കേരളത്തില്‍ ആദ്യമായി നിഴല്‍ മന്ത്രിസഭ

  • ജയശ്രീ ചാത്തനാത്ത്


വെള്ളക്കാര്‍ ഇന്ത്യവിട്ടുപോകുന്നതിനു മുന്‍പുതന്നെ ഇന്ത്യക്കായി ഒരു ഭരണഘടന ബി.ആര്‍. അംബേദ്ക്കറുടെ നേതൃത്വത്തില്‍ സോവറിംന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്കായി രൂപപ്പെട്ടുകൊണ്ടിരുന്നു. ഭാരതത്തിലെ നാനാത്വത്തില്‍ ഏകത്വത്തെ ഭരണഘടനയില്‍ ഉള്‍ചേര്‍ത്ത് അതിഗംഭീരമായി ഇന്ത്യന്‍ ജനാധിപത്യത്തെ നിര്‍വചിക്കുന്നതില്‍ അംബേദ്ക്കര്‍ വിജയിച്ചു. ഇന്ത്യയില്‍ നടപ്പിലായിരിക്കുന്ന ജനാധിപത്യരീതി ഇംഗ്ലണ്ടില്‍ നിന്നാണെന്ന് സാങ്കേതികമായി പറയാമെങ്കിലും ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെ സമന്വയം വളരെ ശ്രമകരമായ ഒന്നുതന്നെ ആയിരുന്നു. അത് സ്തുത്യര്‍ഹമായ നിലയില്‍ നിര്‍വഹിച്ച നമ്മുടെ ഭരണഘടനാശില്‍പി എക്കാലത്തും മഹാനായി ശോഭിക്കുകതന്നെചെയ്യും. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍നെഹ്‌റു, അംബേദ്കര്‍ ലോകസഭയിലേക്ക് പ്രവേശിക്കുമ്പോള്‍ ഭരണഘടനാ ശില്‍പിയെ എഴുന്നേറ്റുനിന്ന് ബഹുമാനിയ്ക്കാറുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
ഇംഗ്ലണ്ടിലാണ് ഷാഡോ കാബിനറ്റ് അഥവാ ഷാഡോഫ്രണ്ട് ബഞ്ചിന്റെ തുടക്കം. ജനാധിപത്യത്തെ കൂടുതല്‍ ശാക്തീകരിക്കാനും, നവീകരിക്കാനും ഷാഡോ കാബിനറ്റ് വലിയ പ്രയോജനം ചെയ്തിട്ടുണ്ട്. 1905-ല്‍ ഇംഗ്ലണ്ടിലാണ് ഷാഡോ കാബിനറ്റ് സംവിധാനം ആദ്യമായി നിലവില്‍ വന്നത്. തെരഞ്ഞെടുപ്പില്‍ തോറ്റപാര്‍ട്ടി പ്രതിപക്ഷമായിരിയ്ക്കുന്നതോടൊപ്പം ഭരിക്കുന്നവരെ നിഴല്‍പോലെ പിന്‍തുടരുകയും കൂടുതല്‍ ഉത്തരവാദിത്വമുള്ളവരാക്കുകയും തങ്ങളുടെ നേതാക്കള്‍ക്ക് പ്രതിപക്ഷത്തിരിയ്ക്കുമ്പോള്‍ തന്നെ ഭരണപരിചയം കിട്ടാനും തങ്ങളുടെ ടീമിനെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനും ഇത് ഉപയോഗിച്ചുതുടങ്ങി. നിഴല്‍ മന്ത്രിമാരെ സഹായിക്കാനായി അറ്റോര്‍ണി ജനറല്‍, ചീഫ്‌സെക്രട്ടറി തുടങ്ങിയവരും നിഴല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നു. സാധാരണഗതിയില്‍ പ്രധാന പ്രതിപക്ഷമാണ് നിഴല്‍ മന്ത്രിസഭ ഉണ്ടാക്കുക. അവര്‍ക്കാവശ്യമായ രേഖകളും പണവും സര്‍ക്കാര്‍ തന്നെയാണ് ഒരുക്കേണ്ടത്. മറ്റുള്ള പാര്‍ട്ടികള്‍ക്കും വിദഗ്ദ്ധര്‍ക്കും ഇത്തരം സംവിധാനം പരീക്ഷിക്കാമെങ്കിലും സര്‍ക്കാരില്‍നിന്ന് സഹായമോ പിന്‍തുണയോ ലഭിക്കില്ല.
