ഇടുക്കിക്കായി കടുംപിടുത്തം: ആവേശപ്പോരില്‍ ആര്?

  • ലിബിന്‍ ടി.എസ്

ഇടുക്കി മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന് ഇത്തവണ ഒരു പ്രത്യേകത കൂടിയുണ്ട്. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രധാന മുന്നണികളായ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികളില്‍ ഇത്തവണയും മാറ്റമില്ല. അതുകൊണ്ട് തന്നെ വികസന പ്രവര്‍ത്തനങ്ങളും രാഷ്ട്രീയവും വ്യക്തമായി മനസിലാക്കിയുള്ള വിധി എഴുത്താവും ഇടുക്കിയില്‍ നടക്കുക.

ഇന്ത്യയിലെ പതിനേഴാം ലോക്‌സഭയെ തിരഞ്ഞെടുക്കാനുള്ള പൊതുതെരഞ്ഞെടുപ്പില്‍ ഇന്ന് നമ്മള്‍ പരിശോധിക്കുന്നത് ഇടുക്കി ലോക്‌സഭ മണ്ഡലമാണ്. ഇത്തവണ കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നു തന്നെയാണ് ഇടുക്കി. യുഡിഎഫിന്റെ കോട്ടയായ മണ്ഡലത്തില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്താനിറങ്ങുമ്പോള്‍ തങ്ങളുടെ കുത്തക സീറ്റ് തിരിച്ച് പിടിക്കുകയാണ് യുഡിഎഫിന്റെ വലിയ വെല്ലുവിളി. ഇടുക്കി മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന് ഇത്തവണ ഒരു പ്രത്യേകത കൂടിയുണ്ട്. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രധാന മുന്നണികളായ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികളില്‍ ഇത്തവണയും മാറ്റമില്ല. അതുകൊണ്ട് തന്നെ വികസന പ്രവര്‍ത്തനങ്ങളും രാഷ്ട്രീയവും വ്യക്തമായി മനസിലാക്കിയുള്ള വിധി എഴുത്താവും ഇടുക്കിയില്‍ നടക്കുക.

എല്‍ഡിഎഫ് പിന്തുണയില്‍ നിലവിലെ എം.പിയായ അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ യുഡിഎഫിനായി യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യാക്കോസാണ് മത്സരിക്കുന്നത്. 2014ല്‍ ഡീന് കാലിടറിയപ്പോള്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച ജോയ്‌സ് ജോര്‍ജ്ജ് 50,542 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അതേസമയം ഇതുവരെയും മണ്ഡലത്തില്‍ അക്കൗണ്ട് തുറക്കാനായിട്ടില്ലെങ്കിലും ഇത്തവണത്തെ ഇലക്ഷനില്‍ ബിജെപിയും ശക്തമായി തന്നെ രംഗത്തുണ്ട്. ബിഡിജെഎസിലെ ബിജു കൃഷ്ണനാണ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. 1967 മുതല്‍ നടന്ന 13 ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫും യുഡിഎഫും തുല്യശക്തികളായി വിജയം ആവര്‍ത്തിച്ച് വരുന്നതാണ് മണ്ഡത്തിന്റെ കാഴ്ച. മണ്ഡലത്തില്‍ ആകെ ആറ് പ്രാവശ്യം എല്‍ഡിഎഫ് വിജയം നേടി. അതേസമയം ഏഴ് പ്രാവശ്യമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിജയിച്ചത്.

