കേരളത്തില്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍ അവസാനം

ഏപ്രില്‍ പതിനഞ്ചിന് വിഷുവും ഇരുപതിന് ഈസ്റ്ററും കഴിഞ്ഞ് മാസാവസാനമായിരിക്കും കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തുക.

ഏപ്രില്‍ പകുതിയോടെ ആരംഭിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ മൂന്നാമത്തെയോ നാലാമത്തേയോ ഘട്ടത്തില്‍ സംസ്ഥാനത്ത് വോട്ടെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ സമയക്രമം ഈ മാസം 26നും മാര്‍ച്ച് അഞ്ചിനുമിടയില്‍ പ്രഖ്യാപിക്കും. 2009ല്‍ ആദ്യഘട്ടത്തില്‍ത്തന്നെ, ഏപ്രില്‍ പതിനാറിനാണ് കേരളത്തില്‍ വോട്ടെടുപ്പ് നടന്നത്. ദേശീയതലത്തില്‍ അഞ്ചുഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് പൂര്‍ത്തിയായത് മെയ് പതിമ്മൂന്നിനായിരുന്നു.
വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി പാര്‍ലമെന്റിന്റെ സമ്മേളനം ഫിബ്രവരി 21ന് അവസാനിക്കുന്നതോടെ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങും. ആദ്യപടിയായി കേന്ദ്ര സേനയെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് കമ്മീഷന്‍ ആഭ്യന്തരമന്ത്രാലയവുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് ഫിബ്രവരി 26ന് ശേഷം ഏതുസമയവും തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും. ഇതോടനുബന്ധിച്ചുതന്നെ പുതിയ പെരുമാറ്റച്ചട്ടം നിലവില്‍വരും. പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പെരുമാറ്റച്ചട്ടം തയ്യാറാക്കുന്നത്. ഇതുസംബന്ധിച്ച് കമ്മീഷന്‍
വിവിധ പാര്‍ട്ടികളുടെ അഭിപ്രായം തേടിയിരുന്നു.

You must be logged in to post a comment Login