കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചിട്ടില്ല; പരിശോധനാ ഫലങ്ങൾ എല്ലാം നെഗറ്റീവ്

കേരളത്തിൽ ആശുപത്രിയിൽ ഉള്ളവർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡോ. ഷൗക്കത്തലി. വൈറസ് ബാധയെ നേരിടാൻ കേരളത്തിൽ സ്വീകരിച്ചിരിക്കുന്ന മുന്നൊരുക്കങ്ങൾ വിലയിരുത്താനായി എത്തിയ കേന്ദ്രസംഘാംഗമാണ് ഷൗക്കത്തലി.

പരിശോധന ഫലങ്ങൾ എല്ലാം നെഗറ്റീവാണെന്നും കേരളം സ്വീകരിച്ച മുൻകരുതൽ നടപടികൾ തൃപ്തികരമാണെന്നും സംഘം രേഖപ്പെടുത്തി. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും സംഘം അറിയിച്ചു.

‘ദൈനംദിനമായി സ്ഥിതിഗതികൾ വിലയിരുത്തുകയാണ് സംഘം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അതിനുള്ള നിർദ്ദേശം നൽകും. ചൈനയിൽ നിന്ന് എത്തുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം.’ -കേന്ദ്രസംഘം വ്യക്തമാക്കി. ഇന്ത്യയിൽ ആർക്കും ഇതുവരെ കൊറോണ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്രസംഘം കൂട്ടിച്ചേർത്തു.

ഡൽഹി ലേഡി ഹാർഡിങ് മെഡിക്കൽ കോളജിലെ ഡോക്ടർ പുഷ്‌പേന്ദ്ര കുമാർ വർമ, ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ ഡോക്ടർ രമേശ് ചന്ദ്ര മീണ, കോഴിക്കോട് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ ഡോ ഷൗക്കത്തലി, ഡോ ഹംസ കോയ, ഡോ റാഫേൽ ടെഡി എന്നിവരാണ് സംഘത്തിൽ ഉള്ളത്.

You must be logged in to post a comment Login