കേരളത്തില്‍ മുഖ്യശത്രു സിപിഎം അല്ല; ബിജെപിയെന്ന് കെസി വേണുഗോപാല്‍

കോഴിക്കോട്: കേരളത്തില്‍ മുഖ്യശത്രു സിപിഎമ്മല്ല, ബിജെപിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. അതേസമയം സംസ്ഥാനത്ത് സിപിഎമ്മുമായുള്ള സഹകരണം പ്രായോഗികമല്ലെന്നും, പ്രധാനമത്സരം ഇടതുപക്ഷവുമായാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അ്ദ്ദേഹം.

രാജ്യത്ത് കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണ്. എന്നാല്‍ സിപിഎമ്മിന്റെ മുഖ്യശത്രു ബിജെപിയാണോ, കോണ്‍ഗ്രസാണോ എന്നത് സിപിഎം നേതൃത്വം വ്യക്തമാക്കണം. കേരളത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം യുഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളത്. അതിന്റെ പ്രതിഫലനമാണ് അഭിപ്രായ സര്‍വെകളില്‍ കണ്ടതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ആദായനികുതി വകുപ്പിനെയും ഏജന്‍സികളെയും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍ ജനവിധിയെ മാറ്റാന്‍ ഒരു ആദായനികുതി വകുപ്പിനും കഴിയില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

 

You must be logged in to post a comment Login