കേരളത്തെ പുകഴ്ത്തി രാഷ്ട്രപതി; കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ഹൗസ്; വിവിധ രംഗങ്ങളില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക; ടെക്‌നോസിറ്റി രാജ്യത്തിന് മുതല്‍ക്കൂട്ടെന്ന് മുഖ്യമന്ത്രി;ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍; ഭൂമി നല്‍കിയവര്‍ക്കുള്ള കുടിശിക മാര്‍ച്ച് 31നകം നല്‍കും

തിരുവനന്തപുരം: കേരളത്തെ പുകഴ്ത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ഹൗസാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. പ്രകൃതി സൌന്ദര്യം കൊണ്ട് സന്പന്നമാണ് കേരളം. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ടൂറിസം രംഗങ്ങളില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും രാഷ്ട്രപതി പറഞ്ഞു.  പള്ളിപ്പുറം ടെക്‌നോസിറ്റി പദ്ധതിയിലെ ആദ്യ സർക്കാർ മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ടെക്‌നോസിറ്റി രാജ്യത്തിന് അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെക്‌നോസിറ്റി രാജ്യത്തിന് മുതല്‍ക്കൂട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. സര്‍ക്കാരിന്റെ ആദ്യ ഐടി പാര്‍ക്ക് 2019ല്‍ പൂര്‍ത്തിയാക്കും. ഭൂമി നല്‍കിയവര്‍ക്കുള്ള കുടിശ്ശിക വരുന്ന മാര്‍ച്ച് 31നകം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. പദവി ഏറ്റെടുത്തശേഷം ഇതു രണ്ടാം തവണയാണ് അദ്ദേഹം കേരളത്തിൽ വരുന്നത്. തിരുവനന്തപുരത്തു പ്രത്യേക വിമാനത്തിലെത്തിയ അദ്ദേഹത്തിന്റെ ആദ്യ പരിപാടി പള്ളിപ്പുറം ടെക്‌നോസിറ്റി ശിലാസ്ഥാപനം നിർവഹിക്കലായിരുന്നു. തുടർന്നു രാജ്ഭവനിലെത്തുന്ന രാഷ്ട്രപതി വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തും.

പിന്നീട് സംസ്ഥാന സർക്കാരിനായി തിരുവനന്തപുരം നഗരസഭ ടഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന പൗരസ്വീകരണത്തിൽ പങ്കെടുക്കും. തുടർന്ന് രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന അത്താഴവിരുന്നിൽ പങ്കെടുത്തശേഷം അവിടെ തങ്ങും.

വെള്ളിയാഴ്ച രാവിലെ 9.45നു പ്രത്യേക വിമാനത്തിൽ രാഷ്ട്രപതി കൊച്ചിയിലേക്കു തിരിക്കും. 11നു കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. 12.30നു ഡൽഹിക്കു മടങ്ങും.

You must be logged in to post a comment Login