അമേരിക്കയില്‍ ഇപ്പോള്‍ വിദഗ്ദ്ധരുടെ ഷാഡോ കാബിനറ്റ് നിലവിലുണ്ട്. ശ്രീലങ്കയിലെ തമിഴ്ഈഴം പ്രവര്‍ത്തകരും മാലിദ്വീപിലെ വിമതരും ലണ്ടനില്‍ നിഴല്‍മന്ത്രിസഭ ഉണ്ടാക്കി, സ്വന്തം അസ്തിത്വം ഉറപ്പുവരുത്തിയിട്ടുണ്ട്. പലസ്ഥലത്തും ഭരണപക്ഷം ഉണ്ടാക്കുന്ന മന്ത്രിസഭയേക്കാളും ജനശ്രദ്ധ നേടിയ നിഴല്‍ മന്ത്രിസഭകള്‍ ഉണ്ടായിരുന്നു. ടോണിബ്ലയര്‍ ഇംഗ്ലണ്ടില്‍ പ്രധാനമന്ത്രിയായിരിക്കുന്നതിനു മുന്‍പ് നിഴല്‍ മന്ത്രിസഭയില്‍ ഭരണപരിചയം നേടിയ മന്ത്രിയായിരുന്നു. ഇന്ത്യയില്‍ ഇത്തരത്തിലുള്ള നിഴല്‍ മന്ത്രിസഭയെകുറിച്ചുള്ള ചിന്ത സജീവമാകാന്‍ തുടങ്ങിയിട്ട് കാലമേറെയായി. 1990-ല്‍ രാജീവ്ഗാന്ധി കുറച്ചുകാലത്തേയ്ക്ക് എളിയ നിലയില്‍ ഒരു കാബിനറ്റ് ഉണ്ടാക്കിയിരുന്നുവത്രേ. 2005 ജനുവരിയില്‍ മഹാരാഷ്ട്രയിലും, 2014 ല്‍ മദ്ധ്യപ്രദേശിലും (കോണ്‍ഗ്രസ്സ്)2015 ല്‍ ഗോവയിലും (ആംആദ്മി പാര്‍ട്ടി)  ഇത്തരത്തില്‍ നിഴല്‍ മന്ത്രിസഭ ഉണ്ടാക്കിയിരുന്നു. 2014 കേന്ദ്രസര്‍ക്കാരിനെ ഈ രീതിയില്‍ പിന്‍തുടരാനായി ഒരു നിഴല്‍ സംവിധാനം ഉണ്ടാക്കിയെങ്കിലും ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം അത് ഉപേക്ഷിക്കപ്പെട്ടു. ആംആദ്മി സര്‍ക്കാരിനെ പിന്‍തുടരാനായി ബി.ജെ.പിയും കോണ്‍ഗ്രസ്സും ഓരോ നിഴല്‍ മന്ത്രിസഭ ഉണ്ടാക്കിയിട്ടുണ്ടത്രേ. ഡല്‍ഹിയിലെ 3 മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലും ആംആദ്മി പാര്‍ട്ടി ഓരോ നിഴല്‍ കോര്‍പ്പറേഷന്‍ ഉണ്ടാക്കി പ്രവര്‍ത്തിച്ചുവരുന്നു.
