കേരളത്തെ അഗതിരഹിത സംസ്ഥാനമാക്കുമെന്ന് ധനമന്ത്രി; ഒരു ലക്ഷം ഭവനരഹിതര്‍ക്ക് വീട്


തിരുവനന്തപുരം: കേരളത്തെ അഗതിരഹിതസംസ്ഥാനമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അഗതികളെ കണ്ടെത്താന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സര്‍വേ നടത്തും. ഇതുവഴി അനര്‍ഹരെ ഒഴിവാക്കുമെന്നും ബജറ്റില്‍ മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തുക 1100 രൂപയാക്കി ഉയര്‍ത്തി. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ ഏകീകൃത പട്ടിക തയാറാക്കും. 60 കഴിഞ്ഞ ആദായനികുതി നല്‍കാത്തവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടാകും. രണ്ടുപെന്‍ഷനുകള്‍ വാങ്ങുന്നത് നിയന്ത്രിക്കും. ഒരു പെന്‍ഷന്‍ 600 രൂപ മാത്രമായിരിക്കുമെന്നും ബജറ്റില്‍ പറയുന്നു.

ബജറ്റിലെ മറ്റു പ്രഖ്യാപനങ്ങള്‍:

സര്‍ക്കസ് കലാകാരന്മാരുടെ പുനരധിവാസത്തിന് ഒരുകോടി രൂപ വകയിരുത്തി.
ജനകീയാസൂത്രണം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് 9748 കോടി രൂപ അനുവദിക്കും.
എന്‍ജിനീയര്‍മാര്‍ക്ക് പ്രാദേശിക ഭരണകൂടങ്ങള്‍ ശമ്പളം നല്‍കും.
തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ എല്ലാ ജീവനക്കാര്‍ക്കും ഒറ്റ അറ്റന്‍ഡന്‍സ് റജിസ്റ്റര്‍ നടപ്പാക്കും.

ഒരു ലക്ഷം ഭവനരഹിതര്‍ക്ക് വീടുനല്‍കും

വരുന്ന സാമ്പത്തിക വര്‍ഷം ഒരു ലക്ഷം ഭവനരഹിതര്‍ക്ക് വീടുനല്‍കുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. സമഗ്ര പാര്‍പ്പിടനിര്‍മാണപദ്ധതി നടപ്പാക്കും. അഞ്ചുവര്‍ഷത്തെ സമഗ്രപാര്‍പ്പിട പദ്ധതിക്ക് 16000 കോടി രൂപയെങ്കിലും ചെലവുവരും. സ്‌കൂള്‍ നവീകരണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും., കിഫ്ബിയില്‍ നിന്ന് 500 കോടി ഉപയോഗിക്കും. ഹയര്‍സെക്കന്‍ഡറി മേഖലയിലെ അരാജകത്വം അവസാനിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

You must be logged in to post a comment Login