ഭരണ തുടര്‍ച്ചയ്ക്കായി മത്സരിക്കുന്ന ജോയ്‌സ് ജോര്‍ജ്ജ് ഭരണ നേട്ടങ്ങളും മണ്ഡലത്തില്‍ നടത്തിയ വികസനങ്ങളും മുഖ്യ വിഷയമാക്കിയാണ് ഇത്തവണ ജനങ്ങള്‍ക്ക് മുന്നിലേക്കിറങ്ങുന്നത്. അതേസമയം 2014ല്‍ കത്തോലിക്ക സഭയുടെ പിന്തുണയോടെയാണ് അഭിഭാഷകനും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിയമോപദേഷ്ടാവുമായ ജോയ്‌സ് ജോര്‍ജ് കോണ്‍ഗ്രസിന്റെ ഡീന്‍ കുര്യാക്കോസിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പശ്ചിമഘട്ട സംരക്ഷണമാണ് പ്രധാന ചര്‍ച്ചയായതെങ്കില്‍ ഇത്തവണ ഒപ്പം പ്രളയവും വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകും. മാത്രവുമല്ല കര്‍ഷക ആത്മഹത്യയും. മണ്ഡലത്തിന്റെ സ്വഭാവം വ്യക്തമായി അറിയാവുന്ന ജോയ്‌സ് ജോര്‍ജ്ജ് ഇത്തവണ വിജയമുറപ്പിക്കാന്‍ മുമ്പ് അനുകൂല ഘടകമായി നിന്ന കസ്തൂരിരംഗന്‍ വിഷയം ബോര്‍ഡുകളില്‍ നല്‍കി ചര്‍ച്ച സജീവമാക്കി നിര്‍ത്തിയിട്ടുണ്ട്. ഇടുക്കികാരന്‍ കൂടിയായ ജോയ്‌സ് ജോര്‍ജ്ജിന്റെ വ്യക്തി പ്രവാഹവും വോട്ടില്‍ നിര്‍ണായകമാണ്. മാത്രവുമല്ല ആളുകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാനും കാര്യങ്ങള്‍ വ്യക്തമായി പഠിച്ച് സംസാരിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ മുന്നിലെത്തിക്കുന്നു.

അതേസമയം ജോയ്‌സ് ജോര്‍ജ്ജിന്റെ വികസന പ്രവര്‍ത്തനങ്ങളിലെ പോരാഴ്മകളും അഴിമതി ആരോപണങ്ങളും 2014 തെരഞ്ഞെടുപ്പിലെ അനുകൂല ഘടകങ്ങളിലെ നിലവിലെ സാഹചര്യങ്ങളിലുള്ള മാറ്റവും യുഡിഎഫിന് ആശ്വാസം നല്‍കുന്നതോടൊപ്പം പ്രചാരണത്തില്‍ വജ്രായുധങ്ങളും ആകുന്നു. യുഡിഎഫിന്റെ സീറ്റ് വിഭജനം വിവാദങ്ങള്‍ക്ക് വഴിവെച്ചതും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ താമസം നേരിട്ടതും ഇടതുപക്ഷത്തിന് മുതലാക്കാന്‍ സാധിച്ചു. എന്നാല്‍ പോരാഴ്മ പരിഹരിച്ച് മുന്നേറാന്‍ ഡീനും സാധിക്കുന്നുണ്ടെന്നതാണ് പ്രചാരണത്തില്‍ വ്യക്തമാകുന്നത്. മാത്രവുമല്ല കഴിഞ്ഞ തവണ അപ്രതീക്ഷിത പരാജയം നേരിട്ടെങ്കിലും മണ്ഡലത്തില്‍ യുഡിഎഫിന് ശക്തമായ അടിത്തറയാണുള്ളത്. ഒപ്പം പി.ജെ ജോസഫിന്റെ പിന്തുണ യുഡിഎഫിന് കൂടുതല്‍ അനുകൂല സാഹചര്യമാകും. മാത്രവുമല്ല ഡീന്‍ പാര്‍ട്ടി സംഘാടനത്തിലും പൊതുസമൂഹത്തിനിടയിലും പ്രവര്‍ത്തന മികവില്‍ വന്‍ മുന്നേറ്റമാണ് ഇക്കാലയളവില്‍ നടത്തിയത്.

എന്താവും ഇത്തവണ ഇടുക്കിയിലെ വോട്ടര്‍മാര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയം?.