എന്തുകൊണ്ട്? കേരളത്തില്‍ ഒരു നിഴല്‍മന്ത്രിസഭ രൂപീകരിക്കുവാനുള്ള ചിന്ത തുടങ്ങിയിട്ട് ഒരു വര്‍ഷമാകാറായി. സാക്ഷരരും പ്രബുദ്ധരുമാണ് കേരള സംസ്ഥാനത്തിലെ ജനങ്ങള്‍ എങ്കിലും കേരളം ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റായി അധഃപതിക്കുന്നതിലുള്ള വേദനയും ഇതിലേക്ക് നയിച്ചിട്ടുണ്ട്.എന്റെ അറിവില്‍ കേരളത്തില്‍ ഇ.എം.എസ് മന്ത്രിസഭയ്ക്കുശേഷം ഒരു മിച്ചബജറ്റ് അവതരിപ്പിക്കപ്പെട്ടിട്ടില്ല. കേരള സംസ്ഥാനത്തേക്കാള്‍ കൂടുതലാണ് മറ്റെല്ലാ സ്‌റ്റേറ്റുകളിലും അഴിമതി എന്നുപറയുമെങ്കിലും കേരളം ഒട്ടും പിന്നിലല്ലെന്ന് നമുക്കറിയാം. ഏത് രാഷ്ട്രീയപാര്‍ട്ടി ഭരിച്ചാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി’എന്ന് നമ്മള്‍പറയാറുണ്ട്. എന്തുകൊണ്ട്?ക്രിയാത്മക പ്രതിപക്ഷം എന്ന നമ്മുടെ ആഗ്രഹം എന്നെങ്കിലും സാധ്യമായിട്ടുണ്ടോ? ഇല്ലെങ്കില്‍ അതിനെന്താണ് കാരണം? രാഷ്ട്രീയ ഇച്ഛാശക്തിയുള്ള ഭരണകൂടവും ക്രിയാത്മക പ്രതിപക്ഷവും നമ്മുടെ ആഗ്രഹം മാത്രമായി നിലനിന്നു. ഇതിനര്‍ത്ഥം പാടെ രാഷ്ട്രീയ കക്ഷികളെ തള്ളിക്കളയുകയല്ല. പലപ്പോഴും ഇച്ഛാശക്തിയില്ലായ്മ കഠിനമായ സമ്മര്‍ദ്ദ തന്ത്രങ്ങളെ അതിജീവിക്കാന്‍ അവരെ സമ്മതിച്ചില്ല. എന്തായാലും ഭരണപക്ഷവും പ്രതിപക്ഷവും നാള്‍ക്കുനാള്‍ ജനാധിപത്യബോധത്തില്‍ നിന്നകലുന്നുവെന്ന് ബോധ്യപ്പെടുന്നു. വിപ്ലവാത്മകമായ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്ന, ഭൂപരിഷ്‌കരണ നിയമം’കൊണ്ടുവന്ന രാഷ്ട്രീയകക്ഷികള്‍ ഇന്ന് ഹാരിസണ്‍ മലയാളം’പ്ലാന്റേഷനു മുന്നില്‍ കോടതിയിലാണെങ്കിലും തോല്‍പ്പിക്കപ്പെടുമ്പോള്‍ ജനസാമാന്യം ഭീതിയിലകപ്പെടുന്നു.
