ് അന്വേഷണം ആരംഭിച്ചത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്കും തുടര്‍ന്ന് മറ്റു ജില്ലകളിലേക്കും അന്വേഷണം ഉടന്‍ വ്യാപിപ്പിക്കും. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാമെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രതീക്ഷ.

സഹകരണ ബാങ്കുകളിലെ നിക്ഷേപകരില്‍ പലര്‍ക്കും പല പേരുകളില്‍ അക്കൗണ്ടുള്ളതിനാല്‍ വീട്ടുപേരുകളാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. പത്തു ലക്ഷം രൂപയിലധികമുള്ള നിക്ഷേപങ്ങളുടെ കണക്കെടുക്കുന്നുണ്ട്. 25 ലക്ഷം രൂപയിലധികം നിക്ഷേപമുള്ളവരില്‍ നിന്ന് നേരിട്ട് വിശദീകരണം തേടാനും തുടങ്ങിയിട്ടുണ്ട്. സഹകരണ ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന മൊത്ത നിക്ഷേപക്കണക്കും വ്യക്തിഗത നിക്ഷേപക്കണക്കും ഒത്തു നോക്കി നിക്ഷേപങ്ങള്‍ മറച്ചു വയ്ക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നുണ്ട്. സഹകരണ ബാങ്കുകളില്‍ പത്തു ലക്ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങളില്‍ 60% റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ കള്ളപ്പണമായി ലഭിച്ച തുകയും 40% പെന്‍ഷന്‍ ആനുകൂല്യങ്ങളുമാണെന്നാണു പ്രാഥമിക വിശകലനം. നിക്ഷേപങ്ങള്‍ക്കു ലഭിക്കുന്ന പലിശയ്ക്ക് 95 % നിക്ഷേപകരും ആദായ നികുതി അടയ്ക്കുന്നില്ലെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

കേരളത്തിലെ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളിലെ നിക്ഷേപങ്ങളെക്കുറിച്ചു പാന്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനയും ഊര്‍ജിതമായിട്ടുണ്ട്. പാന്‍ മുഖേന ഓണ്‍ലൈനില്‍ ലഭിക്കുന്ന നിക്ഷേപ വിവരങ്ങളെക്കുറിച്ചുള്ള ഡിജിറ്റല്‍ വിശകലനം ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കു ലഭിക്കുന്നുണ്ട്.

You must be logged in to post a comment Login