1. അഡ്വ. ജോയ്‌സ് ജോര്‍ജ്ജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍:

സാമൂഹ്യ പ്രശ്നങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷ കാലത്തില്‍ സജീവമായി ഇടപെടാനായി. കഴിഞ്ഞ വര്‍ഷം വിജയത്തില്‍ നിര്‍ണായകമായ കസ്തൂരിരംഗന്‍ പ്രശ്‌നം നിരവധി തവണ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇടുക്കിയിലെ കര്‍ഷകരുടെ എക്കാലത്തെയും പ്രധാനപ്പെട്ട ആവശ്യമായ ഉപാധി രഹിത പട്ടയം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞു. കര്‍ഷകര്‍ നട്ടുവളര്‍ത്തുന്ന മരങ്ങള്‍ മുറിക്കുന്നതിനുള്ള അനുമതി, പട്ടയത്തിന് നിശ്ചയിച്ചിരുന്ന ഒരു ലക്ഷം രൂപയെന്ന വരുമാന പരിധി എടുത്തു കളഞ്ഞു. ഒരേക്കര്‍ ഭൂമി മാത്രമേ പട്ടയം നല്‍കാനാവൂ എന്ന വ്യവസ്ഥ മാറ്റി 4 ഏക്കര്‍ കൃഷിഭൂമി വരെ പട്ടയം നല്‍കാമെന്ന നിയമം കൊണ്ടുവരാനായി. പത്തുചെയിന്‍ മേഖല ഉള്‍പ്പടെ പദ്ധതി പ്രദേശങ്ങളില്‍ പട്ടയം നല്‍കാനായി. ആദിവാസികള്‍ക്ക് പട്ടയം കൊടുക്കാനായി. എന്നിവ നേട്ടങ്ങളായി എം.പി. അവകാശപ്പെടുന്നു.

എന്‍വിഷന്‍ഡ് യൂത്ത് ഫോര്‍ എന്റിച്ച്ഡ് സൊസൈറ്റി (ഐവൈഇഎസ്) എന്ന വിദ്യാഭ്യാസ പദ്ധതിക്ക് രൂപം നല്‍കി. 4750 കോടിയുടെ വികസന പ്രവര്‍ത്തങ്ങളാണ് മണ്ഡലത്തിലെത്തിച്ചതെന്നും 2200 കോടി ചെലവ് വരുന്ന ശബരിമല- പളനി തീര്‍ത്ഥാടന ഹൈവേയ്ക്ക് കേന്ദ്രാനുമതി നേടിയെടുക്കാനായെന്നും എം.പി അവകാശപ്പെട്ടു.

ദേശീയപാത വികസന രംഗത്ത് അടിമാലി-കുമളി എന്‍എച്ച് 185 എന്ന പുതിയ പദ്ധതിയില്‍ 164 കോടി രൂപ അനുവദിപ്പിച്ച് മൂന്നാര്‍- പൂപ്പാറ- ബോഡിമെട്ട് പാത 381 കോടിയുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. സ്വദേശിത്തി ദര്‍ശന്‍ ടൂറിസം പദ്ധതിയില്‍ 99 കോടി അനുവദിപ്പിച്ച് വാഗമണ്‍ ഉള്‍പ്പടെ പദ്ധതി പൂര്‍ത്തിയാക്കാനായി. മണ്ഡലത്തിന് സ്വന്തമായി പാസ്പോര്‍ട്ട് ഓഫീസും എന്‍എസ്സി ബറ്റാലിയനും മണ്ഡലത്തില്‍ അഞ്ച് ഇഎസ്‌ഐ ഡിസ്പെന്‍സറികളും കൊണ്ടുവരാനായതായും എം.പി. അറിയിച്ചു. പിഎംജിഎസ് വൈയില്‍ 222 കോടിയുടെ 65 ഗ്രാമീണ റോഡുകള്‍ നിര്‍മ്മിച്ചു. 9 സിആര്‍എഫ് റോഡുകള്‍ക്ക് 154 കോടി അനുവദിപ്പിച്ചു. ചെറുതോണി ഉള്‍പ്പെടെ 8 പാലങ്ങള്‍ക്കായി 70 കോടി രൂപയും അനുവദിപ്പിക്കാനായതായും ജോയ്‌സ് ജോര്‍ജ്ജ് അവകാശപ്പെട്ടു.

