കേരളത്തെ പുകഴ്ത്തി രാഹുൽ; സ്ഥാനാർത്ഥിത്വം ഐക്യത്തിൻ്റെ സന്ദേശം

 

കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധിയുടെ ആദ്യ പ്രസംഗത്തിൽ കേരളത്തിന് ആവോളം പ്രശംസ. ബിജെപി അധ്യക്ഷൻ അമിത് ഷാ പറയുന്നതു പോലെ അല്ലെന്നും ഏറ്റവും ഹൃദയവിശാലതയുള്ളവരും ആത്മവിശ്വാസമുള്ളവരുമാണ് കേരളത്തിലെ ജനതയെന്ന് കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. തുല്യമായ ബന്ധത്തിന്‍റെ ഉദാഹരണമാണ് കേരളം ലോകത്തോട് പറയുന്നതെന്നും ഇത് മറ്റു രാജ്യങ്ങള്‍ക്കും നാട്ടുകാര്‍ക്കും മാതൃകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പത്തനാപുരത്ത് യുഡിഎഫ് പ്രചാരണയോഗത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകള്‍.

താൻ മത്സരിക്കാനായി കേരളം തെരഞ്ഞെടുത്തത് തുല്യതയുള്ള നാടായതിനാലാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിൽ മത്സരിക്കുന്നത് രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കാനാണെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിനെതിരെ ഒരു വാക്ക് പോലും പറയാതെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം.

ബിജെപിയും ആര്‍എസ്എസും അവരുടേതല്ലാത്ത എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഗാന്ധിയൻ ആദര്‍ശങ്ങള്‍ കൊണ്ട് കോൺഗ്രസ് ആര്‍എസ്എസിനെ നേരിടുമെന്ന് രാഹുൽ പറഞ്ഞു. ഭാരതമെന്ന് പറയുന്നത് നിരവധി ആശയങ്ങളാണെന്നും ബിജെപിയും ആര്‍എസ്എസും ഇന്ന് അവരുടേതല്ലാത്ത എല്ലാ ശബ്ദങ്ങളെയും അടിച്ചമര്‍ത്തുകയാണെന്നും രാഹുൽ പറഞ്ഞു. ഒരു വ്യക്തിയും ഒരു ആശയവുമാണ് രാജ്യം ഭരിക്കേണ്ടതെന്ന് കോൺഗ്രസ് വിശ്വസിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കോൺഗ്രസ് എന്ന ആശയത്തെ തന്നെ തുടച്ചു നീക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. സംഘപരിവാറിന്‍റെ നയം അവരുടെ ആശയങ്ങളോട് യോജിക്കാത്തവരെ തകര്‍ക്കുകയാണ്. പക്ഷെ ഞങ്ങള്‍ നിങ്ങളോട് പോരാടും. നിങ്ങളെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കും. നിങ്ങള്‍ തെറ്റാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നല്‍കി. ആര്‍എസ്എസിന്‍റെ നയങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നത് അക്രമം ഉണ്ടാക്കിക്കൊണ്ടായിരിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

You must be logged in to post a comment Login