‘കേരളത്തില്‍ അയ്യപ്പന്റെ പേര് പറയാന്‍ പറ്റില്ല, വിശ്വാസത്തെയും ആചാരങ്ങളെയും കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തകര്‍ക്കുന്നു’ ; ശബരിമല വീണ്ടും വിഷയമാക്കി പ്രധാനമന്ത്രി  

മംഗലാപുരം: ശബരിമല വീണ്ടും വിഷയമാക്കി തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. വിശ്വാസങ്ങളെയും ആചാരങ്ങളെയും കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തകര്‍ക്കുകയാണ്. ഞാനിന്നലെ കേരളത്തില്‍ ആയിരുന്നു. അവിടുത്തെ വിശ്വാസികളുടെ കാര്യം കഷ്ടമാണ്. അയ്യപ്പന്റെ പേര് പോലും ആര്‍ക്കും ഉച്ചരിക്കാന്‍ പറ്റില്ല. ശബരിമലയുടെ പേര് പറഞ്ഞാല്‍ അപ്പോള്‍ പിടിച്ച് ജയിലില്‍ അടയ്ക്കും. എന്താ ഭഗവാന്‍ അയ്യപ്പന്റെ പേര് പറയാന്‍ പാടില്ലേ? ശബരിമലയെ കുറിച്ച് പറയുന്നത് കുറ്റമാണോ എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

ബിജെപി സ്ഥാനാര്‍ത്ഥിക്ക് വരെ ജയിലില്‍ കിടക്കേണ്ടി വന്നു. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്നിടത്താണ് ഈ സംഭവ വികാസങ്ങള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ എത്തിയ സ്ത്രീയെ ആക്രമിച്ച കേസില്‍ കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജയിലില്‍ ആയ സംഭവത്തെ ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ ഈ പരാമര്‍ശം.

ശബരിമല വിഷയത്തില്‍ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസും ലീഗും അപകടകരമായ കളിയാണ് കളിക്കുന്നത്. ബിജെപി ഉള്ളിടത്തോളം കാലം ഇത് അനുവദിക്കില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.  ഇന്നലെ കോഴിക്കോട് നടത്തിയ റാലിയിലും മോദി ശബരിമല പരാമര്‍ശം നടത്തിയിരുന്നു. ശബരിമലയെയും അയ്യപ്പനെയും പ്രചാരണ വിഷയമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

You must be logged in to post a comment Login