2. കസ്തൂരിരംഗന്‍ വിഷയം:

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായ കസ്തൂരിരംഗന്‍ വിഷയമാണ് ഇത്തവണ യുഡിഎഫിന്റെ പ്രധാന പ്രചാരണ ആയുധം. റിപ്പോര്‍ട്ടിലെ നിയമ ഭേദഗതി ഉമ്മന്‍ചാണ്ടിയുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടാനാണ് യുഡിഎഫിന്റെ നീക്കം. കഴിഞ്ഞ പ്രാവശ്യം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനായി വാദിച്ച പി.ടി തോമസിന് പകരം ഡീന്‍ കുര്യാക്കോസിനെ സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും യുഡിഎഫിന് തോല്‍വി ഒഴിവാക്കാനായില്ല. അതേസമയം പാര്‍ലമെന്റിലെ തന്റെ നിരന്തര ഇടപെടലിന്റെ ഫലമാണ് ഭേദഗതിയെന്നാണ് ജോയ്‌സ് ജോര്‍ജിന്റെ മറുപടി. കസ്തൂരിരംഗന്‍ വിഷയത്തിലെ മലയോരമേഖലയുടെ രോഷമാണ് ഉറച്ച കോട്ടയായ ഇടുക്കിയില്‍ യുഡിഎഫിനെ കഴിഞ്ഞ തവണ അടിതെറ്റിച്ചത്.

3. പ്രളയാനന്തര പ്രശ്‌നങ്ങള്‍:

കഴിഞ്ഞ വര്‍ഷത്തെ കാലവര്‍ഷത്തിനിടയില്‍ ഇടുക്കി ജില്ലയില്‍ മാത്രമുണ്ടായത് 278 ഉരുള്‍പൊട്ടലുകളും 2000-ത്തോളം മണ്ണിടിച്ചിലുകളും ആണെന്നാണ് കണക്ക്. 46 പേരാണ് കാലവര്‍ഷക്കെടുതിയില്‍പ്പെട്ട് ജില്ലയില്‍ മരിച്ചത്. 1200-ഓളം വീടുകള്‍ പൂര്‍ണമായി തകര്‍ന്നപ്പോള്‍ 2226 വീടുകള്‍ ഭാഗികമായും നശിച്ചു. ഇടുക്കിയുടെ നട്ടെല്ലായ കാര്‍ഷിക മേഖല പൂര്‍ണമായി തര്‍ന്നു. 11339.64 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. ഗ്രാമങ്ങള്‍ പൂര്‍ണമായി തകര്‍ന്നിരിക്കുന്നു. അതേസമയം പ്രളയാനന്തര ഇടുക്കിയെ സജ്ജമാക്കുന്നതിന് കൃഷി, ടൂറിസം മേഖലകളിലൂടെ ജില്ലയിലെ ഇതര മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ വന്നു.

4. കര്‍ഷക മരണം:

വായ്പ കുടിശികയിന്‍മേല്‍ സര്‍ഫാസി നിയമപ്രകാരം ബാങ്കുകള്‍ ജപ്തി നടപടികള്‍ തുടങ്ങിയതോടെ കര്‍ഷക ആത്മഹത്യകള്‍ തുടര്‍ക്കഥയായി. എട്ട് കര്‍ഷകരാണ് ഭരണത്തിന്റെ അവസാന നാളുകളില്‍ അത്മഹത്യ ചെയ്തത്. ബാങ്കിന്റെ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സംസ്ഥാന തല ബാങ്കേഴ്സിന്റെ യോഗം വിളിച്ചു ചേര്‍ത്തു. ജില്ലയിലെ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷയുമായി ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചു. എന്നാല്‍ ഇവയെല്ലാം ഫലവത്തായോന്ന് വോട്ടര്‍മാര്‍ ഈ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തും.