സ്വകാര്യമെഡിക്കല്‍കോളേജിലെ 180 കുട്ടികളുടെ ഭാവിയുടെ പേരുംപറഞ്ഞ് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നായപ്പോള്‍ തോല്‍പ്പിക്കപ്പെട്ടത് ജനസാമാന്യമാണ്. ജനാധിപത്യം അപകടത്തിലല്ലെന്ന് ഏതു മാനദണ്ഡങ്ങള്‍ (ഉബര്‍ട്ടോ എക്കോ) മുന്നില്‍വെച്ച് പരിശോധിച്ചാലും സാധാരണജനം തിരിച്ചറിയുന്നത് തങ്ങള്‍ തോല്‍പ്പിക്കപ്പെടുന്നു എന്നുതന്നെയാണ്. സാംസ്‌കാരികമായി ഏറെ മുന്നേറിയ സംസ്ഥാനമെന്ന് നവോത്ഥാനകാലഘട്ടത്തേയും അതിനുശേഷമുള്ള കലാ സാഹിത്യ   (നാടക – സിനിമ) സാംസ്‌കാരിക ഉയര്‍ച്ചകളെ മാനദണ്ഡമാക്കി നമ്മള്‍ പറയുമ്പോഴും വര്‍ഗ്ഗീയ ഫാസിസം കടന്നുവരുന്ന വഴി കൊട്ടിയടയ്ക്കാന്‍ കേരളത്തിനുപോലും ആയില്ല എന്നചരിത്രവും നമ്മുടെ മുന്നിലുണ്ട്. ജാതി വെറിപിടിച്ച അച്ഛന്‍മകളെ കൊല്ലുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുകയാണ് നമ്മള്‍. വയലന്‍സിന്റെ പ്രയോക്താക്കളായി ഇന്ത്യന്‍ മദ്ധ്യവര്‍ഗം മാറുന്നതിന്റെ കൂടെ കേരളവും ആ വഴിക്കുതന്നെ പോയികൊണ്ടിരിക്കുന്നു. പ്രബുദ്ധ കേരളത്തിലെ ജനങ്ങള്‍ക്ക്എന്തുകൊണ്ട് ഈ വയലന്‍സില്‍നിന്ന് പിന്‍മാറാനാകുന്നില്ല? സ്ത്രീ എന്നും ഉപഭോഗവസ്തു ആവുന്നത് തടയുവാനാകുന്നില്ല? കൊച്ചുകുട്ടികള്‍പോലും നിരന്തരം അക്രമിക്കപ്പെടുന്നത് തടയുവാനാകുന്നില്ല? സമത്വവും സ്വാതന്ത്യവും അഹിംസയും നെഞ്ചിലേറുന്ന ഒരു ജനത ഇനിയെങ്കിലും ഇവിടെ വളര്‍ന്നു വരേണ്ടതില്ലെ? പരിസ്ഥിതിസൗഹൃദസുസ്ഥിരവികസനം ഇവിടെ സാദ്ധ്യമാക്കേണ്ടതില്ലെ? ആഗോളീകരണത്തെ പ്രതിരോധിക്കാന്‍ സ്വാശ്രയത്വത്തേക്കാള്‍ മറ്റെന്താണ് ഉപകരിക്കുക? ആരോഗ്യവും വിദ്യാഭ്യാസവും നമ്മുടെ ഈടുവെപ്പുകളായി പരിഗണിക്കപ്പെടേണ്ടതില്ലെ? നമ്മുടെ സാംസ്‌കാരിക വൈവിധ്യവും ജനാധിപത്യവും അധികാരവികേന്ദ്രീകരണവും സാദ്ധ്യമാക്കേണ്ടതില്ലെ? ഈദൃശ്യചിന്തകളെ ഏകോപിപ്പിച്ചപ്പോഴാണ് ‘-‘-ഗ്രീന്‍ സ്വരാജ്’എന്ന ലക്ഷ്യം ഞങ്ങള്‍ക്കു മുന്‍പില്‍ തെളിഞ്ഞുവന്നത്. ഇത് സാദ്ധ്യമാക്കുന്നതിന് ഏറ്റവും ക്രിയാത്മകമായി ഇടപെടാനാവുന്നത് ഒരു നിഴല്‍ മന്ത്രി സഭയാണ്’-എന്ന തിരിച്ചറിവാണ് കേരളം ഷാഡോ കാബിനറ്റ് ‘എന്ന തീരുമാനത്തില്‍ ഞങ്ങളെകൊണ്ടെത്തിച്ചത്.
