കേരളത്തില്‍ രണ്ടു ദിവസത്തിനകം കാലവര്‍ഷം ശക്തി പ്രാപിക്കും

തിരുവനന്തപുരം: ആറു ദിവസം വൈകിയാണെങ്കിലും കേരളത്തില്‍ കാലവര്‍ഷമെത്തി. ജൂണ്‍ ഒന്നിന് ആരംഭിക്കേണ്ട തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇന്നലെ ആരംഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ കേരളത്തില്‍ വ്യാപകമായും വടക്കന്‍ കേരളത്തില്‍ പലയിടത്തും ഇന്നലെ മഴ ലഭിച്ചു. അതേസമയം കാലവര്‍ഷം ശക്തി പ്രാപിക്കാന്‍ രണ്ടു ദിവസം കൂടി വേണ്ടിവരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം.

തിങ്കളാഴ്ച വരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും 7 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കും. സംസ്ഥാനത്ത് മഴ അളക്കുന്ന കേന്ദ്രങ്ങളില്‍ മിക്കവയിലും കഴിഞ്ഞ ദിവസം മഴ ലഭിച്ചു. കാറ്റിന്റെ വേഗം മണിക്കൂറില്‍ 55 കിമീ വരെ വര്‍ദ്ധിക്കുമെന്നതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പുമുണ്ട്.അതേസമയം, മഴക്കാലം ആരംഭിച്ചതോടെ കേരളത്തിലെ താപനില കുറഞ്ഞു തുടങ്ങി. ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ കൂടിയ താപനില 34 ഡിഗ്രി സെല്‍ഷ്യസാണ്. കാലവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുമെന്നതിനാല്‍, ഒരാഴ്ചക്കകം സംസ്ഥാനത്ത് നിലവിലുള്ള 45 മിനിറ്റ് ലോഡ്‌ഷെഡിംഗും പിന്‍വലിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്.

You must be logged in to post a comment Login