ഇടുക്കി ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇടുക്കി ലോക്‌സഭാ മണ്ഡലം. 2014ല്‍ പതിനാറാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടുക്കി നിയമസഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് പിന്തുണയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഡ്വ. ജോയ്‌സ് ജോര്‍ജ്ജാണ് നിലവിലെ എം.പി.

നിയമസഭാ മണ്ഡലങ്ങളിലൂടെ ഒരു എത്തിനോട്ടം:

1. മൂവാറ്റുപുഴ: കോണ്‍ഗ്രസിനൊപ്പം കൂടുതല്‍ തവണ നിന്നിട്ടുള്ള മണ്ഡലമാണ് മൂവാറ്റുപുഴ. ഇവിടെ ഇടതുപക്ഷത്തിന് പേരിനു മാത്രമാണ് വിജയം നേടാനായിട്ടുള്ളത്.

2. കോതമംഗലം: ഇവിടെയും എല്‍ഡിഎഫിന് വലിയ അവകാശവാദങ്ങളൊന്നും ഉന്നയിക്കാനില്ല. യുഡിഎഫ് മികച്ച മുന്നേറ്റം നടത്തുന്ന ഒരു മണ്ഡലമാണിത്.

3. ഉടുമ്പന്‍ചോല: ഇടതുപക്ഷം അല്‍പം സ്വാധീനം കാട്ടുന്ന മണ്ഡലങ്ങളില്‍ ഒന്നാണിത്. ആദ്യ വര്‍ഷങ്ങളില്‍ യുഡിഎഫ് ആധിപത്യം കാട്ടി പോന്നപ്പോള്‍ 2001, 2006, 2011 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി വിജയിച്ച് എല്‍ഡിഎഫ് ആധിപത്യം തിരിച്ചു പിടിച്ചു.

4. തൊടുപുഴ: എല്‍ഡിഎഫിന് ഒരിക്കലും മേല്‍ക്കോയ്മ കാണിക്കാന്‍ സാധിക്കാത്ത മണ്ഡലമാണിത്. ഇവിടെ തുടര്‍ച്ചയായി വിജയം നേടുന്നത് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസുമാണ്.

5. ഇടുക്കി: ഈ മണ്ഡലവും സമാന സ്വഭാവമാണ് കാണിക്കുന്നത്. എല്‍ഡിഎഫിന് എന്നും അന്യം നില്‍ക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും മാറി മാറി വിജയം നേടുന്ന മണ്ഡലം.

6. പീരുമേട്: ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ എല്‍ഡിഎഫിന് ആധിപത്യമുള്ള മണ്ഡലമാണ് പീരുമേട്. ഇവിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ കൂടുതലും വിജയം സിപിഐക്കൊപ്പമായിരുന്നു.

അതേസമയം 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ കൂടുതല്‍ മണ്ഡലങ്ങളും എല്‍ഡിഎഫിന് അനുകൂലമാണെന്ന് വ്യക്തം. ഏഴ് മണ്ഡലങ്ങളില്‍ കോതമംഗലം, ദേവികുളം, മൂവാറ്റുപുഴ, ഉടുമ്പന്‍ചോല, പൂരുമേട് എന്നീ അഞ്ച് മണ്ഡലങ്ങളിലും ഇടത്തുപക്ഷമാണ് അധികാരത്തിലുള്ളത്. തൊടുപുഴയും ഇടുക്കിയും മാത്രമാണ് കോണ്‍ഗ്രസിനോട് കൂറ് പുലര്‍ത്തിയിരിക്കുന്ന നിയമസഭാ മണ്ഡലങ്ങള്‍.

