കേരളത്തില്‍ ബലി പെരുന്നാള്‍ ഇന്ന്

ത്യാഗസ്മരണ പുതുക്കി കേരളത്തിലെ വിശ്വാസികള്‍ ഇന്നു ബലി പെരുന്നാള്‍ കൊണ്ടാടും. ഭക്തിയോടൊപ്പം സ്‌നേഹവും സൌഹൃദവും പങ്കുവെക്കുന്ന പെരുന്നാളാഘോഷത്തിന് നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.

 

ദൈവകല്‍പന അനുസരിച്ച് മകനെ ബലിയര്‍പ്പിക്കാന്‍ തയ്യാറായ ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായിലിന്റെയും ത്യാഗസ്മരണയുണര്‍ത്തിയാണ് വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. മക്കയിലും മറ്റ് വിദേശരാജ്യങ്ങളിലും ഇന്നലെയായിരുന്നു പെരുന്നാളെങ്കിലും മാസപ്പിറവിയിലെ മാറ്റങ്ങള്‍ കാരണം ഇന്നാണ് കേരളത്തില്‍ ആഘോഷം. പെരുന്നാള്‍ രാവില്‍ പുലര്‍ച്ചെ പെരുന്നാള്‍ നമസ്‌കാരവും തുടര്‍ന്നുളള മൃഗബലിയുമാണ് ചടങ്ങുകള്‍. പുത്തന്‍ വസ്ത്രങ്ങളും മറ്റും വാങ്ങാനുളള വലിയ തിരക്കാണ് നഗരങ്ങളിലെങ്ങും. ഈ പെരുന്നാള്‍ രാവില്‍ ബന്ധുഗൃഹങ്ങളിലും തറവാടുകളിലും വിരുന്നുപോക്കിന്റെയും വരവിന്റെെയും തിരക്കു കൂടിയുണ്ടാകും.

രാവിലെ വിരുന്നെത്തുന്നവര്‍ക്ക് നല്‍കാനുളള മധുരപലഹാരങ്ങളും പായസങ്ങളും ഇന്നലെ രാത്രി തന്നെ തയ്യാറായി. നഗരങ്ങളില്‍ ഈദ് ഗാഹുകളിലും ചെറുഗ്രാമങ്ങളില്‍ പളളികളിലുമാണ് പെരുന്നാള്‍ ദിനത്തില്‍ നിസ്‌കാരച്ചടങ്ങുകള്‍ നടക്കുക. തുടര്‍ന്ന് സ്‌നേഹവും സൌഹൃദവും ഊട്ടിയുറപ്പിച്ച് എല്ലാവരും പരസ്പരം ഈദ് ആശംസകള്‍ കൈമാറും. പുത്തന്‍ വസ്ത്രങ്ങളണിഞ്ഞ് ബന്ധുവീടുകളില്‍ പോയി വിരുന്നു കൂടുന്നതോടെയാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ അവസാനിക്കുന്നത്.

You must be logged in to post a comment Login