കേരളത്തിൽ മാവോയിസ്റ്റുകള്‍ മൈൻ ആക്രമണത്തിന് പദ്ധതിയിട്ടു; ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ്

പാലക്കാട്: മഞ്ചിക്കണ്ടി ഊരിനു സമീപമുള്ള കാട്ടിൽ തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ മാവോയിസ്റ്റുകള്‍ കേരളത്തിൽ മൈൻ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പോലീസ്. ആക്രമണത്തിനായി മൈൻ സജ്ജീകരിക്കുന്നത് എങ്ങനെയെന്ന് ഇവര്‍ പരിശീലിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മഞ്ചിക്കണ്ടിയിൽ നിന്ന് കണ്ടെടുത്ത ലാപ്‍‍ടോപ്പിലാണ് ദൃശ്യങ്ങളുള്ളത്. ഈ ദൃശ്യങ്ങള്‍ ഛത്തീസ്‍ഗഡിലെ മാവോയിസ്റ്റുകളാണ് ഇവര്‍ക്ക് അയച്ചു കൊടുത്തതെന്നാണ് പോലീസ് കരുതുന്നത്.

എങ്ങനെ കൃത്യമായി മൈനുകള്‍ കുഴിച്ചിടാമെന്നും ആക്രമണം നടത്താമെന്നുമുള്ള വിവരണത്തോടു കൂടിയതാണ് ദൃശ്യങ്ങളെന്നാണ് പോലീസ് പറയുന്നത്. ഛത്തീസ്ഗഡിൽ സൈനികര്‍ സഞ്ചരിക്കുന്ന വഴിയിൽ മൈനുകള്‍ കുഴിച്ചിടുന്നതിൻ്റെ ദൃശ്യങ്ങളാണ് ഇതിലുള്ളത്. കേരളത്തിൽ ആക്രമണം നടത്താനുള്ള പദ്ധതിയുടെ ഭാഗമായി ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇവര്‍ പരിശീലനം നടത്തുകയായിരുന്നുവെന്നാണ് പോലീസിന്‍റെ നിഗമനം.

സംസ്ഥാനങ്ങളിൽ പ്രവര്‍ത്തിക്കുന്ന സായുധ മാവോയിസ്റ്റുകള്‍ക്ക് കേന്ദ്ര കമ്മിറ്റി അയച്ചു കൊടുക്കുന്ന ദൃശ്യങ്ങളാണിത് എന്നാണ് പോലീസ് പറയുന്നത്. ഇതാദ്യമായാണ് സംസ്ഥാന പോലീസിന് മാവോയിസ്റ്റുകളുടെ പക്കൽ നിന്ന് ഇത്തരത്തിലുള്ള ഒരു വീഡിയോ ലഭിക്കുന്നത്. അട്ടപ്പാടി വനമേഖലയിൽ പരിശീനം നടത്തിയിരുന്ന മാവോയിസ്റ്റുകള്‍ മൈനുകള്‍ ഉപോയഗിച്ചുള്ള ആക്രമണത്തിനും ശ്രമിച്ചിരുന്നുവെന്നും പോലീസ് പറയുന്നുണ്ട്.

അതേസമയം, അട്ടപ്പാടിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിലുള്ള മാവോയിസ്റ്റുകളെ തിരിച്ചറിയാൻ ഛത്തസ്ഗഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ അന്വേഷണ ഏജൻസികള്‍ക്ക് പോലീസ് ഈ ദൃശ്യങ്ങള്‍ കൈമാറിയെന്നാണ് വിവരം. കഴിഞ്ഞ ദിവസം മാവോയിസ്റ്റ് നേതാവായ ദീപക് തോക്ക് ഉപയോഗിച്ച് പരിശീലനം നടത്തുന്നതിന്‍റെ ദൃശ്യങ്ങളും പോലീസ് പുറത്തു വിട്ടിരുന്നു.

You must be logged in to post a comment Login