ഇടുക്കി ലോക്‌സഭ മണ്ഡലത്തിന്റെ ചരിത്രം:

എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരണം നടത്തുന്ന കാഴ്ചയാണ് ഇടുക്കി ലോക്‌സഭ മണ്ഡലത്തിനുള്ളത്. എന്നാല്‍ തുടക്കം എല്‍ഡിഎഫിനൊപ്പവും. ആദ്യമായി 1967ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി പി.കെ. വാസുദേവന്‍ നായര്‍ വിജയിച്ചു. രണ്ടാമത് നടന്ന 1971ലെ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വിജയിച്ചു. എന്നാല്‍ പിന്നീടങ്ങോട്ട് യുഡിഎഫിന്റെ കോട്ടയായി മാറുകയായിരുന്നു ഇടുക്കി മണ്ഡലം. മണ്ഡലത്തില്‍ ആകെ ആറ് പ്രാവശ്യം എല്‍ഡിഎഫ് വിജയം നേടി. 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിന്തുണയില്‍ വിജയിച്ച അഡ്വ. ജോയ്‌സ് ജോര്‍ജ്ജാണ് നിലവിലെ എം.പി. അതേസമയം ഏഴ് പ്രാവശ്യമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിജയിച്ചത്. ഈ ലോക്‌സഭ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിന് മുന്‍തൂക്കമുണ്ട്. പീരുമേട് ഒഴികെയുള്ള ആറ് നിയമസഭ മണ്ഡലങ്ങളും യുഡിഎഫിന് മേല്‍ക്കോയ്മയുള്ള മണ്ഡലങ്ങളാണ്.

2014ല്‍ എല്‍ഡിഎഫിന് അനുകൂല ഘടകമായി കസ്തൂരിരംഗന്‍ വിഷയവും കത്തോലിക്ക സഭയുടെ പിന്തുണയും ഉണ്ടായിരുന്നു. ഇന്ന് സാഹചര്യങ്ങളില്‍ വലിയ മാറ്റമുണ്ട്. കസ്തൂരിരംഗന്‍ വിഷയത്തോടൊപ്പം പ്രളയാനന്തര വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാണ്. ഒപ്പം കര്‍ഷക ആത്മഹത്യകളും വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. ഭരണത്തിലിരിക്കുമ്പോള്‍ അഴിമതി ആരോപണത്തില്‍പ്പെട്ടത് ജോയ്‌സ് ജോര്‍ജ്ജിന് മങ്ങലേല്‍പ്പിച്ചു. അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് പാര്‍ട്ടി സംഘാടനത്തിലും പൊതുസമൂഹത്തിനിടയിലും പ്രവര്‍ത്തന മികവില്‍ വന്‍ മുന്നേറ്റമാണ് ഇക്കാലയളവില്‍ നടത്തിയത്. 2014ല്‍ പരാജയപ്പെട്ടെങ്കിലും താന്‍ മണ്ഡലത്തില്‍ സ്ഥിര സാന്നിത്യമായിരുന്നെന്നും മണ്ഡലം സുപരിചിതമായിരിക്കുന്നെന്നും ആത്മവിശ്വാസത്തോടെ പറയുന്നു.

5,84,925 പുരുഷ വോട്ടര്‍മാരും 5,91,171 വനിതാ വോട്ടര്‍മാരും മൂന്ന് തേര്‍ഡ് ജെന്‍ഡര്‍ വോട്ടര്‍മാരുമടക്കം ആകെ 11,76,099 വോട്ടര്‍മാരാണ് ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലുള്ളത്.

ഇടുക്കിയെ നയിക്കാന്‍ ഇവരില്‍ ആര്?

അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് (സ്വതന്ത്രന്‍): 2014ല്‍ എല്‍ഡിഎഫ് പിന്തുണയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് കന്നി അംഗത്തില്‍ തന്നെ ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. ഇത്തവണ സമാനമായി എല്‍ഡിഎഫ് പിന്തുണയില്‍ അതേ മണ്ഡലത്തില്‍ തന്നെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.

അഡ്വ. ഡീന്‍ കുര്യാക്കോസ് (കോണ്‍ഗ്രസ്): 2014ല്‍ ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ്.

ബിജു കൃഷ്ണന്‍ (എന്‍.ഡി.എ): മുന്‍ ജില്ലാ പഞ്ചായത്ത് അംഗം.

 

You must be logged in to post a comment Login