പരിശീലനം,പ്രവര്‍ത്തന പഥം
കേരളത്തില്‍ ഒരു നിഴല്‍ മന്ത്രിസഭയാണ് വേണ്ടതെന്ന ചിന്ത പ്രാബല്യമായതോടെ 2017 നവംബര്‍ 1-ാം തിയ്യതി മുതല്‍ എറണാകുളം ജില്ലയിലെ മൂഴിക്കുളംശാലയില്‍ തുടങ്ങിയ ആലോചന യോഗങ്ങള്‍ വഴി വോട്ടേര്‍സ് അലയന്‍സ്, ഗാന്ധിയന്‍ കൂട്ടായ്മ, ഹ്യൂമണ്‍ വെല്‍നസ്സ് സ്റ്റഡി സെന്റര്‍, മൂഴിക്കുളം ശാല ഈ 4 സംഘടനകളും ചേര്‍ന്നാണ് നിഴല്‍ മന്ത്രിസഭയ്ക്ക് രൂപം കൊടുക്കാന്‍ തീരുമാനിച്ചത്. ഇതില്‍ വോട്ടേഴ്‌സ് അലയന്‍സ്, വോട്ടര്‍മാരുടെ കടമ വോട്ടുചെയ്യുന്നതോടെ തീരുന്നില്ലെന്നും, ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ വോട്ടര്‍മാരുടെ നിരന്തരമായ പ്രതികരണങ്ങളും കാവലും ഉണ്ടായിരിക്കണമെന്നും വിശ്വസിച്ച് പ്രവര്‍ത്തിക്കുകയും വോട്ടര്‍മാരെ സ്ഥിരമായി എജുക്കേറ്റ് ചെയ്യുകയും ചെയ്യുന്നു. ഹ്യൂമണ്‍ വെല്‍നസ് സ്റ്റഡിസെന്റര്‍’ആണെങ്കില്‍ സമൂഹത്തിലെ അടിസ്ഥാനപ്രശ്‌നങ്ങളെക്കുറിച്ച് സത്യസന്ധമായ ചര്‍ച്ചയ്ക്കുവേണ്ടി വേദി ഒരുക്കുകയും സാമൂഹ്യനീതിക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സംഘടനയാണ്. ലൈംഗീക നീതിയില്‍ അധിഷ്ഠിതമായ സ്വാതന്ത്ര്യത്തെക്കുറിച്ച് നിരന്തരം കേരള സമൂഹത്തില്‍ ചര്‍ച്ചചെയ്യുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്തുകൊണ്ട് പത്തോളം വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. ഗാന്ധിയന്‍ കൂട്ടായ്മയെ സംബന്ധിച്ച് പ്രത്യേകിച്ച് ആരോടും പറയേണ്ടതില്ലല്ലോ. വയലന്‍സിനെതിരെ അഹിംസക്കായി മുറവിളികൂട്ടികൊണ്ട് എന്നും അവരിവിടെയുണ്ട്.
മൂഴിക്കുളംശാലയാണെങ്കില്‍ ഒരു പരിസ്ഥിതി സൗഹൃദജൈവക്യാമ്പസാണ്. ജീവിതത്തിനാവശ്യമായ ചെറിയ കാര്യങ്ങളില്‍ സംതൃപ്തമായി ജീവിക്കുന്ന വീടുകള്‍. എളിയ ജീവിതവും ഉയര്‍ന്ന ചിന്തയും’കൈമുതലായ ഒരു സംസ്‌കാരം മൂഴിക്കുളം ശാലയില്‍ നിലനില്‍ക്കുന്നു. ഈ നാല് സംഘടനകളും ചേര്‍ന്നാണ് കേരളത്തില്‍ നിഴല്‍ മന്ത്രിസഭയ്ക്ക് രൂപംകൊടുത്തത്. 2017 നവംബര്‍ 1 മുതലുള്ള നാല്പതില്‍ അധികം പരിശീലനങ്ങളില്‍ ഇരുനൂറോളം ആള്‍ക്കാര്‍ കടന്നുവരുകയും പരിശീലങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. 200 ല്‍ നിന്ന് നാല്പതംഗ ടീമിനെ തെരഞ്ഞെടുത്തു.  കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള അഴിമതി തൊട്ടുതീണ്ടാത്ത സാമൂഹ്യപ്രവര്‍ത്തകരാണ് വന്നവരെല്ലാം. വ്യതിരിക്തമായ അപൂര്‍വ്വമായ വ്യക്തിത്വങ്ങള്‍ തന്നെ. എന്നാല്‍ ഓരോ മന്ത്രിമാരുടേയും കീഴിലുള്ള വൈവിധ്യമാര്‍ന്ന ഡിപ്പാര്‍ട്ടുമെന്റുകള്‍ പഠിച്ചെടുക്കാന്‍ വളരെ പ്രയാസമായിരുന്നു. പ്രയാസമെന്നതിലപ്പുറം അതിനായി നീക്കിവെക്കാനുള്ള സമയം എന്നതു വലിയ വെല്ലുവിളി നേരിട്ട പ്രശ്‌നമായിരുന്നു. മുന്‍പ് ചെയ്തിരുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിലനിര്‍ത്തികൊണ്ടുതന്നെ ഇത്തരമൊരു ഉത്തരവാദിത്വം ഏറ്റെടുക്കുകയെന്നത് വളരെ പ്രയാസമായിരുന്നു. വിവിധ നിയോജക മണ്ഡലങ്ങളില്‍നിന്നും ജയിച്ചുവരുന്ന എം.എല്‍.എ മാര്‍ വന്ന് മന്ത്രിസ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഓരോരുത്തരുടേയും കീഴില്‍ ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ ജോലിചെയ്യുന്നുണ്ട്. എന്നാല്‍ നിഴല്‍ മന്ത്രിമാരെ സംബന്ധിച്ചിടത്തോളം പാരാവാരം പോലെ പരന്നുകിടക്കുന്ന വിഷയങ്ങളും ഇവയെല്ലാം പഠിച്ചെടുക്കുവാനുള്ള സന്നദ്ധതയും മാത്രമേ കൈമുതലായുള്ളു. അഞ്ചുപേരടങ്ങുന്ന ഒരു സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ്’ ഓരോ മന്ത്രിമാര്‍ക്കും ഉണ്ടായിരിക്കുക എന്ന തീരുമാനത്തിലേയ്ക്ക് അങ്ങനെയാണ് എത്തിച്ചേര്‍ന്നത്. വീണ്ടും 40 പേരില്‍ നിന്ന് 19 പേരിലേയ്ക്ക് എത്തുമ്പോള്‍ ഈ നാല്‍പ്പതുപേരും പ്രാപ്തരുംയോഗ്യരുമായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. പക്ഷേ വ്യക്തിപരമായ ചില അസൗകര്യങ്ങളാണ് പലരേയും മാറ്റിനിര്‍ത്തിയത്. ഒടുവില്‍ വകുപ്പുകള്‍ തീരുമാനിക്കപ്പെടുമ്പോഴേക്കും ഏറ്റെടുക്കാന്‍ പോകുന്ന ഉത്തരവാദിത്വത്തിന്റെ ബൃഹത്വത്തെക്കുറിച്ച് എല്ലാവര്‍ക്കും ബോധ്യമുണ്ടായിരുന്നു. അവസാനത്തെ രണ്ട് കൂടിയിരിപ്പുകളില്‍ തിരഞ്ഞെടുക്കപ്പെട്ട ഓരോരുത്തരും സ്വന്തം വകുപ്പിനെക്കുറിച്ചുള്ള പൊതുവായ അവതരണവും അതിനെക്കുറിച്ചുള്ള നിശിതമായ വിമര്‍ശനവും തിരുത്തലും എല്ലാം ഉണ്ടായി. മുന്നോട്ടുചെല്ലുമ്പോള്‍ പ്രകടനത്തിന്റെ (പെര്‍ഫോര്‍മന്‍സ്) അടിസ്ഥാനത്തില്‍ സ്വയം സ്ഥാനമൊഴിയാനും തിരിച്ചുവിളിക്കാനുമുള്ള അവകാശത്തോടെയാണ് ഓരോരുത്തരും സ്ഥാനം ഏറ്റിരിക്കുന്നത്. പഠനങ്ങളും പ്രവര്‍ത്തനങ്ങളും ബദല്‍ നിര്‍ദ്ദേശങ്ങളുമായി ഈ പത്തൊന്‍പത് മന്ത്രിമാരും ഇനി കേരളത്തില്‍ ഉണ്ട്.
കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി മതങ്ങള്‍ക്കതീതമായി സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ച് വിലയിരുത്താനും നയങ്ങള്‍ക്കനുസൃതമായ പ്രവര്‍ത്തനങ്ങളാണോ ചെയ്യുന്നതെന്ന് പിന്‍തുടര്‍ന്ന് കണ്ടെത്താനും നിഴല്‍ മന്ത്രിസഭ തയ്യാറാകുന്നു. സര്‍ക്കാരിന്റെ നയങ്ങളിലെ പിശകുകള്‍ക്ക് ജനകീയമായ ബദലുകള്‍ അന്വേഷിക്കുന്നു. ഭരണപരിഷ്‌കാരം മുതല്‍ എല്ലാവിധകാര്യങ്ങളിലും വേണ്ടസമയത്ത്, വേണ്ടകാര്യങ്ങള്‍ മുന്‍കൂട്ടി നിര്‍ദ്ദേശിക്കുന്നു. ഇക്കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ലളിതമായി മനസ്സിലാകുന്ന രീതിയില്‍ വിശദീകരിക്കുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടേയും നടപടിക്രമങ്ങളുടേയും ശരിയായ ഉപഭോക്താക്കളെ കണ്ടെത്താന്‍ സഹായിക്കുന്നു. ഓരോ പ്രവര്‍ത്തിയുടേയും സോഷ്യല്‍ ഇംപാക്റ്റ് പൗരന്‍മാരുടെ മുന്‍പില്‍ അവതരിപ്പിക്കുന്നു. വ്യത്യസ്തമായ ആശയക്കാരുടെ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും അവയിലൂടെ കൂടുതല്‍ വ്യക്തമായ ധാരണ സര്‍ക്കാരിനുണ്ടാവാന്‍ സഹായിക്കുന്നു. ഇതിന്റെയെല്ലാം ഫലമായി ഭരണപക്ഷം കൂടുതല്‍ ശ്രദ്ധയോടെ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അത് ജനോപകാര പ്രദമാവുകയും ചെയ്യും. പൊതുഖജനാവിലെ പണമെടുത്ത് ഉപയോഗിക്കുന്നത് കൃത്യമായി നിരീക്ഷിക്കുന്ന സംവിധാനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉത്തരവാദിത്വപൂര്‍വ്വം ഉപയോഗിക്കപ്പെടുന്ന അവസ്ഥയുണ്ടാകും. അതുകൊണ്ടുതന്നെ കേരളത്തിലെ നിഴല്‍മന്ത്രിസഭയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമാണ് ബജറ്റ്‌സ്‌കൂളിംഗ്. ബജറ്റിനെകുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ കൃത്യമായ ധാരണ ഉണ്ടാക്കുന്നതിനാണിത്. വീണ്ടും വീണ്ടും കേന്ദ്രീകരിക്കപ്പെടുന്ന അധികാരങ്ങള്‍ ജനാധിപത്യധ്വംസനത്തിന് കാരണമാകും എന്നതുകൊണ്ട് അധികാരവികേന്ദ്രീകരണത്തെ കൂടുതല്‍ ശാക്തീകരിക്കാന്‍ നിഴല്‍മന്ത്രിസഭ ശ്രമിക്കും. കൂടുതല്‍ ക്രിയാത്മകമായി വിഷയത്തിലൂന്നി നടക്കുന്ന ചര്‍ച്ചകള്‍ നിയമസഭയിലെ സമയം കൂടുതല്‍ പ്രയോജനകരമായി ഉപയോഗപ്പെടുത്തുവാന്‍ നിര്‍ബന്ധിതരാകും. ഈ അവസ്ഥ സര്‍ക്കാരിന്റെ നയങ്ങള്‍ കൂടുതല്‍ ജനങ്ങള്‍ക്ക് പ്രയോജനകരമായ രീതിയില്‍ നടപ്പിലാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതോടെ ജനാധിപത്യം കൂടുതല്‍ ശക്തിയാര്‍ജിക്കും.
കേരളത്തിലെ ഇന്നത്തെ അവസ്ഥയില്‍ മുഖ്യമന്ത്രി അടക്കം 19 മന്ത്രിമാരാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ ഷാഡോകാബിനറ്റിലും 19 മന്ത്രിമാരാണ് ഉള്ളത്.(രണ്ടുപേര്‍ക്ക്‌വ്യക്തിപരമായ അസൗകര്യങ്ങളാല്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞില്ല). ഒരു മാതൃകാമന്ത്രിസഭ എങ്ങനെ ആയിരിക്കണമെന്ന സന്ദേശം നല്‍കാനായി 50% സ്ത്രീകളും, ഒരു ട്രാന്‍സ്‌ജെന്ററും ഒരു ഭിന്നശേഷിയുള്ള വ്യക്തിയും ഒരു കാനനവാസിയും ഈ നിഴല്‍ മന്ത്രിസഭയില്‍ ഉണ്ട്. കേരളത്തില്‍ ആദ്യമായി ഒരു വനിതാ മുഖ്യമന്ത്രിയാണ് നിഴല്‍ മന്ത്രിസഭയെ നയിക്കുന്നത്. ഓരോ മന്ത്രിമാര്‍ക്കും 5 പേരില്‍ കുറയാത്ത ഒരു ‘-‘-സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ്’ഉണ്ട്. 2018 ഏപ്രില്‍ 28-ാം തിയ്യതി എറണാകുളത്തെ ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്കില്‍വെച്ച് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ശില്പിയായ ഭാരതരത്‌നം അംബേദ്ക്കറുടെ ചെറുമകനായ പ്രകാശ് അംബേദ്ക്കര്‍ ആണ് സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നല്കിയത്.  ഇന്ത്യയുടെ ഭരണഘടനയിലധിഷ്ഠിതമായി സത്യം, സമത്വം, സ്വാതന്ത്ര്യം, അഹിംസ എന്നിവയിലൂന്നിയ, പ്രകൃതിക്കും മനുഷ്യനുമായി ഉത്തരവാദിത്വത്തോടെ സേവനം ചെയ്യുവാന്‍ തയ്യാറായ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. സാമൂഹിക പരിശോധനയിലൂടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ മനസ്സിലാക്കാനും വിലയിരുത്താനും ഈ മന്ത്രിമാര്‍ ഉത്തരവാദിത്വത്തോടെ ശ്രമിക്കുന്നതാണ്.
സ്വാശ്രയത്തിലും പരിസ്ഥിതി സൗഹൃദ സുസ്ഥിരവികസനത്തിലും ഊന്നിയ ഗ്രീന്‍സ്വരാജ്‌ലേയ്ക്കുള്ള ഈ കേരള നിഴല്‍ മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങളില്‍ കേരളീയരുടെ പൂര്‍ണ്ണമായ പിന്‍തുണ പ്രതീക്ഷിക്കുന്നു.ചരിത്രത്തിന്റെ ബോധവും ബോദ്ധ്യവുമില്ലാത്ത പാരമ്പര്യങ്ങളുടെ ദാസ്യത്തില്‍ നിന്നും ശാസ്ത്രാവബോധമില്ലാത്ത സാങ്കേതിക ദാസ്യത്തില്‍നിന്നും രക്ഷപ്പെട്ട് കേരളം ഗ്രീന്‍സ്വരാജിലൂടെ, ആഗോളീകരണത്തെ പ്രതിരോധിക്കാനുള്ള കരുത്ത് നേടുമെന്ന് പ്രതീക്ഷിക്കാം.
കേരളാ നിഴല്‍ മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരും വകുപ്പുകളുംമുഖ്യമന്ത്രി: അഡ്വ. ആശറവന്യു: ജയശ്രീ ചാത്തനാത്ത്ധനകാര്യം : ഇ.പി. അനില്‍വ്യവസായം: മേജര്‍. അനീഷ് ഗുരുദാസ്വിദ്യാഭ്യാസം: അനില്‍ ജോസ്പൊതുമരാമത്ത്: അഥീന സുന്ദര്‍ഭക്ഷ്യ-സിവില്‍ സപ്ലൈസ്: ഫൈസല്‍ ഫൈസു
പിന്നോക്കക്ഷേമ-നിയമം-സാംസ്‌ക്കാരികം (Sc,ST): മിനിജലവിഭവം: പ്രേംകുമാര്‍. ടി.ആര്‍തദ്ദേശ സ്വയംഭരണം: അഡ്വ. ഷൈജന്‍ ജോസഫ്കൃഷി: പി.ടി.ജോണ്‍എക്‌സൈസ്-തൊഴില്‍: വിന്‍സന്റ് മാളിയേക്കല്‍ആരോഗ്യം, സാമൂഹ്യനീതി: പി.എന്‍. സുരേന്ദ്രന്‍ഗതാഗതം: സില്‍വി സുനില്‍
ഫിഷറീസ്, പരമ്പരാഗത മേഖല: മാഗ്‌ലിന്‍ ഫിലോമിനവനം: ലേഖ കാവാലം സഹകരണം, ടൂറിസം: ബാബു പോള്‍

You must be logged in to post a comment Login